മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണമെന്നാണ് എന്ന് ചിലര്‍ ഉപദേശിച്ചത്: സുദേവ് നായര്‍
Film News
മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണമെന്നാണ് എന്ന് ചിലര്‍ ഉപദേശിച്ചത്: സുദേവ് നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th April 2022, 11:38 am

2014 ല്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് സുദേവ് നായര്‍. ആദ്യസിനിമക്ക് തന്നെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച സുദേവ് പിന്നീട് നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടി.

അനാര്‍ക്കലിയും എസ്രയും സുദേവിന്റെ കരിയറിലെ വഴിത്തിരിവായി. പിന്നീട് ചെറുതായിരുന്നെങ്കിലും കായംകുളം കൊച്ചുണ്ണി, എബ്രഹാമിന്റെ സന്തതികള്‍ എന്നീ സിനിമകളിലെയൊക്കെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടു.

ഒടുവില്‍ മമ്മൂട്ടിയുടെ വില്ലനായി ഭീഷ്മ പര്‍വ്വത്തിലും എത്തിയിരിക്കുകയാണ് സുദേവ്. അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്യണമെന്നത് കുറെക്കാലമായി തന്റെ ആഗ്രഹമായിരുന്നുവെന്നും സിനിമയില്‍ നിന്ന് നല്ല അനുഭവങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സംവിധായകന്‍ അമല്‍ നീരദാണ് ഭീഷ്മയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം വിളിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കണമെന്നത് കുറെക്കാലത്തെ ആഗ്രഹമാണ്. മമ്മൂക്ക, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഭീഷ്മയില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിച്ചു,’ സുദേവ് പറഞ്ഞു.

‘എന്നെ കാണാന്‍ മലയാളിയെപ്പോലെ ഇല്ല എന്നായിരുന്നു ആദ്യം ആളുകള്‍ പറഞ്ഞത്. മീശയൊക്കെ വെച്ച് കുറച്ചുകൂടെ മലയാളി ആകണം എന്ന് ചിലര്‍ ഉപദേശിച്ചു. എന്നാല്‍, എനിക്കതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എന്റെ പേഴ്സണാലിറ്റിക്ക് അനുസരിച്ചുള്ള കഥാപാത്രം വരുമെന്നായിരുന്നു ഉള്ളില്‍. ഇപ്പോള്‍ മലയാളി ടച്ചില്ലാത്തത് നെഗറ്റീവായിട്ടല്ല, മറിച്ച് പോസിറ്റീവായിട്ടാണ് കാണുന്നത്,’ സുദേവ് കൂട്ടിച്ചേര്‍ത്തു.

19-ാം നൂറ്റാണ്ട്, കൊത്ത്, തുറമുഖം, ഖെഡ്ഡ, വഴക്ക്, മോണ്‍സ്റ്റര്‍ എന്നിവയാണ് ഉടന്‍ റിലീസാകാന്‍ പോകുന്ന സുദേവിന്റെ ചിത്രങ്ങള്‍.

Content Highlight: sudhev nair about his experiences when he comes to cinema field