വാസ്തവം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തി ക്യാരക്റ്റര്‍ റോളുകളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സുധീര്‍ കരമന. സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്ന സുധീര്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ സജീവമായത്. തന്റെ സിനിമാ ജീവിതം തുടങ്ങുന്ന ഘട്ടത്തില്‍ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ കരമന.
‘ആദ്യത്തെ സിനിമയായ വാസ്തവത്തിന് വേണ്ടി ലാല്‍ മീഡിയയിലെത്തിയതായിരുന്നു ഞാന്‍. ഡബ്ബ് ചെയ്യാന്‍ പോവാനായി ഇറങ്ങി, വാതില്‍ തുറന്നപ്പോള്‍ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതാണ് കാണുന്നത്. എന്തുപറ്റിയെന്ന് ഞാന്‍ ചോദിച്ചു, മമ്മൂക്ക വരുന്നെന്നു പറഞ്ഞു. എല്ലാം പെട്ടെന്ന് സെറ്റ് ചെയ്യാനുള്ള ഓട്ടമാണ്.
ഞാന്‍ ആ ഡോര്‍ അടക്കുമ്പോഴേക്കും പടി കയറി മമ്മൂക്ക വരുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാതെ ഞാന്‍ പെട്ടുപോയി. ആ സമയം ഞാന്‍ മമ്മൂക്കയെ കണ്ടിട്ട് 10 വര്‍ഷമായിട്ടുണ്ട്. 2005ലാണ് ഈ സംഭവം നടക്കുന്നത്. 95ലൊക്കെയായിരിക്കും മമ്മൂക്കക്ക് അച്ഛനുമായി(കരമന ജനാര്‍ദ്ദനന്‍) അടുപ്പമുണ്ടായിരുന്നത്.
അടുത്ത് വന്നപ്പോള്‍ ഞാന്‍ നമസ്‌കാരം പറഞ്ഞു. ആ എന്ന് പറഞ്ഞ് പോയ മമ്മൂക്ക തിരിച്ച് വന്ന് എന്നെ നോക്കി ചോദിച്ചു, നമ്മള്‍? അദ്ദേഹത്തിന് എന്നെ മനസിലായിരുന്നു. അതാണല്ലോ അദ്ദേഹം ഇപ്പോഴും സജീവമായിനില്‍ക്കുന്നത്. ഡബ്ബ് ചെയ്യാന്‍ വന്നതാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അഭിനയിക്കുന്നോ എന്ന് ചോദിച്ചു. ഞാന്‍ അതേ, വാസ്തവം എന്ന് പറഞ്ഞ സിനിമയാണെന്ന് പറഞ്ഞു. നല്ല വേഷവാണോന്ന് തിരക്കി. നെഗറ്റീവ് ക്യാരക്റ്ററാണെന്ന് പറഞ്ഞു. മമ്മൂക്ക ഒന്ന് മൂളിയിട്ട് പോയി.
മുന്നോട്ട് പോയി വീണ്ടും തിരിഞ്ഞ് നോക്കിയിട്ട് വേറെ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു. സ്‌കൂളിലെ പ്രിന്‍സിപ്പാളാണെന്ന് പറഞ്ഞു. അപ്പോള്‍ തിരിഞ്ഞ് എനിക്ക് കൈ തന്നു. ഈ കഥ ഞാന്‍ കുട്ടികളോട് പറയാറുണ്ട്. അഭിനയിക്കുവാണെന്ന് പറഞ്ഞപ്പോഴൊന്നും എനിക്ക് കൈ തന്നില്ല. ഞാന്‍ അവിടെ എത്തിയത് പഠിത്തം പൂര്‍ത്തിയാക്കിയിട്ടാണെന്ന് അറിഞ്ഞപ്പോഴാണ് കൈ തന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ പറ്റിയുള്ള ആ മഹാനടന്റെ അഭിപ്രായമാണ് ആ ഷേക്ക് ഹാന്‍ഡ്,’ സുധീര്‍ പറഞ്ഞു.
Content Highlight: Sudheer Karamana shares his experience of seeing Mammootty at the beginning of his film career