അഭിപ്രായങ്ങൾ പുറത്തുപോയി പറയുന്നത് ശെരിയല്ല, കമ്മറ്റിയിൽ പറയാം; അതാണ് മര്യാദ: സുധീർ കരമന
Malayalam Cinema
അഭിപ്രായങ്ങൾ പുറത്തുപോയി പറയുന്നത് ശെരിയല്ല, കമ്മറ്റിയിൽ പറയാം; അതാണ് മര്യാദ: സുധീർ കരമന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 1:22 pm

സിനിമ മേഖലയിൽ നടക്കുന്ന സംഭവങ്ങൾക്കൊന്നും മറവുകളില്ലെന്ന് സുധീർ കരമന. ഒരാൾ മറച്ചാൽ മറ്റൊരാൾ അത് തുറന്ന് കാണിച്ചിരിക്കുമെന്നും അതുകൊണ്ടുതന്നെ സിനിമാമേഖലയിലാണ് കൂടുതൽ ലഹരിയുപയോഗമെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ അഭിപ്രായം തുറഞ്ഞുപറഞ്ഞത്.

‘സിനിമാ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്. ലൈം ലൈറ്റിൽ നിൽക്കുമ്പോൾ അതിലേക്ക് ആളുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടു മാത്രമാണ് സിനിമയിൽ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി അറിയാൻ ആളുകൾക്ക് താല്പര്യവും, അതിനെപ്പറ്റി കൂടുതൽ ചർച്ചയും നടക്കുന്നത്.

ഏത് മേഖലയിലാണ് ഇതൊക്കെ ഇല്ലാത്തത്? മറ്റുള്ള മേഖലകളെ അപേക്ഷിച്ച് സിനിമാ മേഖലയിൽ ചിലപ്പോൾ കുറവായിരിക്കും.
സിനിമയിലുള്ളതെല്ലാം ഓപ്പണാണ്. മറവുകളില്ല. ഒരാൾ മറച്ചാൽ മറ്റൊരാൾ തുറന്ന് കാണിച്ചിരിക്കും,’ സുധീർ പറഞ്ഞു.

ഷൂട്ടിങ് സെറ്റിൽ ഷാഡോ പോലീസിനെ നിയമിക്കുന്നതിനെ സംബന്ധിച്ചും സുധീർ സംസാരിച്ചു. സിനിമ സെറ്റിനെക്കാൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുനടക്കുന്ന ലഹരിയുടെ ഉപയോഗത്തെപ്പറ്റിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘സിനിമാ മേഖലയെപ്പറ്റി ഇത്രയും ചർച്ചകൾ നടക്കുമ്പോൾ എന്തുകൊണ്ടാണ് സ്കൂളുകളിൽ കുട്ടികളിലെ ലഹരി ഉപയോഗത്തെപ്പറ്റി കൂടുതൽ ഫോക്കസ് കൊടുക്കാത്തത്. ശ്രദ്ധ കൂടുതൽ കൊടുക്കേണ്ട മേഖലകൾ ഉണ്ട്. അതാണ് ആദ്യം ചർച്ച ചെയ്യേണ്ടത്. സമൂഹത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കണമെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്.

ഇപ്പോഴത്തെ സർക്കാർ അതിനുവേണ്ടി ഒരുപാട് ക്യാമ്പയിനുകളൊക്കെ നടത്തിയിട്ടുണ്ട്. അതിന് യാതൊരു സംശയവുമില്ല. എന്നെപോലും വിളിച്ചിട്ടുണ്ട് ഓരോ പരിപാടിക്കും. ഞാൻ പോയിട്ടുണ്ട്. മയക്കുമരുന്നിനെതിരെയുള്ള ക്യാമ്പയിനുകൾക്കായി ഞാനും പ്രവർത്തിച്ചിട്ടുണ്ട്. അപ്പോൾ എവിടെയൊക്കെയാണ് ശ്രദ്ധ കൊടുക്കേണ്ടത്. അല്ലാതെ സിനിമയിലല്ല. എല്ലായിടത്തും ഉള്ളതുപോലെ സിനിമയിലും ഉണ്ടാവാം. അതിനെതിരെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുക,’ സുധീർ പറഞ്ഞു.

താര സംഘടനയുടെ മീറ്റിങ്ങിൽ പറയുന്ന കാര്യങ്ങൾ മാത്രമേ താൻ പ്രെസ്സിൽ പറയാവൂ എന്നൊരു ഡിസിപ്ലിൻ ഉണ്ടെന്നും, അത് പാലിക്കാത്തതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഒരു സംഘടനയിൽ അഭിപ്രായം പറയണമെങ്കിൽ അവിടുന്ന് തീരുമാനം വരണം. സംഘടന എടുക്കുന്ന തീരുമാനങ്ങൾ, സംഘടനയിൽ പറയേണ്ട ഉത്തരവാദിത്തപ്പെട്ടവരുണ്ടായേക്കാം . അവരാണ് അഭിപ്രായം പറയേണ്ടത്. അല്ലാതെ എല്ലാവരും ചേർന്നല്ല അഭിപ്രായം പറയേണ്ടത്. അതിനോട് എനിക്ക് യോജിപ്പും ഇല്ല. അതുകൊണ്ട് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ഇപ്പോൾ സംസാരിക്കാനാകില്ല. മീറ്റിങ്ങിൽ ചർച്ച ചെയ്യാൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് ഒരു എക്സിക്യൂട്ടീവ് മെമ്പർ എന്ന നിലയിൽ എനിക്ക് മാധ്യമങ്ങളോട് പറയാവൂ എന്നൊരു ഡിസിപ്ലിൻ ഉണ്ട്. അംഗങ്ങൾ അത് പാലിച്ചില്ലെങ്കിൽ അത് ശെരിയാണെന്നും ഞാൻ പറയുന്നില്ല.

കമ്മറ്റിയിൽ നമുക്ക് എന്തും പറയുവാനുള്ള സ്വാതന്ത്രമുണ്ട്. കമ്മറ്റിയോഗത്തിൽ പറയാം, പക്ഷെ പബ്ലിക്കിൽ പറയാനാകില്ല. അതാണ് മര്യാദ,’ സുധീർ പറഞ്ഞു.

Content Highlights: Sudheer Karamana on controversies in Amma organisation