| Saturday, 17th August 2024, 7:18 pm

അദ്ദേഹം വരുന്നത് വരെ മലയാള സിനിമയില്‍ നായകന്മാരായത് ലാലേട്ടനും മമ്മൂക്കയും മാത്രം: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് സുധീഷ്. മലയാള സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന സുധീഷ് ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ അനന്തരമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

ഒരു സമയത്ത് മലയാള സിനിമയില്‍ നായകന്മാരായി മമ്മൂട്ടിയും മോഹന്‍ലാലും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് പറയുകയാണ് സുധീഷ്. പിന്നീട് കുറേനാളിന് ശേഷമാണ് നായകനായി ജയറാം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അനന്തരം സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവവും സുധീഷ് പങ്കുവെക്കുന്നു. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സമയത്ത് നായകന്മാരായി ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നെ കുറേ നാളിന് ശേഷമാണ് ജയറാമേട്ടന്‍ വരുന്നത്. അദ്ദേഹം വരുന്നതിന് മുമ്പ് ലാലേട്ടനും മമ്മൂക്കയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ കാണുക എന്നത് തന്നെ വലിയ ഭാഗ്യമായിട്ടാണ് നമ്മള്‍ കണ്ടിരുന്നത്.

എന്റെ ഭാഗ്യത്തിന് ആദ്യ സിനിമയില്‍ തന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. അടൂര്‍ സാറിന്റെ സിനിമയായിരുന്നു അത്. എനിക്ക് ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വലിയ ത്രില്ല് ആയിരുന്നു. മമ്മൂക്ക അന്ന് എനിക്ക് അഭിനയം വളരെ ഈസിയാക്കി തന്നിരുന്നു.

എന്റെ ഏട്ടനായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചത്. അതുകൊണ്ടാകും സെറ്റില്‍ ഏട്ടനെ പോലെ തന്നെയുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. പണ്ടുമുതല്‍ക്കേ പലരും മമ്മൂക്ക വലിയ ഗൗരവക്കാരന്‍ ആണെന്നാണ് പറയാറുള്ളത്. പക്ഷെ എന്നോട് അദ്ദേഹം ഒരു ഗൗരവവും കാണിച്ചിട്ടില്ല.

ഒരു ഏട്ടനെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. പിന്നെ അടൂര്‍ സാറിന്റെ സെറ്റായത് കൊണ്ട് കുറച്ച് കൂടെ എളുപ്പമായിരുന്നു. സാറ് പറയുന്നത് പോലെ നമ്മള്‍ ചെയ്ത് കൊടുത്താല്‍ മതിയാകും. അതായത് അദ്ദേഹത്തിന് എന്താണോ വേണ്ടത് അത് നല്‍കിയാല്‍ മതി,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About Jayaram

We use cookies to give you the best possible experience. Learn more