സംയുക്ത സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് സുധീരന്‍: ചെന്നിത്തല പറഞ്ഞ കാര്യം അദ്ദേഹം തന്നെ വിശദീകരിക്കട്ടെ
Daily News
സംയുക്ത സമരത്തിനില്ലെന്ന് ആവര്‍ത്തിച്ച് സുധീരന്‍: ചെന്നിത്തല പറഞ്ഞ കാര്യം അദ്ദേഹം തന്നെ വിശദീകരിക്കട്ടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st November 2016, 2:08 pm

തിരുവനന്തപുരം: സഹകരണ ബാങ്ക് പ്രതിസന്ധിയില്‍ എല്‍.ഡി.എഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച്  കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

എല്‍.ഡി.എഫുമായി ഒരുകാരണവശാലും യോജിച്ച് സമരം ചെയ്യില്ല. യു.ഡി.എഫ് യോഗത്തില്‍ തന്റെ നിലപാടുകള്‍ തള്ളിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുധീരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ കാര്യങ്ങളില്‍ അദേഹം തന്നെ വിശദീകരണം നല്‍കട്ടെ.  സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കും


സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ കണ്ട് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കുമെന്നും ഇതിന് ശേഷവും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും സുധീരന്‍ വ്യക്തമാക്കുന്നു.

യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംയുക്ത പ്രക്ഷോഭം നടത്തുമെന്ന കാര്യം വ്യക്തമാക്കിയത്. യോജിച്ചുള്ള പ്രക്ഷോഭം ആവശ്യമാണെങ്കില്‍ അതിന് യു.ഡി.എഫ് തയ്യാറാണെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

ramesh-chennithala

ഒന്നിച്ചു സമരം ചെയ്യുമോ എന്ന് വ്യക്തമാക്കാതെ യു.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ച അഞ്ചിന നിര്‍ദേശങ്ങളാണ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പാകെ അവതരിപ്പിച്ചത്.

സഹകരണ ബാങ്കുകളുടെ വിഷയത്തില്‍ നിയമസഭയില്‍ യോജിച്ച് പ്രമേയം പാസാക്കുക, കേന്ദ്രത്തെ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി അറിയിക്കാന്‍ ഒരുമിച്ച് ദല്‍ഹിക്ക് പോകുക, സഹകരണ സംഘത്തിന് അസാധുവായ നോട്ടുകള്‍ കൈമാറാനും, ഇടപാടുകള്‍ നടത്താനുമുളള അനുമതി നല്‍കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെടുക, സഹകരണ ബാങ്കുകളിലെ പ്രതിനിധികളും സഹകാരികളും യോജിച്ച് പ്രക്ഷോഭം നടത്തുക, ദല്‍ഹിയില്‍ പോയി കേന്ദ്ര സര്‍ക്കാരിനെ സര്‍വകക്ഷി സംഘം കണ്ടതിനു ശേഷവും നടപടി എടുത്തില്ലെങ്കില്‍ യുഡിഎഫ് ചേര്‍ന്ന് സമരത്തിനുളള നടപടികള്‍ ആലോചിക്കുക.ഇത്രയും കാര്യങ്ങളായിരുന്നു ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചത്.

രാജ്യത്തെ 130 കോടി ജനങ്ങളെ ക്യൂ നിര്‍ത്തിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഗ്രാമീണ മേഖല പൂര്‍ണമായും സഹകരണ മേഖലയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അതിനാല്‍ പ്രതിസന്ധി കേന്ദ്രം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സഹകരണ മേഖലയെ രക്ഷിക്കാന്‍ സംയുക്ത സമരവുമായി മുന്നോട്ടുപോകുമെന്ന് കെ.മുരളീധരനും പറഞ്ഞു.

kunjalikkutty

സഹകരണവിഷയത്തില്‍ സംയുക്ത സമരമെന്ന നിലപാടില്‍ തന്നെയായിരുന്നു മുസ്‌ലീം ലീഗും. സഹകരണ ബാങ്കുകളുടെ പ്രതിസന്ധി നേരിടാന്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒറ്റക്കെട്ടായ പ്രക്ഷോഭമാണ് ആവശ്യം. ജനങ്ങളുടെ ആവശ്യത്തില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചുനില്‍ക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.