| Sunday, 27th February 2022, 10:57 pm

മമ്മൂട്ടി മഹാഭാരതത്തിലെ ഭീഷ്മര്‍, മൈക്കിളിന്റെ റോള്‍ ഇങ്ങനെ: സുദേവ് നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വം മാര്‍ച്ച് മൂന്നിന് തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിക്ക് പുറമെ മലയാളികളുടെ പ്രിയപ്പെട്ട നിരവധി നായികാ-നായകന്‍മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മലയാളികളുടെ പ്രിയ താരം സുദേവ് നായരും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ, ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സുദേവ് നായര്‍.

ഈ സിനിമയില്‍ യുവ താരങ്ങളും സീനിയറായ ഒരുപാട് പേരുമുണ്ട്. ശരിക്കും ഭീഷ്മരെ പോലെ എല്ലാത്തെയും നിയന്ത്രിക്കുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും സുദേവ് പറഞ്ഞു. ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയില്‍ മഹാഭാരത്തിലെ പാരലല്‍സ് ഉണ്ട്. ഏതൊക്കെ കഥാപാത്രങ്ങള്‍ എന്തിനെയൊക്കെ റെപ്രസെന്റ് ചെയ്യുന്നു എന്നത് സിനിമയില്‍ വളരെ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും സുദേവ് പറഞ്ഞു

വളരെ അപ്ഡേറ്റഡായ മേയ്ക്കിങ്ങ് സ്‌റ്റൈലില്‍ ഒരുക്കിയ സിനിമയാണിത്. ജനറേഷന്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടിയുടേതെന്നും സുദേവ് നായര്‍ പറഞ്ഞു.

ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെശ്രദ്ധ നേടിയ താരമാണ് സുദേവ് നായര്‍. മൈ ലൈഫ് പാര്‍ട്ട്‌നര്‍ എന്ന ചിത്രത്തിലൂടെ മലയാളസിനിമ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ഭീഷ്മയ്ക്ക് പിന്നാലെ സി.ബി.ഐ അഞ്ചാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്.

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മ പര്‍വം തിയേറ്ററുകളിലെത്തുന്നത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെ.പി.എ.സി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

CONTENT HIGHLIGHTS:  Sudhev Nair talks about Mammootty’s character in Bhishma Parvat

We use cookies to give you the best possible experience. Learn more