യാത്രകളാണ് തന്റെ ഇഷ്ടവിനോദമെന്ന് സുധീര്‍ കരമന. ധാരാളമായി സിനിമകള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഏറ്റവും ഇഷ്ടം യാത്ര ചെയുന്നതാണ്. പച്ചക്ക് പറഞ്ഞാല്‍ വായ്‌നോട്ടം. യാത്രകളിലൂടെ കിട്ടുന്ന ഒരു വൈബ് ഉണ്ട്. അതു പോലെ തന്നെ യാത്രകളിലൂടെ നിരീക്ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.
പിന്നെ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും വിരസതയുള്ളതുമായ ഒരു യാത്രാരീതിയാണ് വിമാനയാത്ര. പ്രത്യേകിച്ച് ഏറെ ദൂരമുള്ള വിമാന യാത്രകള്‍. കാരണം ഒരു സ്ഥലത്തും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. സ്ഥലം എത്തിയാല്‍ മാത്രമാണ് കാഴ്ചകള്‍ കാണാന്‍ പറ്റൂ. ഒരു യാത്രയില്‍ ഏറ്റവും രസകരമായത് പബ്ലിക്കിനെ കാണാന്‍ പറ്റുന്നതും റോഡിലൂടെ കാഴ്ചകള്‍ കണ്ട് നടക്കുന്നതുമാണ്. പബ്ലിക്കിന്റെ വ്യത്യസ്തമായ മാനറിസം കാണുന്നതും യാത്രയെ കൂടുതല്‍ രസകരമാക്കാറുണ്ട്,’സുധീര്‍ കരമന പറഞ്ഞു.
മുതിര്‍ന്ന സംവിധായകര്‍ തന്നോട് ധാരാളമായി സിനിമകള്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും താന്‍ അത്തരം അഭിപ്രായങ്ങള്‍ മുഖവുരക്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇപ്പോള്‍ ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്യാറില്ല. ഒരുപാട് സിനിമകള്‍ എന്തിനാ ചെയ്യുന്നതെന്ന് വളരെ സീനിയര്‍ ആയിട്ടുള്ള സംവിധായകര്‍ പലരും പറഞ്ഞിട്ടുണ്ട്. അത് മുഖവുരക്കെടുക്കാന്‍ ഞാന്‍ നൂറു ശതമാനവും തയ്യാറാണ്. അതുകൊണ്ട് തന്നെ ഈ അടുത്ത കാലത്തായി ഞാന്‍ കുറച്ച് സിനിമകള്‍ മാത്രമാണ് കമ്മിറ്റ് ചെയ്യുന്നത്,’ സുധീര്‍ കരമന പറഞ്ഞു.
Content Highlights: Sudheer Karamana on Traveling