മലയാള ചലച്ചിത്ര രംഗത്തെ സുപരിചിതനായ ഒരു അഭിനേതാവാണ് സുധീഷ്. നാടക രംഗത്ത് നിന്ന് അഭിനയം ആരംഭിച്ച താരം അനന്തരം എന്ന സിനിമയിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് എത്തി. മുദ്ര, വേനല്‍കിനാവുകള്‍, വല്യേട്ടന്‍, മണിച്ചിത്രത്താഴ്, തീവണ്ടി, 2018, ശേഷം മൈക്കില്‍ ഫാത്തിമ എന്നീ സിനിമകളിലൂടെ താരം ശ്രദ്ധേയനായി.
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ചന്തു എന്ന കഥാപാത്രം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. അതുപോലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുടെ പിതാവായി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരിക്കുകയാണ്.
മണിച്ചിത്രത്താഴ്, 2018 എന്നീ രണ്ടു സിനിമകളിലേക്ക് അഭിനയിക്കാന്‍ ചെന്നതിന്റെ വിശേഷങ്ങളും അതുപോലെ തന്റെ രണ്ടു കഥാപാത്രങ്ങളുടെ പ്രേക്ഷക സ്വീകാര്യതയെ കുറിച്ചും കാന്‍ ചാനല്‍ മീഡിയയോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
‘2018ല്‍ അഭിനയിച്ചത് പണ്ട് ഞാന്‍ മണിച്ചിത്രത്താഴില്‍ അഭിനയിക്കാന്‍ പോയത് പോലെയായി. കാരണം മലയാളത്തിലെ എല്ലാ താരങ്ങളും മണിച്ചിത്രത്താഴ് എന്ന സിനിമയിലുണ്ട്. ലാലേട്ടന്‍, സുരേഷേട്ടന്‍, ഗണേഷേട്ടന്‍, ഇന്നസെന്റേട്ടന്‍, തിലകന്‍ ചേട്ടന്‍, നെടുമുടി വേണു അങ്ങനെ ലെജന്ഡ്സ് മൊത്തം ഉണ്ടായിരുന്നു. നടിമാരെ പറയുമ്പോള്‍ ശോഭന ചേച്ചി, ലളിത ചേച്ചി, അങ്ങനെ ആ സിനിമയില്‍ ഇല്ലാത്തതായി ആരുമില്ല. ലെജന്ഡ്സ് മൊത്തം ഉള്ളൊരു സ്ഥലത്തേക്കായിരുന്നു ഞാന്‍ അന്ന് ഒരു കുട്ടിയായി പോയത്.
2018ന്റെ അവസ്ഥ പറയുകയാണങ്കില്‍ ഇതുപോലെ തന്നെയാണ്, സിനിമയുടെ നന്മക്കും മേന്മക്കും വേണ്ടി ജൂഡ് എല്ലാവരെയും ആ സിനിമയില്‍ പിടിച്ച് ഇട്ടിട്ടുണ്ട്. ഇപ്പോ നിലവിലുള്ള ടൊവിനോ, ചാക്കോച്ചന്‍, ആസിഫ് അലി അങ്ങനെ എല്ലാവരും ഉണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചത് എനിക്ക് കുഴപ്പമില്ലാത്ത റോളായിരിക്കും എന്നാണ്. പക്ഷേ ഇത്രയും നല്ല റോളില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വളരെയധികം സന്തോഷമായി,’ സുധീഷ് പറഞ്ഞു.
രണ്ടു സിനിമകളിലെയും കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിച്ചതിലും അതുപോലെ രണ്ടുസിനിമകളിലും ഒരുപാട് നല്ല നടന്‍മാര്‍ ഉണ്ടായിട്ടും തന്റെ കഥാപാത്രത്തെ ആളുകള്‍ ഓര്‍ത്തിരിക്കുന്നതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.
Content Highlight: Sudheesh Talks About 2018 Movie