മണിച്ചിത്രത്താഴിലെ കിണ്ടി; പടമിറങ്ങിയാല്‍ എന്റെ പേര് മാറുമെന്ന് അദ്ദേഹം അന്നേ ഉറപ്പിച്ചു പറഞ്ഞു: സുധീഷ്
Entertainment
മണിച്ചിത്രത്താഴിലെ കിണ്ടി; പടമിറങ്ങിയാല്‍ എന്റെ പേര് മാറുമെന്ന് അദ്ദേഹം അന്നേ ഉറപ്പിച്ചു പറഞ്ഞു: സുധീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th August 2024, 11:59 am

1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

മോഹന്‍ലാല്‍ നായകനായ സിനിമയില്‍ സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ്, തിലകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രമായിട്ടായിരുന്നു സുധീഷ് എത്തിയത്.

എന്നാല്‍ മണിച്ചിത്രത്താഴിന് ശേഷം അദ്ദേഹത്തെ പലരും കിണ്ടിയെന്ന് വിളിച്ചു തുടങ്ങി. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തതിന്റെ ഭാഗമായി സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മണിച്ചിത്രത്താഴിന് ശേഷം എനിക്ക് കിണ്ടിയെന്ന ഒരു പേര് വന്നു. അന്ന് ആ സിനിമയില്‍ എന്റെ കൂടെ അഭിനയിച്ച ആളുകളുടെ അത്രയും പോപ്പുലറല്ലെങ്കിലും അത്യാവശ്യം സിനിമകളിലൊക്കെ അഭിനയിച്ച് നില്‍ക്കുന്ന സമയമായിരുന്നു അത്. മുദ്ര, വേനല്‍കിനാവുകള്‍, ആധാരം, ചെപ്പടിവിദ്യ പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് നില്‍ക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ആളുകള്‍ക്കൊക്കെ എന്നെ അറിയാമായിരുന്നു. അന്ന് മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ് തൃപ്പൂണിത്തറ ഹില്‍ പാലസില്‍ വെച്ചായിരുന്നു. ഒരിക്കല്‍ മുറിയില്‍ നിന്ന് ഞാന്‍ ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. അന്ന് എന്റെ കൂടെ ഫാസില്‍ സാറും ഉണ്ടായിരുന്നു.

അവിടെ ചുറ്റും ഉണ്ടായിരുന്നു കുറച്ച് കുട്ടികള്‍ എന്നെ നോക്കി സുധീഷേട്ടാ എന്ന് വിളിച്ചു. ‘ദേ, സുധീഷ് പോകുന്നു’ എന്നൊക്കെ ചിലര്‍ പറയുന്നുണ്ടായിരുന്നു. അത് കേട്ടതും ‘ഇപ്പോള്‍ സുധീഷ് എന്നൊക്കെ വിളിക്കും. ഈ പടം റിലീസ് ആയി കഴിഞ്ഞാല്‍ സുധീഷിന്റെ പേര് മാറുമെന്ന് ഉറപ്പാണ്’ എന്ന് ഫാസില്‍ സാര്‍ പറഞ്ഞു.

എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് അപ്പോള്‍ മനസിലായിരുന്നില്ല. പേര് മാറുമെന്ന് മാത്രമേ അദ്ദേഹം പറഞ്ഞുള്ളു. കൂടുതലൊന്നും പറഞ്ഞിരുന്നില്ല. എന്നാലും സാറിന് ആ കാര്യത്തില്‍ അത്രയും കോണ്‍ഫിഡന്‍സായിരുന്നു. അതുകൊണ്ടാകണമല്ലോ സാര്‍ അങ്ങനെ പറഞ്ഞത്.

ഷൂട്ടിങ് സമയത്ത് പോലും എനിക്ക് ആ കിണ്ടിയെന്ന വാക്ക് പിന്നെ ഇങ്ങനെ മാറുമെന്ന് തോന്നിയിരുന്നില്ല. കാരണം ഒരുപാട് സ്റ്റാറുകളുള്ള ഒരു സിനിമയായത് കൊണ്ട് എന്റെ ഏരിയ വളരെ കുറച്ച് മാത്രമേ ഉണ്ടാകു എന്നാണ് ഞാന്‍ കരുതിയത്,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About Director Faasil