മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞ് നിൽക്കുന്ന നടനാണ് സുധീഷ്. ബാലതാരമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് സീരിയസ് കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനാണ്.
ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള സുധീഷിന്റെ ഏറ്റവും പുതിയ ചിത്രം സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ്.
സുധീഷിന്റെ ആദ്യകാല സിനിമകളിൽ ഒന്നായിരുന്നു അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം. ചിത്രത്തിൽ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രം റിലീസ് ആവുന്നത്. തനിക്ക് അത് കാണാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അടൂർ ഗോപാലകൃഷ്ണൻ തനിക്ക് സിനിമക്ക് പോവാൻ അനുവാദം തന്നില്ലെന്നും സുധീഷ് പറഞ്ഞു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജാവിന്റെ മകൻ റലീസായ സമയമായിരുന്നു അത്. ഞാൻ കോഴിക്കോടാണല്ലോ. വേറേ സ്ഥലത്തൊക്കെ പോയിട്ട് സിനിമ കാണാൻ നമുക്ക് വലിയ താത്പര്യമായിരിക്കും.
തിരുവനന്തപുരത്തും കൊല്ലത്തുമെല്ലാം എങ്ങനെയാണ് തിയേറ്റർ, നമ്മൾ സ്ഥിരം പോവുന്ന തിയേറ്റർ അല്ലല്ലോ. അതിന്റെ ഒരു കൗതുകം. പിന്നെ മോഹൻലാലിന്റെ പടവും.
രാജാവിന്റെ മകൻ കാണാൻ നല്ല ആവേശത്തിൽ ആയിരുന്നു ഞാൻ. ഞാൻ അച്ഛനോട് പറഞ്ഞു, എനിക്ക് രാജാവിന്റെ മകൻ കാണണമെന്ന്. എന്നോട് അച്ഛൻ പറഞ്ഞു, നീ സാറിനോട് ആദ്യമൊന്ന് ചോദിക്ക്, സാർ അനുവാദം തന്നാൽ പോയി കണ്ടോയെന്ന്.
ഷൂട്ടിങ് നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ്. അങ്ങനെ അന്ന് ഞാൻ സാറിനോട് ചോദിച്ചു, സാർ വൈകുന്നേരം ഞാനൊന്ന് സിനിമയ്ക്ക് പൊയ്ക്കോട്ടേയെന്ന്. സാർ അപ്പോൾ തന്നെ വേണ്ട പോകണ്ടായെന്ന് പറഞ്ഞു,’ സുധീഷ് പറയുന്നു.
Content Highlight: Sudheesh Talk About Shooting Experience With Adoor Gopala Krishnan