കാതൽ ദി കോർ എന്ന ചിത്രത്തിൽ പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് സുധി കോഴിക്കോട്. കാതലിന് മുൻപ് തനിക്ക് അടുത്തെത്തി നഷ്ടപെട്ട സിനിമകളെക്കുറിച്ച് പറയുകയാണ് സുധി. സിനിമകൾ ഏതൊക്കെയാണെന്ന് താൻ പറയുന്നില്ലെന്നും എന്നാൽ രണ്ട് ഹിറ്റ് സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും സുധി പറഞ്ഞു. ചില സിനിമകളിൽ പരിഗണിക്കാമെന്ന് പറഞ്ഞിട്ട് ഉൾപ്പെടുത്താതെ പോയിട്ടുണ്ടെന്ന് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സുധി പറയുന്നുണ്ട്.
‘അടുത്തെത്തിയിട്ട് നഷ്ടപ്പെട്ട നിരവധി കഥാപാത്രങ്ങളുണ്ട്. ആ സിനിമകൾ ഏതൊക്കെയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ രണ്ട് ഹിറ്റ് സിനിമകൾ, നല്ല കഥാപാത്രങ്ങൾ ആയിരുന്നു. അടുത്തുവരെയെത്തിയെങ്കിലും ആ കഥാപാത്രങ്ങൾ നഷ്ടമായി. ഒരു സിനിമ അടുത്തിടെ സംഭവിച്ചതാണ്.
ആ കഥാപാത്രത്തിലേക്ക് നമ്മൾ മതിയെന്ന് പറയുന്നു. എന്നാൽ ഒരു മാസം കാത്തിരുന്നിട്ടും വിളിയൊന്നും വരാതിരുന്ന സമയത്ത് അന്വേഷിച്ചപ്പോഴാണ് ഷൂട്ട് തുടങ്ങിയതായി അറിഞ്ഞത്.
എന്തുകൊണ്ടാണ് എന്നെ പരിഗണിക്കാതിരുന്നത് എന്ന് ഞാൻ പിന്നീട് അറിഞ്ഞു. ഞാൻ അറിയുന്ന ഒരാൾ ഉണ്ടായിരുന്നു. പുള്ളി എന്നോട് കാര്യം തുറന്നുപറഞ്ഞു. ഇന്ന കാരണം കൊണ്ടാണ്, കഥാപാത്രത്തിന്റെ ഫ്ളേവർ മാറി എന്നൊക്കെ.
ചില സിനിമകളിൽ നിന്ന് എന്തുകൊണ്ട് നമ്മളെ മാറ്റിയെന്ന് പോലും അറിയാറില്ല. ചിലപ്പോൾ അവർക്ക് അത് നേരിട്ട് വിളിച്ചുപറയാൻ ഒരു മാനസിക വിഷമമുണ്ടാകും. നിങ്ങൾ ഈ സിനിമയിലില്ല എന്ന് പറയാൻ.
ഞാൻ ഒരു സാധാരണക്കാരനാണ്. പെട്ടെന്ന് വിഷമവും സങ്കടവും നിരാശയുമൊക്കെ വരുന്ന ആൾ. ദേഷ്യവും സങ്കടവുമൊക്കെയുണ്ടാകും. ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വഭാവികമായ ഒരു വിഷമമുണ്ടല്ലോ. അത് എന്തായാലും ഉണ്ടാകുമല്ലോ. എനിക്കും ഉണ്ടായിരുന്നു.
പക്ഷേ അപ്പോഴും ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. കുറച്ചുകാലം നിരാശപ്പെട്ട് നടക്കും. പിന്നെ അത് വിടും. എങ്കിലും സിനിമയിലേക്ക് എന്നെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം അന്നും ഇന്നും ഉണ്ടായിട്ടുണ്ട്. എനിക്ക് അഭിനയിക്കണമെന്ന ഒരു പാഷൻ അത് എല്ലാ സമയത്തും ഉണ്ട്. ഒരു സിനിമ ചെയ്തു കഴിഞ്ഞാലും എനിക്ക് വെറുതെ ഇരിക്കാൻ പറ്റില്ല, ഇനിയും സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് ഞാൻ തുടർന്നും സിനിമയിലും നാടകത്തിലുമുണ്ടാകും,’ സുധി കോഴിക്കോട് പറഞ്ഞു.
സുധി കോഴിക്കോടുമായുള്ള ഡൂൾന്യൂസ് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം
Content Highlight: Sudhi Kozhikode about his lost films