| Tuesday, 1st August 2023, 7:52 pm

'വര്‍ഗീയവാദികള്‍ക്ക് എത്ര വേണമെങ്കിലും അവഹേളിക്കാം, ശാസ്ത്ര വികാരത്തിന് വ്രണപ്പെടാറില്ലല്ലോ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശാസ്ത്രം- മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിന് പിന്തുണയുമായി എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍. ഷംസീറിന്റെ പ്രസംഗത്തില്‍ പ്രശ്‌നം കണ്ടെത്തണമെങ്കില്‍ തനിക്കൊരു വര്‍ഗീയ മനസുവേണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

ശാസ്ത്രവികാരത്തിന് വ്രണപ്പെടുന്ന സ്വഭാവമില്ലാത്തതുകൊണ്ടും അതിന് ശ്രമിക്കുന്നവരെ ശിക്ഷിക്കാന്‍ വകുപ്പില്ലാത്തതുകൊണ്ടുമാണ് വര്‍ഗീയവാദികള്‍ ഈ നൂറ്റാണ്ടിലും സമാധാനമായി അവരവരുടെ വീട്ടില്‍ കിടന്നുറങ്ങുന്നതെന്നും സുധീര്‍ പറഞ്ഞു.

ഷംസീര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാനുമൊക്കെ വിദ്യാര്‍ത്ഥികളോട് പറയാറുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തുടര്‍ന്നും പറയേണ്ടി വരും. ശാസ്ത്രത്തെപ്പോലെ മിത്തുകള്‍ക്കും വ്രണപ്പെടുന്ന സൂക്കേടില്ലാത്തതാണെന്നും സുധീര്‍ പറഞ്ഞു.

എ.എന്‍. ഷംസീർ

‘മിത്തുകളെയും പുരാണങ്ങളെയും പിന്‍പറ്റി അന്നവും അധികാരവും നിലനിര്‍ത്തുന്നവരുടെ അസുഖം മറ്റുചിലതാണ്. അവരെയാണ്, അത്തരം
വര്‍ഗീയ മനസ്സുള്ളവരെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍
ചികിത്സയ്ക്കു വിധേയമാക്കേണ്ടത്. അവരുടെ മനോഭാവത്തിലാണ്
തിരുത്തു വരുത്തേണ്ടത്,’ സുധീര്‍ കുട്ടിച്ചേര്‍ത്തു.

എന്‍.ഇ. സുധീറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

എ.എന്‍. ഷംസീര്‍ ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വിവാദമായതെന്തുകൊണ്ടാണ് എന്ന് ആലോചിക്കുകയായിരുന്നു. പ്രസംഗം പല തവണ കേട്ടു നോക്കി. എന്നിട്ടൊന്നും എനിക്കു സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നുമില്ല. തുടര്‍ന്ന് ആരൊക്കെയാണ് അതിനെ ഏറ്റുപിടിച്ചത് എന്ന് നോക്കിയപ്പോള്‍ ഏകദേശം കാര്യം പിടികിട്ടി. അതിലൊരു പ്രശ്‌നം കണ്ടെത്തണമെങ്കില്‍ എനിക്കൊരു വര്‍ഗീയ മനസുവേണം.

തികഞ്ഞ വര്‍ഗീയവാദികള്‍ക്കു മാത്രമെ ഷംസീറിന്റെ വാക്കുകളില്‍ വിഷം ആരോപിക്കാന്‍ സാധിക്കൂ. അവര്‍ക്കു മാത്രമെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മിത്തിനെയും ശാസ്ത്രത്തെയും വേര്‍തിരിച്ചറിയാന്‍ കഴിയാതിരിക്കൂ.

ശാസ്ത്രവികാരത്തിന് വ്രണപ്പെടുന്ന സ്വഭാവമില്ലാത്തതുകൊണ്ടും അതിന് ശ്രമിക്കുന്നവരെ ശിക്ഷിക്കാന്‍ വകുപ്പില്ലാത്തതുകൊണ്ടുമാണ് ഈ വര്‍ഗീയവാദികള്‍ ഈ നൂറ്റാണ്ടിലും സമാധാനമായി അവരവരുടെ വീട്ടില്‍ കിടന്നുറങ്ങുന്നത്. അല്ലാതെ വ്രണപ്പെടാതെ അവര്‍ സംരക്ഷിക്കുന്ന ഗണപതിമാരുടെ കൃപാകടാക്ഷം കൊണ്ടല്ല. ഡാര്‍വിനെയും ന്യൂട്ടനെയും ഐന്‍സ്റ്റയിനെയും ഡോക്കിന്‍സിനെയുമൊക്കെ ആര്‍ക്കുവേണമെങ്കിലും എത്ര വേണമെങ്കിലും അവഹേളിക്കാം!
അതിനെയൊന്നും ചോദ്യം ചെയ്യാനിവിടെ ആളില്ലല്ലോ.
നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്
പിന്നോക്കം നടന്ന നാടല്ലേ!

ഷംസീര്‍ പറഞ്ഞ കാര്യങ്ങള്‍ ഞാനുമൊക്കെ വിദ്യാര്‍ത്ഥികളോട് പറയാറുണ്ട്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തുടര്‍ന്നും പറയേണ്ടി വരും. ശാസ്ത്രത്തെപ്പോലെ മിത്തുകള്‍ക്കും വ്രണപ്പെടുന്ന സൂക്കേടില്ലാത്തതാണ്. എന്നാല്‍ മിത്തുകളെയും പുരാണങ്ങളെയും പിന്‍പറ്റി അന്നവും അധികാരവും നിലനിര്‍ത്തുന്നവരുടെ അസുഖം മറ്റുചിലതാണ്. അവരെയാണ്, അത്തരം
വര്‍ഗീയ മനസ്സുള്ളവരെയാണ് യുദ്ധകാലാടിസ്ഥാനത്തില്‍
ചികിത്സയ്ക്കു വിധേയമാക്കേണ്ടത്. അവരുടെ മനോഭാവത്തിലാണ്
തിരുത്തു വരുത്തേണ്ടത്.
അല്ലാതെ യാഥാര്‍ത്ഥ്യത്തെ ഓര്‍മിപ്പിക്കുന്ന, സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഷംസീറിനെപ്പോലുള്ളവര്‍ക്കല്ല.

Content Highlight: Sudheer NE’s write up on support speaker AN Shamseer 

We use cookies to give you the best possible experience. Learn more