മാര്‍ട്ടിന് വേണ്ടി എം.കെ ദാമോദരന്‍ ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ: വി.എം സുധീരന്‍
Daily News
മാര്‍ട്ടിന് വേണ്ടി എം.കെ ദാമോദരന്‍ ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ: വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2016, 1:42 pm

sudheeran-vm

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി വീണ്ടും എം.കെ ദാമോദരന്‍ ഹാജരായതില്‍ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

ശക്തമായ എതിര്‍പ്പുകളെയും വിമര്‍ശനങ്ങളെയും അവഗണിച്ച് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി അഡ്വക്കറ്റ് എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ വീണ്ടും ഹാജരായത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് വി.എം സുധീരന്‍ ആരോപിച്ചു.

സംസ്ഥാന താല്‍പര്യത്തെക്കാളും ജനാഭിപ്രായത്തെക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത് മാര്‍ട്ടിന്റെ താല്‍പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമാണെന്നത് ഏറെ വിചിത്രമായിരിക്കുന്നു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാടുകളിലെ പൊള്ളത്തരമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ ഹാജരായത്. കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കണമെന്ന് ദാമോദരന്‍ കോടതിയില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ചത്തേയ്ക്ക് കേസ് മാറ്റി. അതേസമയം, മാര്‍ട്ടിന്റെ സ്വത്ത് കണ്ട് കെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായിരിക്കുന്നത്. നേരത്തെ മാര്‍ട്ടിന് വേണ്ടി ദാമോദരന്‍ ഹാജരായത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.