കാതല്‍ ദി കോര്‍ എന്ന ചിത്രത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില രംഗങ്ങളെ കുറിച്ച് പറയുകയാണ് ചിത്രത്തില്‍ തങ്കന്റെ കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോട്. കാതലിലെ ഓരോ സീനും പ്രിയപ്പെട്ടതാകുമ്പോഴും തന്നെ ഉലച്ചുകളഞ്ഞ നാലഞ്ച് സീനുകളുണ്ടെന്നാണ് സുധി കോഴിക്കോട് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
‘കാതലിലെ ഓരോ സീനും എനിക്ക് പ്രിയപ്പെട്ടതാണ്. അതില്‍ തന്നെ നാലഞ്ച് സീനുകള്‍ ഭയങ്കര ടച്ചിങ് ആയിരുന്നു. ഒന്ന് മമ്മൂക്ക ആ കണ്ണാടി നോക്കുന്ന സീനാണ്. വല്ലാത്തൊരു അര്‍ത്ഥമുള്ള നോട്ടമാണല്ലോ അത്. പിന്നെ എന്നെ ഉലച്ചുകളഞ്ഞ ഒരു സീന്‍, മമ്മൂക്ക കോടതിയില്‍ നില്‍ക്കുന്ന ഒരു നില്‍പ്പുണ്ടല്ലോ ആ ബാഗും പിടിച്ച്. ആ രംഗം എന്നെ വല്ലാതെ സ്പര്‍ശിച്ചു.
കാതല്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടിരുന്നു. പ്രൊമോഷനൊക്കെ നടക്കുന്ന സമയത്ത്, രണ്ട് മൂന്ന് മാസം മുന്‍പ്. ഈ നില്‍ക്കുന്ന മമ്മൂക്കയെ കണ്ടോയെന്ന് ഞാന്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു. കഥാപാത്രത്തെ കുറിച്ചൊന്നും എനിക്കപ്പോള്‍ പറയാന്‍ സാധിക്കില്ലല്ലോ. ഈ പടത്തിലെ മമ്മൂക്കയുടെ ക്യാരക്ടറാണ് ഇത്. എന്തൊരു മാജിക്കാണ് അദ്ദേഹം കാണിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു.
തൊട്ടുമുന്‍പുള്ള സിനിമയില്‍ നമ്മള്‍ കണ്ട മമ്മൂക്കയല്ല അടുത്ത സിനിമയില്‍ ആ നില്‍പ്പില്‍ പോലും ഒരു കഥാപാത്രമുണ്ടെന്ന് ഞാന്‍ അവനോട് പറഞ്ഞു. കോടതിയിലെ മമ്മൂക്കയുടെ ആ നില്‍പ്പ് ഇപ്പോഴും എന്റെ മനസിലുണ്ട്.
പിന്നെ ചാച്ചനെ പിടിച്ച് പൊട്ടിക്കരയുന്ന രംഗം. ഞാന്‍ കരഞ്ഞുപോയ സീനാണ് അത്. സത്യത്തില്‍ എന്റെ സീന്‍ കണ്ട് എനിക്ക് കരച്ചില്‍ വന്നിട്ടില്ല. പിന്നെ ഓമനയെ കെട്ടിപ്പിടിച്ച് മാത്യു കരയുന്ന സീന്‍. ഇത്രയും സീനുകള്‍ എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്.
പിന്നെ തിയേറ്ററില്‍ സിനിമ കണ്ട ആളുകളില്‍ നിന്ന് ലഭിച്ച പ്രതികരണമാണ് എന്നെ ടച്ച് ചെയ്തത്. ചില സീനുകളില്‍ ആളുകള്‍ കയ്യടിക്കുന്നുണ്ട്. എന്റെ ചില സീനുകളില്‍ ആളുകള്‍ കയ്യടിക്കുമ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായി.
