തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച കാര്യം തനിക്കറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഇക്കാാര്യം പരിശോധിക്കുമെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീട് നടത്തുമെന്നും സുധീരന്‍ പറഞ്ഞു. മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരിക്കലും അനുവദിക്കുകയില്ലെന്നും സുധീരന്‍ പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി അഞ്ച് പഞ്ചനക്ഷത്ര ബാറുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. സര്‍ക്കാരിന്റെ നടപടി സ്വാഭാവികമാണെന്നും ലൈസന്‍സ് അനുവദിച്ച ആറും ഫൈവ് സ്റ്റാര്‍ ബാറുകളാണെന്നും, അവയ്ക്ക് ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്റെ ഭാഗമാണെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ഇതിനെതിരെയാണ് സുധീരന്‍ രംഗത്ത് വന്നിരിക്കുന്നത്.
ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയാണ് ലൈസന്‍സ് അനുവദിച്ചതെന്നും സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പൂച്ച് പുറത്തായെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആരോപിച്ചിരുന്നു.
കോഴയില്‍ അധിഷ്ഠിതമായ മദ്യ നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ “ഘട്ടം ഘട്ടമായി ” മദ്യ നിരോധനം നടപ്പാക്കുന്നതെന്നും പിണറായി പരിഹസിച്ചു.