| Wednesday, 21st August 2024, 7:21 pm

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ ഇനിയൊന്നും കൂട്ടിച്ചേര്‍ക്കാനോ എടുത്ത് കളയാനോയില്ല: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച സിനിമ ഈ വര്‍ഷത്തോടെ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ്, തിലകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ മണിച്ചിത്രത്താഴില്‍ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രമായിട്ടായിരുന്നു സുധീഷ് എത്തിയത്. മണിച്ചിത്രത്താഴ് ഇപ്പോള്‍ റീ റിലീസ് ചെയ്തതിന്റെ ഭാഗമായി സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സുധീഷ്.

‘മണിച്ചിത്രത്താഴ് വീണ്ടും ഇറങ്ങിയത് വലിയ ഒരു സംഭവം തന്നെയാണ്. ആ സിനിമ വീണ്ടും തിയേറ്ററില്‍ കാണാന്‍ എനിക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. അല്ലെങ്കിലും ആര്‍ക്കാണ് മണിച്ചിത്രത്താഴ് വീണ്ടും കാണാന്‍ ആഗ്രഹം തോന്നാത്തത്. മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ക്ലാസിക്കാണ് മണിച്ചിത്രത്താഴ്. അതില്‍ ഒരു സംശയവും വേണ്ട.

ആ സിനിമ ഇപ്പോള്‍ ഇറക്കുമ്പോഴും അതില്‍ ഒരു സീനും കട്ട് ചെയ്ത് മാറ്റാനില്ല. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. കാരണം പണ്ടത്തെ കാലത്തെ സിനിമ അന്നത്തെ സിറ്റുവേഷന് അനുസരിച്ച് വരുന്നതാണ്. ഓരോ സീനുകളും ഡയലോഗുകളും അത്തരത്തില്‍ ഉള്ളതാണ്.

ഇന്നത്തെ കാലത്ത് വരുമ്പോള്‍ അതൊക്കെ പഴയ ടൈപ്പാണല്ലോ എന്ന് ചിന്തിക്കാം. അതില്‍ കുറേ സാധനങ്ങള്‍ എടുത്ത് കളയാന്‍ ഉണ്ടാകും. പക്ഷെ മണിച്ചിത്രത്താഴില്‍ അങ്ങനെയുള്ള ഒന്നും എടുത്ത് കളയാനില്ല, ഒന്നും കൂട്ടിച്ചേര്‍ക്കാനുമില്ല. എപ്പോഴും ഫ്രഷായ ഒരു സിനിമയാണ് അത്.

തിയേറ്ററില്‍ വീണ്ടും വന്നത് എനിക്ക് ഏറെ സന്തോഷമുള്ള കാര്യം തന്നെയാണ്. അന്ന് തിയേറ്ററില്‍ കാണാത്ത ഒരുപാട് ആളുകളുണ്ടാകും. അവര്‍ക്ക് ഇപ്പോള്‍ കാണാനുള്ള അവസരം ലഭിക്കുകയാണ്. ടി.വിയിലോ യൂട്യൂബിലോ മാത്രം കണ്ടിട്ടുള്ള ആളുകളാകും അവര്‍. പണ്ടത്തേക്കാള്‍ നല്ല രീതിയിലുള്ള സൗണ്ട് എഫക്ടോടെയാണ് സിനിമ വീണ്ടും വന്നത്,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About Manichithrathazhu Re release

We use cookies to give you the best possible experience. Learn more