| Thursday, 4th January 2024, 10:56 am

മേക്കപ്പിട്ട ശേഷമാണ് എനിക്ക് ഡ്രൈവിങ് അറിയില്ലെന്ന് അവര്‍ മനസിലാക്കിയത്, ആ വലിയ സംവിധായകന്റെ സിനിമയില്‍ നിന്ന് ഞാന്‍ പുറത്തായി:  സുധി കോഴിക്കോട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോയ വര്‍ഷം പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍. മമ്മൂട്ടി നായകനായി വന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം ഏറെ പ്രശംസ ലഭിച്ച നടനാണ് സുധി കോഴിക്കോട്. നാടകത്തിലൂടെ അഭിനയജീവിതം ആരംഭിച്ച സുധി നിരവധി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്. എന്നാല്‍ കാതലിലെ തങ്കന്‍ എന്ന കഥാപാത്രമാണ് സുധിയെ സുപരിചിതനാക്കിയത്.

കാതലിന് മുമ്പുള്ള സിനിമാനുഭവങ്ങള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സുധി പങ്കുവെച്ചു. ‘ സമയമെടുത്ത് ഷൂട്ട് ചെയ്ത രംഗങ്ങളില്‍ ഒന്നുപോലും വരാതെ ചില സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മേയ്ക്കപ്പ് അണിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്ന് തിരിച്ചുപോയിട്ടുണ്ട്. ക്യാമറയില്‍ മുഖം പതിഞ്ഞുകിട്ടാന്‍ വേണ്ടി പെരുവിരലില്‍ ഊന്നിനിന്ന് ക്യാമറയിലേക്ക് എത്തിനോക്കിയിട്ടുണ്ട്. എന്തിനും സമയമുണ്ടല്ലോ. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ കിട്ടിയ അവസരത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭമായി. എങ്കിലും കാലം എന്നോട്  കാവ്യനീതി കാണിച്ചു.

ഒരു പ്രശസ്ത സംവിധായകന്റെ സെറ്റില്‍ മേക്കപ്പും കോസ്റ്റിയൂമും ഇട്ട് നില്‍ക്കുന്ന സമയത്താണ് എനിക്ക് ഡ്രൈവിംഗ് അറിയില്ലെന്ന് അവര്‍ മനസ്സിലാക്കിയത്. അപ്പോള്‍ തന്നെ ആ റോള്‍ ക്യാന്‍സലായി. നെഞ്ച് തകര്‍ന്നുകൊണ്ടാണ് ഞാന്‍ അവിടെനിന്ന് ഇറങ്ങിയത്. പക്ഷേ കാലം എനിക്ക് കാത്തുവെച്ചത് ഒരു ഡ്രൈവറുടെ, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടറുടെ വേഷമായിരുന്നു.

കാതലില്‍ എന്നെ ഏറ്റവും ടെന്‍ഷനടിപ്പിച്ചത് കോട്ടയം സ്ലാങ് ആയിരുന്നു. മുഴുകി അഭിനയിക്കുമ്പോള്‍ തനത് ഭാഷ കയറി വരും. ഇതെന്നെ പേടിപ്പിച്ചിരുന്നു. നേരത്തെതന്നെ സെറ്റിലെത്തുകയും കോട്ടയം ഭാഷയുമായി പരിചയിക്കുകയും ചെയ്താണ് ഇതിനെ മറികടന്നത്,’ സുധി പറഞ്ഞു.

സ്വവര്‍ഗാനുരാഗം പ്രമേയമായി വന്ന കാതലില്‍ മമ്മൂട്ടിയെപ്പോലെ ഒരു സൂപ്പര്‍താരം അഭിനയിച്ചതിനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ വന്നിരുന്നു. ചിത്രം നിരവധി ചലച്ചിത്രമേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlight: Sudhi Kozhikode sharing his experience before Kaathal

We use cookies to give you the best possible experience. Learn more