|

അന്ന് ഞാന്‍ നോക്കിനില്‍ക്കുന്നത് കണ്ട് അദ്ദേഹം ആ കാര്യം ചോദിച്ചു; ലാലേട്ടന് മാത്രം പറ്റുന്ന ചില ഏരിയകളുണ്ട്: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.എ. ഷാഹിദിന്റെ തിരക്കഥയില്‍ വി.എം. വിനു സംവിധാനം ചെയ്ത സിനിമയാണ് ബാലേട്ടന്‍. മോഹന്‍ലാല്‍ നായകനായ ഈ ചിത്രം 2003ലായിരുന്നു പുറത്തിറങ്ങിയത്. മോഹന്‍ലാലിന് പുറമെ ദേവയാനി, നെടുമുടി വേണു, ഹരിശ്രീ അശോകന്‍, റിയാസ് ഖാന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരും ബാലേട്ടനില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

സിനിമയില്‍ മോഹന്‍ലാലിന്റെ സഹോദരനായി എത്തിയത് നടന്‍ സുധീഷായിരുന്നു. ഇപ്പോള്‍ സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്. മോഹന്‍ലാല്‍ ഒരു എക്സ്ട്രാ ഓര്‍ഡിനറിയായ മനുഷ്യനാണെന്നാണ് അദ്ദേഹം പറയുന്നത്.

ബാലേട്ടന്‍ സിനിമയുടെ സമയത്ത് താന്‍ മോഹന്‍ലാലിനെ വെറുതെ നോക്കി നില്‍ക്കുമായിരുന്നുവെന്നും സുധീഷ് പറഞ്ഞു. ആ സമയത്ത് അദ്ദേഹം ഷോട്ടെടുക്കാന്‍ നില്‍ക്കുകയാകുമെന്നും ആക്ഷന്‍ പറയുമ്പോള്‍ പെട്ടെന്നാകും അദ്ദേഹം അഭിനയിച്ച് തുടങ്ങുകയെന്നും സുധീഷ് കൂട്ടിച്ചേര്‍ത്തു.

‘ലാലേട്ടന്‍ ഒരു എക്സ്ട്രാ ഓര്‍ഡിനറിയായ മനുഷ്യനാണ്. അദ്ദേഹത്തിന് മാത്രം പറ്റുന്ന ചില ഏരിയകളുണ്ട്. ലാലേട്ടന്‍ ടേക്കിന് മുമ്പ് വരെ ചിരിച്ചു കളിച്ച് നില്‍ക്കുകയാവും. ആക്ഷന്‍ പറയുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് അഭിനയം വരുന്നത്. അത് എവിടുന്നോ വരുന്ന കാര്യമാണ്.

‘ബാലേട്ടന്‍’ എന്ന സിനിമയുടെ സമയത്ത് ഞാന്‍ ലാലേട്ടനെ വെറുതെ നോക്കി നില്‍ക്കുമായിരുന്നു. ലാലേട്ടന്‍ അവിടെ ഷോട്ട് എടുക്കാന്‍ വേണ്ടി നില്‍ക്കുന്ന സമയമാകും അത്. ഞാന്‍ ദൂരത്ത് ഇരിക്കുകയാണെങ്കില്‍ ‘എന്താമോനേ സുഖമല്ലേ’ എന്ന് വിളിച്ച് ചോദിക്കും.

അതേസമയം ആക്ഷന്‍ പറയുമ്പോള്‍ പെട്ടെന്നാകും അദ്ദേഹം അഭിനയിച്ച് തുടങ്ങുക. ക്യാമറയുടെ മുന്നില്‍ നിന്നാണ് ഇതൊക്കെ. അതൊക്കെ കണ്ടിട്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ആര്‍ക്കും അങ്ങനെ ചെയ്യാന്‍ പറ്റുമായിരിക്കും, പക്ഷെ കറക്ട് മീറ്ററില്‍ കൊണ്ടുവരണ്ടേ. എന്തോയൊരു ശക്തി അദ്ദേഹത്തിലുണ്ടെന്ന് ഉറപ്പാണ്,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About Balettan Movie Location Experience With Mohanlal