അതുപോലെ കാറില്‍ നിന്നുള്ള ലാസ്റ്റ് ഷോട്ടില്‍ കാറിന്റെ ഗ്ലാസിലൂടെയുള്ള നോട്ടമുണ്ടല്ലോ. അതിന്റെ ആഴം എനിക്ക് ജിയോ പറഞ്ഞുതന്നപ്പോള്‍ മനസിലായിരുന്നു. പക്ഷേ തിയേറ്ററില്‍ അത് ഇത്രയും ഇംപാക്ട് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. അത് അവര്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. സ്‌ക്രിപ്റ്റ് വായിച്ചാല്‍ പോലും എനിക്ക് ചിലപ്പോള്‍ അത് ഊഹിക്കാന്‍ പറ്റുമായിരുന്നില്ല,’ സുധി കോഴിക്കോട് പറഞ്ഞു.
കാതലില്‍ ഏറ്റവും ടെന്‍ഷനടിച്ച് ചെയ്ത സീനിനെ കുറിച്ചും സുധി അഭിമുഖത്തില്‍ സംസാരിച്ചു. താന്‍ ഏറ്റവും ടെന്‍ഷനോടെ ചെയ്തത് ഇന്റര്‍വെല്‍ സീനാണെന്നും ഇന്റര്‍വെല്‍ പഞ്ചാണ് അത് എന്ന് അറിയുന്നതുകൊണ്ട് കൂടിയാണ് അത്രയും ടെന്‍ഷനടിച്ചതെന്നും സുധി പറഞ്ഞു.
എന്നിലാണ് ആ ഇന്റര്‍വെല്‍ പഞ്ച് അവസാനിക്കുക എന്ന് പറഞ്ഞിരുന്നു. കാര്‍ ഓടിച്ച് പോകുന്ന സീനാണെന്നും പറഞ്ഞിരുന്നു. അതിനിടെ പക്ഷേ ചെറിയ കട്ട്സ് കാണിക്കുന്നുണ്ട്, മാത്യുവിന്റെ മകള്‍ ഡാന്‍സ് കാണുന്ന ആ കട്ട്, ലവ് യുവര്‍സെല്‍ഫ് എന്ന ബോര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്നതൊക്കെ.
തിയേറ്ററില്‍ പഞ്ച് ഉണ്ടാക്കാന്‍ പറ്റണമല്ലോ. മാത്രമല്ല ആ സീന്‍ ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്കും ഒരു ആശങ്ക ഉണ്ടായിരുന്നു. മീറ്റര്‍ കറക്ടായില്ലെങ്കിലോ, ലൗഡ് ആയിപ്പോയാലോ ഒക്കെ ഉണ്ടാവുന്ന പ്രശ്നമുണ്ടല്ലോ. കയ്യില്‍ നിന്ന് പോകാതെ നോക്കണേ എന്ന് മമ്മൂക്ക റൈറ്റേഴ്സിനടുത്ത് സ്വകാര്യമായി പറഞ്ഞിരുന്നു.
പിന്നെ എന്റെ ധൈര്യം ജിയോ ഉണ്ടല്ലോ എന്നതായിരുന്നു. പിന്നെ വേറൊരു ധൈര്യം അന്ന് മമ്മൂക്ക സെറ്റില്‍ ഇല്ല എന്നതുമായിരുന്നു. കാറോടിക്കുന്ന സീന്‍ എടുക്കുമ്പോള്‍ മമ്മൂക്ക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂക്കയെ സാറ്റിസ്ഫൈ ചെയ്യിക്കുന്ന രീതിയില്‍ തന്നെ ചെയ്യണമെന്ന് എല്ലാവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെയൊരു സ്ട്രസ് ഉണ്ടായിരുന്നു. മമ്മൂക്ക എന്നെ സംബന്ധിച്ച് ഫാക്ടര്‍ തന്നെയായിരുന്നു,’ സുധി പറഞ്ഞു.
Content Highlight: Sudhi Kozhikkode about his favourite Scene on Kaathal the core Movie