തിരുവനന്തപുരം: മദ്യവ്യവസായി ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്ത്.
യു.ഡി.എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആളാണ് ബിജു രമേശ്. ആ ചടങ്ങില്‍ നിന്നും ഇവര്‍ ഒഴിവാകേണ്ടതായിരുന്നു എന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട്. നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നെന്നും സുധീരന്‍ പറഞ്ഞു.
ഒരു സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഗതിയാണ് ബിജുരമേശിന്റെ ആരോപണങ്ങള്‍. ചില ഔചിത്യ മര്യാദകള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഡോ. ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.
എന്നാല്‍ മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങ് ആയിരുന്നിട്ടും ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിട്ടു നിന്നു് എന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്ത വന്നത്.
ഇതിനിടെയാണ് ബിജു രമേശ് തന്നെ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്ത കാര്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.