Entertainment
മമ്മൂക്ക ആ സെറ്റിലും ഒരു ഏട്ടനെ പോലെ; അവര് പറഞ്ഞത് പോലെ എന്നോടൊരു ഗൗരവവും കാണിച്ചില്ല: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 18, 10:34 am
Sunday, 18th August 2024, 4:04 pm

ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള നടനാണ് സുധീഷ്. മലയാള സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന സുധീഷ് ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ അനന്തരമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

സിനിമയില്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലത്തെയായിരുന്നു സുധീഷ് അവതരിപ്പിച്ചത്. അനന്തരത്തില്‍ മമ്മൂട്ടിയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് സുധീഷ്.

‘എനിക്ക് മമ്മൂക്കയുടെ കൂടെ ആദ്യ സിനിമയില്‍ തന്നെ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നു. അതും അടൂര്‍ സാറിന്റെ അനന്തരം എന്ന സിനിമയിലൂടെയായിരുന്നു ആ ഭാഗ്യം കിട്ടിയത്. അതുകൊണ്ട് തന്നെ ആ സിനിമയില്‍ എനിക്ക് വലിയ ത്രില്ല് തോന്നിയിരുന്നു.

എന്റെ ഏട്ടനായിട്ടാണ് മമ്മൂക്ക ആ സിനിമയില്‍ അഭിനയിച്ചിരുന്നത്. അദ്ദേഹം എനിക്ക് എന്റെ അഭിനയം വളരെ ഈസിയാക്കി തന്നിരുന്നു. സെറ്റിലൊക്കെ ഒരു ഏട്ടനെ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും. വലിയ ഗൗരവക്കാരനാണ് മമ്മൂക്കയെന്ന് പലരും പറയാറുള്ളത്. പക്ഷെ അദ്ദേഹം എന്നോട് ഒരു ഗൗരവവും കാണിച്ചിട്ടില്ല എന്നതാണ് സത്യം.

ഒരു ഏട്ടനെ പോലെ തന്നെയാണ് അദ്ദേഹം എന്നോട് പെരുമാറിയത്. പിന്നെ അടൂര്‍ സാറിന്റെ സെറ്റില്‍ എനിക്ക് കുറച്ച് കൂടെ എളുപ്പമായിരുന്നു. നമ്മള്‍ സെറ്റില്‍ അടൂര്‍ സാറ് പറയുന്നത് പോലെ ചെയ്താല്‍ മതി. അനന്തരത്തിലെ അനുഭവങ്ങള്‍ എനിക്ക് വളരെയേറെ ത്രില്ലിങ് ആയതായിരുന്നു,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About His First Acting Experience With Mammootty