മലയാളി പ്രേഷകര്ക്ക് എന്നും സുപരിചിതനായ നടനാണ് സുധീഷ്. നാടക രംഗത്ത് നിന്ന് അഭിനയം ആരംഭിച്ച താരം അനന്തരം എന്ന സിനിമയിലൂടെ ബാലതാരമായി ചലച്ചിത്ര രംഗത്തേക്ക് എത്തി. മുദ്ര, വേനല്കിനാവുകള്, വല്യേട്ടന്, മണിച്ചിത്രത്താഴ്, തീവണ്ടി, 2018, ശേഷം മൈക്കില് ഫാത്തിമ എന്നീ സിനിമകളിലൂടെ താരം ശ്രദ്ധേയനായി.
സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയിലെ തന്റെ മേക്ക് ഓവറിനെ പറ്റിയും ആ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് സുധീഷ്. താന് സന്തോഷത്തോട് കൂടി എറ്റെടുത്ത കഥാപാത്രമായിരുന്നു ഇതെന്നും കുറച്ചധികം കാലത്തിന് ശേഷമാണ് തനിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്നും കാന് ചാനല് മീഡിയയോടുള്ള അഭിമുഖത്തില് പറയുകയാണ് താരം.
‘ഞാന് ആ കഥാപാത്രത്തെ പറ്റി പറഞ്ഞാല് എനിക്ക് ഒരുപാട് കാര്യങ്ങള് പറയാനുണ്ട്. കാരണം അതൊക്കെ പറയുമ്പോള് എനിക്ക് വളരെ സന്തോഷമാണ്. എനിക്ക് ഇങ്ങനെയൊരു കഥാപാത്രം കിട്ടിയിട്ട് കാലം കുറെയായി, അങ്ങനെ കാലം കുറെയായി എന്നല്ല എനിക്ക് ഇങ്ങനെയൊരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ല എന്ന് വേണം പറയാന്. പിന്നെ ഇങ്ങനെയുള്ള ചേഞ്ച് ഓവര് അലെങ്കില് മേക്ക് ഓവര് ഉള്ള കഥാപാത്രം ഈ അടുത്ത് കാലത്ത് എനിക്ക് ലഭിച്ചിട്ടില്ല.
2018 എന്ന സിനിമയില് ഞാനൊരു ഫാമിലി മാന് ആയിട്ടാണ് അഭിനയിച്ചത്, അത് ഹിറ്റാവുകയും ചെയ്തു. അതിന് ശേഷം ഒരുപാട് അങ്ങിനത്തെ വേഷങ്ങളായിരുന്നു എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. പിന്നെ നമ്മള് ഒരു ആര്ട്ടിസ്റ്റാവുമ്പോള് ഏത് വേഷമായാലും അഭിനയിക്കും, നല്ല വേഷം വേണമെന്ന് വാശിപിടിക്കാന് പറ്റില്ലല്ലോ കാരണം ജിവിച്ചു പോണ്ടേ. അങ്ങനെ ഒരു സുപ്രഭാതത്തിലാണ് രതീഷ് ബാലകൃഷ്ണ പെതുവാള് എന്നെ ഈ പടത്തിന് വേണ്ടി വിളിക്കുന്നത്,’ സുധീഷ് പറഞ്ഞു.
തനിക്ക് വളരെ ലൗഡായ കാരക്ടറും, വ്യത്യസ്തമായ മേക്ക് ഓവറും ലഭിച്ചപ്പോള് വളരെയധികം സന്തോഷമായെന്നും തനിക്ക് ഈ കാരക്ടര് നാടകക്കാരന് എന്ന നിലയില് റിലേറ്റ് ചെയ്യാന് പറ്റുന്നുണ്ടെന്നും പറയുകയാണ് താരം. ജനങ്ങള്ക്ക് ഈ സിനിമ വളരെയധികം ഇഷ്ട്ടപ്പെടും എന്ന് ഉറപ്പുണ്ടെന്നും ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും തനിക്ക് ഈ കാരക്ടര് എന്നും ബെസ്റ്റ് ആയിരിക്കുമെന്നും സുധീഷ് കൂട്ടിചേര്ത്തു.
Content Highlight: Sudheesh about his character in Sureshinteyum Sumalathayudeyum Hridayahariyaya Pranayakadha