കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ് 2018. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകപിന്തുണയോടു കൂടി മുന്നേറിക്കൊണ്ടിരിക്കുന്നു ചിത്രം. സാറാസിനു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രമാണ്. സിനിമയില്‍ സുധീഷ് അവതരിപ്പിച്ച വര്‍ഗീസ് എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ക്ലബ് എഫ്.എമ്മിനു നല്‍കിയ അഭിമുഖത്തില്‍ 2018-ന്റെ ഷൂട്ടിങ്ങ് അനുഭവം പങ്കുവക്കുകയായിരുന്നു സുധീഷ്.
ചങ്ങാടം തുഴയുന്ന സീനുകളില്‍ ടൊവിനോ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടന്നും എന്നാല്‍ വളരെ എക്സ്പീരിയന്‍സ്ഡ് ആയ ഒരാളെ പോലെയാണ് അത് ടൊവിനോ ചെയ്തതെന്നും താരം പറഞ്ഞു.
‘സിനിമയില്‍ പി.വി.സി പൈപ്പ് കൊണ്ടുണ്ടാക്കായ ചങ്ങാടം തുഴയുന്നത് എളുപ്പമുള്ള കാര്യമല്ല. സിനിമ കാണുമ്പോള്‍ മനസിലാകും, തുഴയുക എന്ന് പറയുന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യം തുഴയാന്‍ പഠിക്കണം, പിന്നീട് ബാലന്‍സ് ചെയ്യാനും. കാരണം കുറെ വളവും തിരിവുമെല്ലാം ഉണ്ടല്ലോ. അതൊക്കെ സ്വന്തമായിട്ടാണ് ടൊവിനോ ചെയ്തത്.
ആദ്യം ക്ളോസ് ഷോട്ടിലേക്ക് പോയി പിന്നീട് ഫുള്‍ വൈഡ് കാണിക്കുന്ന ഒരു ഷോട്ട് ഉണ്ട്. ടൊവി, ഒരാളെ രക്ഷപ്പെടുത്തിയിട്ട് വളവ് തിരിഞ്ഞ് വരുന്ന സിറ്റുവേഷന്‍. അത് സെക്കന്‍ഡ് ടേക്ക് എടുക്കണം എന്നുണ്ടെങ്കില്‍ തന്നെ ഒരു ദിവസം പോകും. അത്രയും വലിയ ഷോട്ട് ആണത്. ആ വളവ് പോലും കറക്ട് ആയി തുഴഞ്ഞ് തിരിക്കണം. ടൊവി അത് ഗംഭീരമായി ചെയ്തിട്ടുണ്ട്. അത്രയും എക്സ്പീരിയന്‍സ്ഡ് ആയിട്ടുള്ള നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചെയ്യുന്ന പോലെ, തുഴയുന്നതൊക്കെ ശീലിച്ച ഒരാളെ പോലെയാണ് ചെയ്തത്.
എനിക്ക് പിന്നെ പരിചയം ഉണ്ട്. ഞാനും സിനിമയില്‍ തുഴയുന്നുണ്ട്. ഞാന്‍ പിന്നെ നാട്ടിന്‍പുറത്തുകാരന്‍ ആയത് കൊണ്ട് ആ ഏരിയ ഒക്കെ അറിയാം. അപ്പോള്‍ നമ്മള്‍ അതൊക്കെ അറിയാവുന്ന ഒരാളായിട്ട് പെര്‍ഫോം ചെയ്യണം,’ സുധീഷ് പറഞ്ഞു.
ചിത്രത്തില്‍ വെള്ളം കയറിയ വീടിനകത്ത് ഷൂട്ട് ചെയ്തപ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും സുധീഷ് പറഞ്ഞു. ‘റീടേക്ക് വരുമ്പോള്‍ നമുക്ക് പോയി റെസ്റ്റ് ചെയ്യാന്‍ പറ്റില്ല. കാരണം ആ ഒരു ചെറിയ ഒരു വീടിന്റെ അകത്താണ് ഈ ഷൂട്ട് നടത്തുന്നത്. അവിടെ കുറെ വെള്ളം നിറച്ചിട്ടുണ്ടാകും. അതുകൊണ്ട് ഞങ്ങള്‍ക്ക് മാറി നില്‍ക്കാനും പറ്റില്ല. ഒരു പിടിയില്‍ പിടിച്ച് നില്‍ക്കണം. പിന്നെ ആ മോനേയും നോക്കണം, അവനു നിക്കാന്‍ പറ്റില്ല. അവന്റെ സാഹചര്യം അങ്ങനെയാണ്. കാരണം അവന്റെ കാലില്‍ കെട്ടൊക്കെ ഉണ്ടായിരുന്നു. അപ്പോള്‍ അവനേയും നമ്മള്‍ ബാലന്‍സ് ചെയ്യണം.
അവന്റെ മാതാപിതാക്കള്‍ ഒക്കെ വന്നിട്ടുണ്ടായിരുന്നു ലോക്കേഷനിലേക്ക്. പക്ഷെ അവര്‍ക്ക് എപ്പോഴും അങ്ങോട്ട് വരാന്‍ പറ്റില്ല. കാരണം ഫുള്‍ വെള്ളമായിരിക്കുമല്ലോ. അവിടെ നിന്നാല്‍ ക്യാമറ തിരിച്ചാല്‍ അവരെ കാണും അത് കൊണ്ട് അവര്‍ മകനെ വിട്ടതിനു ശേഷം മാറി നില്‍ക്കും. അപ്പോള്‍ ഞങ്ങളാണ് അവനെ നോക്കാറുള്ളത്. പിന്നെ രാത്രിയായാല്‍ ഇവന് ഉറക്കം വരുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കണം. കുറച്ചു കഴിയുമ്പോള്‍ അവര്‍ തല തോര്‍ത്തി കൊടുക്കുകയൊക്കെ ചെയ്യും ജലദോഷം വരാതിരിക്കാന്‍. ഈ ഷൂട്ട് എല്ലാവരും കൂടി സഹകരിച്ച് ചെയ്ത പരിപാടി ആയിരുന്നു,’ സുധീഷ് പറഞ്ഞു.
Content Highlight: sudheesh talks about 2018 movie and tovino thomas