Film News
മമ്മൂക്ക നോ എന്നായിരുന്നു പറഞ്ഞതെങ്കില്‍ ജിയോ വിചാരിച്ചാലും ഞാന്‍ ഈ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല: സുധി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 03, 11:04 am
Sunday, 3rd December 2023, 4:34 pm

കാതൽ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രമാണ് തങ്കന്റെത്. സിനിമയിൽ തന്റേതായ ഒരു സ്പേസ് കാതലിലൂടെ സുധിക്ക് ലഭിച്ചിട്ടുണ്ട്. കാതലിലേക്ക് തന്നെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സുധി കോഴിക്കോട്. സിനിമയിലെ ബാർ സ്വീകന്‍സ് മമ്മൂട്ടിക്ക് അയച്ച് കൊടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സുധി.

‘ഈ കഥാപാത്രം ഞാന്‍ തന്നെ ചെയ്യണമെന്നും എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുമെന്നുമുള്ള ഒരു വിശ്വാസം ജിയോയ്ക്ക് ഉണ്ടായിരുന്നു. എന്റെ ആ മുഖം മാത്രം മതിയായിരുന്നു. ബാക്കി എന്നെ കൊണ്ട് ചെയ്യിപ്പിച്ച് എടുക്കാന്‍ പറ്റുമെന്നുള്ള വിശ്വാസം ജിയോക്ക് ഉണ്ടായിരുന്നു.

അങ്ങനെയാണ് തങ്കനെ ഞാന്‍ ചെയ്യുന്നത്. ഓഡീഷന്‍ പ്രോസസൊക്കെയുണ്ടായിരുന്നു. തങ്കനെ മമ്മൂക്കയ്ക്ക് മുന്‍പില്‍ കാണിക്കുമ്പോള്‍ എന്നെ തങ്കനായി മാറ്റണമല്ലോ, അതിന് വേണ്ടി ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചിട്ടുണ്ട്. മുറിയടച്ചിട്ടിരുന്ന് ഒരുപാട് നേരം സംസാരിച്ചു. പിന്നെ രണ്ട് പുരുഷന്‍മാര്‍ ചുംബിക്കുമ്പോള്‍ എന്നൊരു ബുക്ക് എനിക്ക് റഫര്‍ ചെയ്തിരുന്നു. അത് ഞാന്‍ വായിച്ചു.

ബാര്‍ സ്വീകന്‍സിലെ ഒരു ഡയലോഗ് പോര്‍ഷന്‍ എന്നെ കൊണ്ട് ചെയ്യിപ്പിച്ച ശേഷമാണ് മമ്മൂക്കയ്ക്ക് ആ വീഡിയോ അയച്ചുകൊടുക്കുന്നത്. മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കണമെന്നും മിക്കവാറും കുഴപ്പമൊന്നും ഉണ്ടാകില്ലെന്നുമാണ് എന്നോട് പറഞ്ഞത്. നിങ്ങള്‍ വീട്ടില്‍ പോയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്നും മമ്മൂക്ക എന്താണ് പറയുന്നതെന്ന് നോക്കട്ടെയെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം ഞാന്‍ ജിയോയുടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് മനസിലാകുന്നത് ‘തങ്കന്‍…’ എന്ന് പറഞ്ഞ് ഒരു ചോദ്യചിഹ്നമിട്ട് എന്റെ വീഡിയോ ക്ലിപ്പ് മമ്മൂക്കയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നെന്നും ആ വീഡിയോ കണ്ട ശേഷം മമ്മൂക്ക ഓക്കെ എന്ന് പറഞ്ഞ് തിരിച്ച് മെസ്സേജ് അയച്ചെന്നും. മമ്മൂക്ക നോ എന്നായിരുന്നു പറഞ്ഞതെങ്കില്‍ ജിയോ വിചാരിച്ചാലും ഞാന്‍ ഈ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല.

ജിയോയോട് എനിക്ക് ഔപചാരികമായി നന്ദി പറയേണ്ടതില്ല, അങ്ങനെ ഒരു നന്ദി ആവശ്യപ്പെടുന്ന കക്ഷിയോ അതില്‍ അഭിരമിക്കുന്ന കക്ഷിയോ അല്ല അദ്ദേഹം. എന്റെ ഉള്ളില്‍ നന്ദി ഉണ്ടാകുമെന്ന് ജിയോയ്ക്ക് അറിയാം. പക്ഷേ മമ്മൂക്കയോട് എനിക്ക് നന്ദി എന്ന് തന്നെ പറയണം, അത് ഈ ലോകം കാണണം. മമ്മൂക്കയ്ക്കും ചിലപ്പോള്‍ ഈ ഔപചാരികതയുടെ ആവശ്യമുണ്ടാകില്ല, പക്ഷേ എനിക്കത് പറയണം,’ സുധി പറയുന്നു.

സുധി കോഴിക്കോടുമായുള്ള ഡൂൾന്യൂസ് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: Sudhi kozhikode about his entry in kathal the core movie