കാതലിൽ മാത്യുവിന്റെ നായകനാണ് തങ്കൻ. സുധി കോഴിക്കോടാണ് തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ തങ്കൻ പ്രത്യക്ഷപ്പെടുന്ന ഒരുപാട് സീനുകളിൽ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്.
പ്രേക്ഷകരെ കണ്ണ് നനയിച്ച ചില സീനുകൾ എടുക്കുമ്പോൾ എത്രത്തോളം ഉൾക്കൊണ്ടാണ് ചെയ്തതെന്ന ചോദ്യത്തിന് ആ രംഗമൊക്കെ എടുക്കുമ്പോൾ താൻ തങ്കനായി മാറിയിരുന്നെന്നായിരുന്നു സുധിയുടെ മറുപടി. കഥാപാത്രമായി വേഷമിടുമ്പോൾ താനറിയാതെ ആ കഥാപാത്രമായി മാറാറുണ്ടെന്ന് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സുധി പറയുന്നുണ്ട്.
‘ആ രംഗമൊക്കെ എടുക്കുമ്പോഴേക്ക് ഞാന്‍ തങ്കനായി മാറിയിട്ടുണ്ട്. കഥാപാത്രമായി വേഷമിട്ട് നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ആ കഥാപാത്രം നമ്മളില്‍ രൂപപ്പെടും. പിന്നെ നമ്മുടെ ഇമോഷന്‍സ് പ്രധാനപ്പെട്ടതാണ്. തങ്കന്റെ ഒരു ക്യാരക്ടര്‍ നോട്ട് എനിക്ക് തന്നിട്ടുണ്ടായിരുന്നു. ഇടയ്ക്കിടെ ഞാന്‍ അതെടുത്ത് നോക്കുമായിരുന്നു.
പിന്നെ ആ സിറ്റുവേഷനെ നമ്മള്‍ ഉള്‍ക്കൊള്ളുക എന്നതുള്ളതാണ്. ആ കവലയില്‍ നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്, ഈ വിഷയം നാട്ടുകാര്‍ എല്ലാവരു അറിഞ്ഞു കഴിഞ്ഞു. ഒരുപാട് പേര്‍ തങ്കനും മാത്യുവും അടുത്ത് നില്‍ക്കുമ്പോള്‍ അത് കാണുന്നുണ്ടാവും എന്നൊക്കെയുള്ള ബോധം ആ സമയത്തുണ്ടാകും. ഒരു പ്ലാനും ഇല്ലാതെ തന്നെയാണ് ചെയ്തത്.
ഇന്ന രീതിയില്‍ ചെയ്യണമെന്ന് ജിയോ പറഞ്ഞിട്ടുമില്ല. ഞാന്‍ അവിടെ നിന്ന് ഇറങ്ങി, മമ്മൂക്കയുടെ അടുത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഉണ്ടായ ഒരു റിയാക്ഷന്‍ അത് തന്നെയാണ് ആ സീനില്‍ കാണുന്നത്. പിന്നെ ഒരേയൊരു കാര്യം ചെയ്തത്, മഴയത്ത് ഓടി വണ്ടിയില്‍ കയറി വണ്ടിയെടുത്ത് തിരിച്ചുപോകുമ്പോള്‍, എന്റെയുള്ളില്‍ ആദ്യം ഉണ്ടായിരുന്നത് തിരിഞ്ഞു നോക്കുകയേ ചെയ്യരുത് എന്നായിരുന്നു.
കാരണം എല്ലാവരും ആ സമയത്ത് തങ്കനെ ശ്രദ്ധിക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ ഒരു നോട്ടം നോക്കിയാല്‍ പോലും മാത്യുവിന് അത് അപമാനകരമായിപ്പോകുമെന്ന തോന്നലായിരുന്നു എന്റെ മനസില്‍. ആ ഒരു ഇമോഷനായിരുന്നു ഞാന്‍ ഉള്ളില്‍ വെച്ചിരുന്നത്. പക്ഷേ ജിയോ എന്നോട് പറഞ്ഞത് സുധി ചേട്ടന്‍ ഒരു നോട്ടം നോക്കണമെന്നാണ്. ആ നോട്ടം എല്ലാവരുടേയും ഉള്ളിലേക്ക് കയറി,’സുധി പറഞ്ഞു.
Content Highlight: sudhi about how he did the thanghan charcter