| Friday, 14th July 2023, 4:31 pm

'അമർ അക്ബർ ആന്റണിയിൽ സാജു ചെയ്തത് എന്റെ കഥയാണ്; മിമിക്രിയിനി ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമർ അക്ബർ ആന്റണി എന്ന ചിത്രത്തിൽ സാജു നവോദയ (പാഷാണം ഷാജി) അവതരിപ്പിച്ച ആദ്യമായി സ്റ്റേജിൽ കയറുന്ന കുട്ടിയുടെ അനുഭവം എന്ന മിമിക്രി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. അത്രമാത്രം തമാശ നിറഞ്ഞ രംഗമായിഒരുന്നു അത്. എന്നാൽ ആ രംഗവുമായി ബന്ധപ്പെട്ട രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടനും മിമിക്രി ആർട്ടിസ്റ്റുമായ സുധീർ പറവൂർ.

സാജു നവോദയ സ്റ്റേജിൽ അവതരിപ്പിച്ച മിമിക്രി തന്റെ ജീവിതത്തിൽ സംഭവിച്ചതാണെതെന്ന് സുധീർ പറവൂർ പറഞ്ഞു. തനിക്ക് ഒരു സ്കൂൾ കലോത്സവത്തിൽ നിന്നും കിട്ടിയ ആശയം പള്ളിപെരുന്നാളിന്‌ അവതരിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ പ്രതീക്ഷിച്ച രീതിയിൽ അവതരിപ്പിക്കാൻ പറ്റാതിരുന്നപ്പോൾ പ്രേക്ഷകർ കൂകിവിളിച്ചെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന്‌നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ കഥയാണ് അമർ അക്ബർ ആന്റണിയിൽ സാജു ചെയ്തത്. അത് ശരിക്കും എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. ഞാൻ അതോടുകൂടി മിമിക്രി അവസാനിപ്പിച്ചതാണ്.

ഒരിക്കൽ ഞാൻ ഒരു സ്‌കൂൾ കലോത്സവം കാണാൻ എന്റെ സുഹൃത്തുക്കൾക്കൊപ്പം പോയി. അവിടെ ഒരു കുട്ടി സ്റ്റേജിൽ പരിപാടി ചെയ്യുന്നതിനിടയിൽ തല ചുറ്റി വീണു. അപ്പോൾ എല്ലാവരും ഓടിച്ചെന്നു, ഇതാണൊരു കുട്ടി ആദ്യമായി മിമിക്രി അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്നതെന്ന് ഇവൻ ചാടി എഴുന്നേറ്റിട്ട് പറഞ്ഞു. ഇതുകണ്ട ചുറ്റുമുള്ളവർ കയ്യടിച്ചു. ഗംഭീര പ്രോത്സാഹനം ആയിരുന്നു.

ഇതിനു മുൻപ് പുറത്താരും ഇത് ചെയ്തിട്ടില്ല. അതുകൊണ്ട് ഞാൻ അത് നോട്ട് ചെയ്തു. എന്റെ വല്യച്ഛന്റെ വീടിനടുത്തുള്ള ഒരു പള്ളിയിൽ പരിപാടി നടക്കുമ്പോൾ എന്നെയും കൊണ്ടുപോയി. നല്ല കഴിവുള്ള താരങ്ങളാണ് പങ്കെടുക്കുന്നത്. മിമിക്രി പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ ചെല്ലുന്നത്. വല്യച്ഛൻ എനിക്കൊരു അവസരം കൊടുക്കുമോ എന്ന് പരിപാടികൾ നടത്തുന്നവരോട് സ്റ്റേജിന്റെ പിന്നിലൂടെ ചെന്ന് ചോദിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ പാടില്ലായിരുന്നോ സമ്മാനം ഒക്കെ ലഭിക്കുന്നതല്ലേയെന്ന് അവർ ചോദിച്ചു.

അങ്ങനെ കുറെ നേരം സംസാരിച്ച് അവസരം കിട്ടി. അടുത്തതായി നാടകം തുടങ്ങാൻ പോകുന്നതുകൊണ്ട് വേദി നിറയെ ആളുകൾ ഉണ്ട്. ഞാൻ ആ കുട്ടി ചെയ്ത് കയ്യടി വാങ്ങിയ സംഭവം കാണിക്കാമെന്നുള്ള തീരുമാനത്തിലാണ് വന്നിരിക്കുന്നത്.

നാട്ടിൻപുറം ആയതുകൊണ്ട് സ്റ്റേജിന്റെ അരികുകളിൽ വരെ ആളുകൾ ആണ്. അഞ്ചുമിനിട്ടേയുള്ളൂ എന്ന് പറഞ്ഞ് ഞാൻ സ്റ്റേജിൽ കയറി. പക്ഷെ എന്റെ തലകറക്കം പാളി പോയി. അതായത് തല കറങ്ങിയതായി അവർക്ക് ഫീൽ ചെയ്തില്ല.

അഭിനയം പാളി പോയപ്പോൾ ഞാൻ തറയിൽ വീണു കിടക്കുകയാണ്. തല പൊക്കി നോക്കാതെ തന്നെ എനിക്കറിയാം ആളുകളുടെ ഇരമ്പൽ. പിന്നെ ആളുകളുടെ ഡയലോഗുകൾ മാറാൻ തുടങ്ങി. ഇറങ്ങി പോടാ എന്നൊക്കെ പറയാൻ തുടങ്ങി. ഞാൻ പതുക്കെ കണ്ണ് തുറന്ന് നോക്കിയപ്പോൾ കർട്ടൻ വലിക്കുന്നവർ വരെ പറഞ്ഞു എണീറ്റ് പോകാൻ.

എനിക്ക് എണീക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. എങ്ങനെ എണീക്കും എന്ന അവസ്ഥയിൽ ആയി പോയി. ആദ്യമായി മിമിക്രി ചെയ്യുന്ന പയ്യൻ എന്ന കാര്യം അവതരിപ്പിക്കേണ്ടേ? എങ്ങനെയോ എണീറ്റ് അത് പറയാൻ മൈക്ക് എടുത്തതും ഇറങ്ങി പോടാ എന്ന് ആരോ വിളിച്ച്പറഞ്ഞു. പിന്നെ ഞാൻ ഒരു വിധത്തിൽ ഇറങ്ങി പോയി. അവിടെ ഇരുന്ന് കരഞ്ഞു. ഇനി മിമിക്രി ചെയ്യില്ല എന്ന് തീരുമാനിച്ചു. പിന്നീട് എപ്പോഴോ ആണ് തീരുമാനം ഒക്കെ മാറ്റിയത്,’ സുധീർ പറവൂർ പറഞ്ഞു.

Content Highlights: Sudheer Paravoor on Amar Akbar Anthony and Saju Navodaya

We use cookies to give you the best possible experience. Learn more