പാരഡി പാട്ടുകളിലൂടെ പ്രശസ്തനായ താരമാണ് സുധീര്‍ പറവൂര്‍. കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരുന്ന സമയത്ത്, ഈ വിഷയം ആസ്പദമാക്കിക്കൊണ്ട് അമൃത ചാനലിലെ ഫണ്‍സ് അപ്പോണ് എ ടൈം എന്ന പരിപാടിയില്‍ അദ്ദേഹം പാടിയ ഒരു പാട്ട് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ പാട്ട് താന്‍ കോമഡിയായിട്ടാണ് എഴുതിയത് എന്നും ഓഡിയന്‍സ് അത് സീരിയസായിട്ടാണ് എടുത്തത് എന്നും പറയുകയാണ് സുധീര്‍. മലയാളി മീഡിയ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരുന്ന, അത് സംബന്ധിച്ച വാര്‍ത്തകര്‍ നിരന്തരം വന്നുകൊണ്ടിരുന്ന ഒരു ഘട്ടത്തിലായിരുന്നു ഈ പാട്ട് തയ്യാറാക്കിയത്. അന്ന് പിഷാരടിക്കും ഹരിക്കും ആ പാട്ടിനെ കുറിച്ച് അത്ര പിടികിട്ടിയില്ല. ഞാന്‍ റോട്ടിലോട്ണ്…ഒരു പട്ടിയെന്‍ പിറകെ പായണ്…കണങ്കാല് നോക്കി പട്ടി കടിക്ക്ണ്… എന്നായിരുന്നു വരികള്‍.
ഈ പാട്ട് പുറത്തിറങ്ങിയ എപ്പിസോഡ് ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. ഞാന്‍ വളരെ കോമഡിയായിട്ടാണ് അത് പാടിയിരിക്കുന്നത്. പക്ഷെ ഓഡിയന്‍സ് അത് സീരിയസായിട്ടാണ് എടുത്തിരിക്കുന്നത്. ഓഡിയന്‍സിനെ കാണിക്കുമ്പോള്‍ അത് വ്യക്തമായി മനസിലാകും. എല്ലാവരും ഇമോഷണലായിട്ടാണ് ഇരിക്കുന്നത്. അത്രയും സീരിയസായിട്ടാണ് ഓഡിയന്‍സ് അത് എടുത്തിരിക്കുന്നത്,’ സുധീര്‍ പറഞ്ഞു.
മിമിക്രി, കോമഡി സ്‌കിറ്റ് വേദികളിലെല്ലാം വര്‍ഷങ്ങളായുള്ള വ്യക്തിയാണ് സുധീര്‍ പറവൂര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്‌ളവേഴ്‌സ് ടി.വി.യിലെ ഒരു പ്രോഗ്രാമില്‍ പാണംപള്ളത്തി മീനിനെ പിടിച്ച് പറവൂര്‍ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുന്ന സുധീറിന്റെ കോമഡി വളരെയേറെ പ്രചാരം നേടിയിരുന്നു. ഇതു കൂടാതെ മഴവില്‍ മനോരമയടക്കമുള്ള വിവിധ ചാനലുകളിലും സുധീറിന്റെ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അദ്ദേഹം ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അമൃത ടിവിയിലെയടക്കം പ്രോഗ്രാമുകള്‍ ഹിറ്റായതോട് കൂടിയാണ് അദ്ദേഹത്തിന് സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിക്കുന്നത്.
കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലെ കല്യാണച്ചെക്കനായുള്ള വേഷമായിരുന്നു അദ്ദേഹത്തിന്റേതായി ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ വേഷങ്ങളിലൊന്ന്. പിന്നീട് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത കനകം കാമിനി കലഹത്തിലെ വേഷവും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മഹാവീര്യറിലും സുധീര്‍ നിവിന്‍പോളിക്കൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്തു.
content highlights: Sudheer Paravoor on parody songs