അന്ന് സംവിധായകന് മുന്നില്‍ മമ്മൂക്ക എന്നെ സപ്പോര്‍ട്ട് ചെയ്തു; ഞാന്‍ അറിഞ്ഞത് പിന്നീട്: സുധീഷ്
Entertainment
അന്ന് സംവിധായകന് മുന്നില്‍ മമ്മൂക്ക എന്നെ സപ്പോര്‍ട്ട് ചെയ്തു; ഞാന്‍ അറിഞ്ഞത് പിന്നീട്: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th August 2024, 10:05 pm

അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അനന്തരം. ഈ സിനിമയിലൂടെ ഒരു ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നടനാണ് സുധീഷ്. 1989ല്‍ മുദ്ര എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് സുധീഷ്.

‘ആദ്യ സിനിമയില്‍ തന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു. അത് അടൂര്‍ സാറിന്റെ അനന്തരം എന്ന സിനിമയായിരുന്നു. എനിക്ക് അതില്‍ അഭിനയിക്കുമ്പോള്‍ വലിയ ത്രില്ല് തോന്നിയിരുന്നു. പിന്നെ അന്ന് എനിക്ക് മമ്മൂക്ക എന്റെ അഭിനയം വളരെ ഈസിയാക്കി തന്നിരുന്നു. എന്റെ ഏട്ടനായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചിരുന്നത്.

സെറ്റില്‍ എന്റെ ഏട്ടനെ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പലരും മമ്മൂക്ക വലിയ ഗൗരവക്കാരന്‍ ആണെന്ന് പറയാറുണ്ട്. പണ്ടുമുതല്‍ക്കേ അങ്ങനെ തന്നെയാണ് പലരും പറയാറുള്ളത്. പക്ഷെ മമ്മൂക്ക എന്നോട് ഒരു ഗൗരവവും കാണിച്ചിട്ടില്ല. ഒരു ഏട്ടനെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.

അടൂര്‍ സാറിന്റെ സെറ്റായത് കൊണ്ട് എനിക്ക് ആ സമയം കുറച്ച് കൂടെ എളുപ്പമായിരുന്നു. സെറ്റില്‍ നമ്മള്‍ സാറ് പറയുന്നത് പോലെ ചെയ്ത് കൊടുത്താല്‍ മാത്രം മതിയാകും. സാറിന് ഓക്കെയാകുന്ന രീതിയില്‍ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു. ആ സിനിമയിലെ എക്‌സ്പീരിയന്‍സ് എനിക്ക് വളരെ ത്രില്ലിങ്ങായിരുന്നു. അതിന് ശേഷമാണ് എന്നെ മുദ്ര എന്ന സിനിമയിലേക്ക് സിബി സാര്‍ (സിബി മലയില്‍) വിളിക്കുന്നത്.

അതിലും നായകന്‍ മമ്മൂക്ക തന്നെയായിരുന്നു. ആ സിനിമക്ക് ശേഷം പിന്നീട് ഞാന്‍ ഒരു കാര്യമറിഞ്ഞു. അതായത് സിബി സാര്‍ ആ സിനിമയില്‍ എന്നെ ഫിക്‌സ് ചെയ്ത സമയത്ത് മമ്മൂക്കയും അതിന് സപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം എന്നും പുതിയ ആളുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിന് വേണ്ട എല്ലാ പ്രോത്സാഹനവും ശാസനയുമെല്ലാം കൊടുക്കുന്ന വലിയ നടനാണ് മമ്മൂക്ക,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About Mammootty