മമ്മൂട്ടി-ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ വന്നു പോയിട്ടുള്ള താരങ്ങളെല്ലാം ഗംഭീരമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു കഥാപാത്രമായിരുന്ന അലക്‌സ് അലിസ്റ്റര്‍ അവതരിപ്പിച്ച കുട്ടായി.
തങ്കന്റെ സഹോദരിയുടെ മകനായ കുട്ടായി ഏറെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു കഥാപാത്രമാണ്. ജോജി എന്ന ചിത്രത്തിലൂടെയാണ് അലക്‌സ് മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. കുട്ടായിക്കൊപ്പമുള്ള തന്റെ സീനുകളെ കുറിച്ചും കുട്ടായിമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചുമൊക്കെ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സുധി കോഴിക്കോട്.
കുട്ടായിയെ തങ്കന്‍ എങ്ങനെയാണോ സിനിമയില്‍ കൊണ്ട് നടക്കുന്നത് അതുപോലെ തന്നെയാണ് സെറ്റില്‍ താനവനെ കൊണ്ടുനടന്നതെന്നാണ് സുധി പറയുന്നത്.
തങ്കന്‍ പാപ്പിയ്ക്ക് സ്വന്തം എന്ന് പറയാന്‍ കുട്ടായിയും സഹോദരിയും മാത്രമാണ് ഉള്ളത്. ഇരുവരും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടായിയുമൊത്തുള്ള സൗഹൃദത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു സുധിയുടെ മറുപടി.
‘കുട്ടായിയെ തങ്കന്‍ എങ്ങനെയാണോ കൊണ്ട് നടക്കുന്നത് അതുപോലെ തന്നെയാണ് സെറ്റില്‍ ഞാനവനെ കൊണ്ടുനടന്നത്. സെറ്റില്‍ ഞാന്‍ എത്തിയപ്പോള്‍ തന്നെ പോള്‍സണ്‍ ഇതാ, നിങ്ങളുടെ കുട്ടായി എന്ന് പറഞ്ഞ് അവനെ എന്റെ കയ്യില്‍ ഏല്‍പ്പിച്ചുതന്നു. ജോജിയില്‍ അവന്‍ അഭിനയിച്ചിരുന്നല്ലോ. ആ സമയത്ത് തന്നെ എനിക്ക് അവനോട് ഒരു ഇഷ്ടം തോന്നിയിരുന്നു.
അന്ന് മുതലേ എനിക്ക് അറിയാം. അവനെ ഞാന്‍ കുട്ടായി എന്ന് തന്നെയാണ് വിളിച്ചത്. ഫോണില്‍ നമ്പര്‍ സേവ് ചെയ്തതും കുട്ടായി എന്നാണ്. ഇന്നലെയും അവന്‍ എന്നെ വിളിച്ചിരുന്നു. അവനെ ഒരു അഭിമുഖത്തിന് വിളിച്ചിട്ടുണ്ടെന്നും പേടിയാവുന്നു എന്നും പറഞ്ഞു, എന്തിന് പേടിക്കാനാണ് നീ നന്നായി സംസാരിക്കൂ എന്ന് ഞാന്‍ പറഞ്ഞു.
സെറ്റില്‍ അവന്റെ കാര്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. പിന്നെ ഞങ്ങള്‍ സിനിമകളെ കുറിച്ചൊക്കെ ഡിസ്‌കഷന്‍സ് നടത്തും. ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്, എടാ നീയൊക്കെയാണ് നാളത്തെ മലയാള സിനിമയിലെ താരങ്ങള്‍ എന്നും അപ്പോഴേക്ക് ഞാനൊക്കെ വൃദ്ധനായിട്ടുണ്ടാകുമെന്നും അന്ന് എന്നെയൊന്നും തഴയരുത് എന്നൊക്കെ പറഞ്ഞുവെച്ചിട്ടുണ്ട് (ചിരി),’ സുധി പറയുന്നു.
ചിത്രത്തില്‍ മമ്മൂക്കയുടെ മകളുടെ കഥാപാത്രത്തിലെത്തിയ അനഘയെ കുറിച്ചും സുധി അഭിമുഖത്തില്‍ സംസാരിച്ചു. ‘അനഘയുമായി എനിക്ക് കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ല. ഒറ്റ സീന്‍ വോട്ട് ചെയ്ത് തിരിച്ചിറങ്ങുമ്പോള്‍ കാണുന്നതാണ്. സിനിമയുടെ സ്യൂച്ച് ഓണിന്റെ സമയത്താണ് അനഘയെ ആദ്യമായി കണ്ടത്.
കഴിഞ്ഞ ദിവസം തിയേറ്റര്‍ വിസിറ്റിന്റെ സമയത്ത് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അതിനിടയ്ക്കാണ് ഞാന്‍ അനഘയെ കുറിച്ച് അറിയുന്നത്. അവള്‍ ആള് പുലിയാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. നേരത്തെ തന്നെ ഷോട്ട് ഫിലിമൊക്കെ ചെയ്ത ആളാണ്. അവരെ കുറിച്ച് അറിഞ്ഞപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നി. നന്നായി തന്നെ ആ കഥാപാത്രം അവര്‍ ചെയ്തിട്ടുണ്ട്’, സുധി പറഞ്ഞു.
സുധി കോഴിക്കോടുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം
മമ്മൂക്ക, ജിയോ, നന്ദി, തങ്കനെ വിശ്വസിച്ചേല്‍പ്പിച്ചതിന്
Content Highlight: Sudhi Kozhikkode about Kaathal and Kuttayi Character