മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന നടന്‍ ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചിരുന്നു. എന്നാല്‍ മിക്ക സിനിമകളിലും നായകന്റെ സുഹൃത്തായോ സഹോദരനായോ ആയിട്ടായിരുന്നു നടന്‍ അഭിനയിച്ചത്. തനിക്ക് പ്രായമാവുന്നില്ലെന്ന് തോന്നിപ്പിക്കും വിധമുള്ള കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നതെന്ന് പറയുകയാണ് സുധീഷ്.
ഒരു ഘട്ടത്തില്‍ അവസരങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയുണ്ടായെന്നും തനിക്ക് വയസായിയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത് 2018ല്‍ പുറത്തിറങ്ങിയ ടൊവിനോ തോമസ് ചിത്രമായ തീവണ്ടിയിലെ അമ്മാവന്‍ കഥാപാത്രമാണെന്നും സുധീഷ് പറയുന്നു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യഥാര്‍ത്ഥത്തില്‍ സുധീഷിന് പ്രായമാവുന്നില്ല എന്ന് തോന്നിപ്പിക്കും വിധമുള്ള കഥാപാത്രങ്ങളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. ഫിസിക്കലായി നായകന്മാരുടെ മുഖങ്ങള്‍ പോലും മാറിയിട്ടും എനിക്ക് മാത്രം മാറ്റമില്ലായിരുന്നു.
ഒരു ഘട്ടത്തില്‍ അവസരങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയുണ്ടായി. പുതിയ നായകന്മാര്‍ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പുതിയ മുഖങ്ങളുണ്ടായപ്പോള്‍ ഞാന്‍ മാത്രം നായകന്മാരുടെ സഹോദരനായി നിലയുറപ്പിച്ചു.
സത്യം പറഞ്ഞാല്‍ സുധീഷിന് വയസായിയെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തിയത് തീവണ്ടിയിലെ അമ്മാവനായ കഥാപാത്രമാണ്. എന്റെ കരിയറില്‍ ഒരു ചെയ്ഞ്ച് ഉണ്ടാക്കിയ ചിത്രവും തീവണ്ടിയാണ്. പിന്നീട് കനകം കാമിനി കലഹം, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിങ്ങനെ പല ചിത്രങ്ങളിലും വ്യത്യസ്തതയുള്ള കഥാപാത്രങ്ങള്‍ ലഭിച്ചു,’ സുധീഷ് പറയുന്നു.
Content Highlight: Sudheesh Talks About Tovino Thomas’s Theevandi Movie