| Thursday, 29th September 2016, 8:08 am

പി. ജയരാജനൊപ്പം ആര്‍.എസ്.എസിന്റെ പതിനാറടിയന്തിരച്ചോറ് ഉണ്ണും; ആര്‍.എസ്.എസ് ആയുധ പരിശീലന പുസ്തകത്തിന്റെ ചിത്രങ്ങളുമായി മുന്‍ പ്രചാരകന്‍ സുധീഷ് മിന്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആര്‍.എസ്.എസ് സംസ്ഥാനക്കമ്മിറ്റി പ്രസിദ്ധീകരിച്ച ശാരീരിക് ശിക്ഷാക്രമമെന്ന പുസ്തകമാണ് സുധീഷ് മിന്നി പോസ്റ്റ് ചെയ്തിരിക്കുന്നത്. ദണ്ഡയുദ്ധ, നിയുദ്ധ, ഗതിപ്രയോഗ് എന്നീ ആയോധന മുറകളെപറ്റി ഇതില്‍ വിവരിക്കുന്നുണ്ട്. 


കണ്ണൂര്‍: സോഷ്യല്‍മീഡിയയില്‍ ആര്‍.എസ്.എസിന്റെ ആയുധപരിശീലനത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആര്‍.എസ്.എസ് ആയുധ പരിശീലന പുസ്തകത്തിന്റെ ചിത്രങ്ങളുമായി മുന്‍ പ്രചാരകന്‍.

ആര്‍.എസ്.എസ് വിട്ട് ഇപ്പോള്‍ സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സുധീഷ് മിന്നിയാണ് ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര്‍.എസ്.എസിന്റെ പേരോട് കൂടിയ ഒരു പുസ്തകത്തിന്റെ പുറം ചട്ടയും ഉള്‍പേജുകളുമാണ് സുധീഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആര്‍.എസ്.എസ് സംസ്ഥാനക്കമ്മിറ്റി പ്രസിദ്ധീകരിച്ച ശാരീരിക് ശിക്ഷാക്രമമെന്ന പുസ്തകമാണ് സുധീഷ് മിന്നി പോസ്റ്റ് ചെയ്തിരിക്കുന്നത്. ദണ്ഡയുദ്ധ, നിയുദ്ധ, ഗതിപ്രയോഗ് എന്നീ ആയോധന മുറകളെപറ്റി ഇതില്‍ വിവരിക്കുന്നുണ്ട്.


സ്വയംസേവകരെ ക്ഷമിക്കണം നിങ്ങള്‍ക്കിത് സഹിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റിനേയും ഇല്ലാത്താക്കാന്‍ വേണ്ടിയുള്ള ഒ.ടി.സിയില്‍ പഠിപ്പിക്കുന്ന പരിശീലകന്‍മാര്‍ക്ക് വേണ്ടിയുള്ള പുസ്തകമാണിതെന്ന് സുധീഷ് മിന്നി പോസ്റ്റില്‍ വ്യക്തമാക്കുന്നു.


ആയുധപരിശീലനമേ ഇല്ലെന്ന് പറഞ്ഞവര്‍ക്കുള്ള തെളിവിതാണെന്നും സുധീഷ് പറയുന്നു. കേരളത്തില്‍ ആര്‍.എസ്.എസിന്റെ പതിനാറടിയന്തരത്തിന്റെ ചോറ് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൂടെ താനും ഉണ്ണുമെന്നും സുധീഷ് പറയുന്നുണ്ട്.


ആര്‍.എസ്.എസിന്റെ ഓരോ ശാഖോപശാഖയും വേരോടെ പിഴുതെടുക്കും. ആര്‍.എസ്.എസിന്റെ ആയുധ പരിശീലന പുസ്തകം നാടിന്റെ ഓരോ ന്യൂനപക്ഷ സമുദായങ്ങളുടെ ഇടയില്‍ പ്രദര്‍ശിപ്പിക്കുമെന്നും സുധീഷ് മിന്നി കൂട്ടിച്ചേര്‍ക്കുന്നു. താന്‍ കാവിയുടെ കാലനാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുധീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആര്‍.എസ്.എസിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന സുധീഷ് മിന്നിയും ആര്‍.എസ്.എസ് അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞ ദിവസങ്ങളിലും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴത്തെ പോസ്റ്റിനും ഭീഷണികളും കടുത്ത വിമര്‍ശനങ്ങളും കമന്റുകളായിട്ടുണ്ട്. സുധീഷ് മിന്നി ദേശീയപ്രചാരകനായിരുന്നില്ലെന്നും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.


കണ്ണൂരില്‍ സംഘപരിവാര്‍ വിട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയവരില്‍ പ്രമുഖനാണ് ഈ ആയിത്തര മമ്പറം സ്വദേശി. ഏഴാം വയസ്സില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിത്തുടങ്ങിയ സുധീഷ് മിന്നി പ്രലോഭനങ്ങളും ഭീഷണികളും കൂസാതെയാണ് ഇന്ന് സി.പി.ഐ.എം വേദികളില്‍ പ്രസംഗിക്കാനെത്തുന്നത്.

സംസ്ഥാനത്തെ ആരാധനാലയങ്ങളുടെ പരിസരത്തുള്ള ശാഖാ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിച്ചതുള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കായികപരിശീലനവും കളികളും മാത്രമാണ് ശാഖയില്‍ നടക്കുന്നതെന്നും അത് സര്‍ക്കാര്‍ നിരോധിക്കുന്നതെന്തിനെന്നും ചോദ്യം ചെയ്ത് ബി.ജെ.പി അന്ന് രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more