ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളാണ് മൊണ്ടേക് സിങ്ങിന്റേത്: സുധീരന്‍
Kerala
ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളാണ് മൊണ്ടേക് സിങ്ങിന്റേത്: സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th September 2012, 1:10 pm

തിരുവനന്തപുരം: ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്റെ രൂക്ഷവിമര്‍ശനം.

ഭൂമാഫിയ ഉയര്‍ത്തുന്ന വാദങ്ങളാണ് മൊണ്ടേക് സിങ്ങിന്റേതെന്നും കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും സുധീരന്‍ പറഞ്ഞു.[]

കേരളം സ്വയം ഭക്ഷ്യസുരക്ഷ ഉണ്ടാക്കേണ്ടതില്ലെന്നും കേരളത്തില്‍ ഭൂമിക്ക് കടുത്ത ദൗര്‍ലഭ്യമുള്ളതിനാല്‍ മൂല്യവര്‍ധന ഉയര്‍ത്തുന്ന തരത്തിലുള്ള നിക്ഷേപങ്ങളാണ് വരേണ്ടതെന്നുമായിരുന്നു മൊണ്ടേക് സിങ് അലുവാലിയയുടെ അഭിപ്രായം.

ഇതിനെതിരെയാണ് സുധീരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയത്. കേരളം നേരിടുന്ന പ്രധാനപ്രശ്‌നമാണ് ഭക്ഷ്യസുരക്ഷയെന്ന് സുധീരന്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷയാണ് ഏറ്റവും പ്രധാനം. കേരളത്തിലെ നെല്‍വയലുകളുടെ വിസ്തൃതി ദിനംപ്രതി കുറഞ്ഞുവരികയാണ്. ഈ വേളയിലുള്ള അലുവാലിയയുടെ പ്രസ്താവന ഭൂമാഫിയക്ക് കരുത്ത് പകരും. അതുകൊണ്ട് പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ആറന്മുള വിമാനത്താവള പദ്ധതിക്കായി നെല്‍വയല്‍ നികത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നടപടിയേയും സുധീരന്‍ വിമര്‍ശിച്ചു.

ആറന്മുള വിമാനത്താവളത്തിനായി നെല്‍വയല്‍ നികത്തരുത്. അനുമതി നല്‍കാനുള്ള സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ ശുപാര്‍ശ ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണം. നിയമസഭാ സമിതിയുടെ കണ്ടെത്തലിന് വിരുദ്ധമാണിതെന്നും സുധീരന്‍ പറഞ്ഞു.