'സിനിമയുണ്ടല്ലോ, യുവര്‍ ബ്രെഡ് ഈസ് ഫിലിം,' ജോലി വിട്ട് സിനിമയില്‍ സജീവമാകാന്‍ മമ്മൂട്ടി പറഞ്ഞു: സുധീര്‍ കരമന
Film News
'സിനിമയുണ്ടല്ലോ, യുവര്‍ ബ്രെഡ് ഈസ് ഫിലിം,' ജോലി വിട്ട് സിനിമയില്‍ സജീവമാകാന്‍ മമ്മൂട്ടി പറഞ്ഞു: സുധീര്‍ കരമന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st July 2022, 11:58 pm

വ്യത്യസ്തവേഷങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ സജീവമായ താരമാണ് സുധീര്‍ കരമന. 2006ല്‍ പുറത്ത് വന്ന പൃഥ്വിരാജ് ചിത്രം വാസ്തവത്തിലൂടെ ആരംഭിച്ച സിനിമാജീവിതത്തില്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തുവെച്ചത്.

ജോലി വിട്ട് സിനിമയില്‍ സജീവമാകാന്‍ തന്നോട് പറഞ്ഞത് മമ്മൂട്ടിയാണെന്ന് പറയുകയാണ് സുധീര്‍ കരമന. റഫായും പരുക്കനായും കാണുന്ന മമ്മൂക്കയുടെ ഉള്ളിലുള്ള സ്‌നേഹം ഭയങ്കരമാണെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു.

‘പണ്ട് പുലി വരുന്നേ പുലി എന്ന സിനിമയുടെ ലൊക്കേഷന്‍ എന്റെ വീട് തന്നെയായിരുന്നു. അന്ന് വീട്ടില്‍ മമ്മൂക്ക വന്നിട്ടുണ്ട്. ഞാന്‍ ഒമ്പതിലോ പത്തിലോ പഠിക്കുകയാണ്. മമ്മൂക്ക എന്ന് പറഞ്ഞാല്‍ എനിക്ക് അത്രക്കും ഇഷ്ടവുമാണ്. എനിക്കെന്നല്ല, വീട്ടിലെല്ലാവര്‍ക്കും.

വളരെ സ്‌നേഹനിധിയായ മനുഷ്യനാണ് മമ്മൂക്ക. ഈ പരുക്കനായി കാണുന്ന മമ്മൂക്കയുടെ ഉള്ളിലുള്ള സ്‌നേഹം ഭയങ്കരമാണ്. പലപ്പോഴും ഞാന്‍ നിരീക്ഷിക്കാറുള്ള ആളാണ്. കാണുമ്പോള്‍ റഫായിട്ട് തോന്നും. പക്ഷേ അതാണ് മമ്മൂക്ക. ഒരു കാര്യം മാത്രം എന്നോട് പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു ഞാന്‍. അത് വിടാന്‍ മമ്മൂക്ക പറഞ്ഞു. സിനിമയുണ്ടല്ലോ, യുവര്‍ ബ്രെഡ് ഈസ് ഫിലിം എന്നാണ് അദ്ദേഹം പറഞ്ഞത്. ജോലി വിട്ട് സിനിമയില്‍ സജീവമാകാന്‍ എന്നോട് മമ്മൂക്ക പറഞ്ഞിരുന്നു,’ സുധീര്‍ പറഞ്ഞു.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തിലെത്തിയ മഹാവീര്യറാണ് ഒടുവില്‍ റിലീസ് ചെയ്ത സുധീറിന്റെ ചിത്രം. നിവിന്‍ പോളി, ആസിഫ് അലി, ഷാന്‍വി ശ്രീവാസ്തവ, ലാല്‍, ലാലു അലക്‌സ് എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രത്തില്‍ ദാമോദരന്‍ പോറ്റി എന്ന കഥാപാത്രമായിട്ടാണ് സുധീര്‍ കരമന എത്തിയത്.

Content Highlight: Sudheer Karamana says that it was Mammootty who told him to quit his job and become active in films