| Tuesday, 13th June 2023, 2:12 pm

കുറച്ചുദിവസമെടുത്ത് ഷൂട്ട് ചെയ്ത സീനുകളായിരുന്നു അത്; വി.എഫ്.എക്സ് എവിടെയാണ് ഉപയോഗിച്ചതെന്ന് പോലും മനസിലായിട്ടില്ല: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയിലെ സുധീഷിന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയതാണ്. വര്‍ഗീസ് എന്ന കഥാപാത്രത്തിലേക്ക് വന്ന കഥ പറയുകയാണ് താരം. ക്ലൈമാക്‌സോടടുക്കുമ്പോള്‍ ചെയ്ത സീനുകള്‍ കുറച്ചധികം ദിവസങ്ങളെടുത്താണ് ഷൂട്ട് ചെയ്തതെന്ന് നടന്‍ പറഞ്ഞു. വെള്ളം ഉള്ളത് കൊണ്ടാണ് അത്രയും ദിവസം ഷൂട്ട് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഈ പടം ഒന്നരക്കൊല്ലം മുമ്പ് ഷൂട്ട് തുടങ്ങിയതാണ്. അതിന് ശേഷം എന്തൊക്കൊയോ കാരണങ്ങളായി ഷൂട്ട് മുടങ്ങുകയായിരുന്നു. ഒന്നരക്കൊല്ലത്തിന് ശേഷമാണ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍ ആദ്യം തുടങ്ങുന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. ഈ റോളായിരുന്നില്ലെന്ന് എനിക്ക് തോന്നുന്നു. അന്ന് കഥാ പശ്ചാത്തലത്തില്‍ ഒരു നായയുടെ കാര്യമൊക്കെ പറഞ്ഞിരുന്നു. അന്ന് അത് മുടങ്ങിപ്പോയി. ഞാനത് വിട്ടു.

പിന്നെ ഒരു ആറ് മാസം കഴിഞ്ഞ് വീണ്ടും വിളിക്കുന്നു അപ്പോഴാണ് ഈ കഥാപാത്രത്തെക്കുറിച്ച് പറയുന്നത്. അന്നത്തെ കഥാപാത്രം മാറി, ഇത് വേറൊരു സംഭവമാണ്. കഥയില്‍ കുറച്ച് മാറ്റം വരുത്തിയെന്ന് ജൂഡ് പറഞ്ഞു. സ്‌പോട്ടില്‍ പല പല കാര്യങ്ങള്‍ മാറ്റിയാണ് മുന്നോട്ട് നീങ്ങുന്നത്. ഷൂട്ടിങ് സെറ്റില്‍ പ്ലാന്‍ഡ് ആയിരിക്കും, പ്രിപ്പേര്‍ഡ് ആയിരിക്കും എന്നാലും ആ സമയത്തുള്ള ഇംപ്രവൈസേഷന്‍ കൂടി ജൂഡ് ചെയ്യുന്നുണ്ട്.

അപ്പപ്പോള്‍ തോന്നുന്ന ഐഡിയ കൂടെ പുള്ളി കൊടുക്കുന്നുണ്ട്. അങ്ങനെയാണ് ഈ കഥാപാത്രത്തിലേക്ക് വരുന്നത്. ക്ലൈമാക്‌സ് വരുന്ന ഏരിയ കുറച്ച് അധികം ദിവസം ഷൂട്ട് ചെയ്തിട്ടുണ്ട്. വെള്ളവും കാര്യങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് അങ്ങനെ ഷൂട്ട് ചെയ്തത്,’ സുധീഷ് പറഞ്ഞു.

സിനിമയില്‍ വി.എഫ്.എക്‌സ് എവിടെയാണ് ഉപയോഗിച്ചതെന്ന് മനസിലായില്ലെന്നും എല്ലാം വളരെ നാച്ചുറലാണെന്നും അദ്ദേഹം പറഞ്ഞു.

‘വി.എഫ്.എക്‌സ് ഒക്കെ ഉണ്ടെന്നാണ് പറയുന്നത്, എനിക്ക് വി.എഫ്.എക്‌സ് എവിടെയാണെന്ന് മനസിലായില്ല. ചിലപ്പോള്‍ ഫില്ലിങ്ങൊക്കെയായിരിക്കും വി.എഫ്,എക്‌സില്‍ ചെയ്തിട്ടുണ്ടാകുക. ഇതെല്ലാം മേക്കിങ്ങില്‍ ചില തെങ്ങുകള്‍, മരങ്ങള്‍ എല്ലാം ഒറിജിനല്‍ ഉണ്ടാക്കി വെച്ചതാണ്. കടപുഴകി വീണ തെങ്ങ് കൊണ്ടുവെച്ചതാണെന്ന് തോന്നും. അത്ര നാച്ചുറലാണ്.

വെള്ളം ഒരുപാട് കുടിച്ചിട്ടുണ്ട്. അങ്ങനെയുള്ള സീക്വന്‍സുകള്‍ ആ പടത്തിലുണ്ട്. നമ്മള്‍ അങ്ങനെ കുടിക്കേണ്ടി വന്നിട്ടുണ്ട്. ഷൂട്ടിങ് സമയത്ത് ഇടക്കിടക്ക് രാത്രി മഴ പെയ്തിരുന്നു. ആര്‍ട്ടിഫിഷ്യല്‍ മഴയുണ്ട്. അത് കൂടാതെ ഒറിജിനല്‍ മഴയും വരും. അപ്പോ ജൂഡിന് ഭയങ്കര സന്തോഷമാകും. അതിന്റെ ഇടയില്‍ സെന്റിമെന്റിമെന്‍സൊക്കെ വര്‍ക്ക് ഔട്ട് ചെയ്യണമെന്ന് പറയുമ്പോള്‍ നമ്മുടെ എക്‌സ്പ്രഷനും കണ്ണുമൊക്കെ കാണണ്ടേ ക്യാമറയില്‍. ടേക്ക് സമയത്ത് മാത്രമേ അവര്‍ മഴയിടുള്ളൂ, റിഹേഴ്‌സല്‍ സമയത്ത് ഇടില്ല. നമുക്ക് ബുദ്ധിമുട്ടാകേണ്ടെന്ന് വിചാരിച്ചായിരിക്കും,’ സുധീഷ് പറഞ്ഞു.

CONTENT HIGHLIGHTS: SUDHEESH ABOUT 2018 CHARACTER

Latest Stories

We use cookies to give you the best possible experience. Learn more