കെ.ജി.ജോര്‍ജ്ജ് സംവിധാനം ചെയ്ത മറ്റൊരാള്‍ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയപ്പോള്‍ മുതലാണ് തന്റെ പ്രവര്‍ത്തനമേഖല സിനിമയാണെന്ന് തിരിച്ചറിഞ്ഞതെന്ന് നടന്‍ സുധീര്‍ കരമന. അച്ഛന്‍(കരമന ജനാര്‍ദ്ദനന്‍ നായര്‍) സിനിമയിലേക്കാള്‍ സജീവം നാടകത്തിലായിരുന്നുവെന്നും അടൂര്‍ ഗോപാലകൃഷ്ണന്റെയും അച്ഛന്റെയും ഒപ്പമിരുന്ന് സിനിമ കാണാനുള്ള ഭാഗ്യം തനിക്ക് കിട്ടിയിരുന്നുവെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.
‘അച്ഛന്‍ സിനിമയേക്കാള്‍ സജീവം നാടകത്തിലായിരുന്നു. അച്ഛന്‍ അഭിനയിച്ച എലിപ്പത്തായം റിലീസാകുമ്പോള്‍ ഞാന്‍ അഞ്ചാം ക്ലാസിലാണ്. ചിത്രാഞ്ചലി തിയേറ്ററിലാണ് എലിപ്പത്തായം ആദ്യമായി റിലീസ് ചെയ്തത്. ആകെക്കൂടെ ഒരു പത്ത് പേര്‍ മാത്രമേ ആ സിനിമ കാണാന്‍ ഉണ്ടായിരുന്നുള്ളൂ. അന്ന് അടൂര്‍ അങ്കിളിന്റെയും(അടൂര്‍ ഗോപാലകൃഷ്ണന്‍) അച്ഛന്റെയും ഒപ്പമിരുന്ന് സിനിമ കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നു.
‘മറ്റൊരാള്‍’സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ഉണ്ടായിരുന്നു. അച്ഛനും മമ്മൂക്കയുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ന് മനസ്സില്‍ കയറിയതാണ് സിനിമ. അന്നുമുതല്‍ സിനിമയെ മനസ്സിലിട്ട് വളര്‍ത്തിക്കൊണ്ട് വന്നതാണ്.
അങ്ങനെയൊക്കെയാണ് ഞാന്‍ തിരിച്ചറിഞ്ഞത് സിനിമയാണെന്റെ മേഖലയെന്നത്,’ നടന്‍ പറഞ്ഞു.
പുലിമുരുകന്‍ സിനിമയില്‍ താന്‍ ഒരു സീന്‍ മാത്രമേ ചെയ്തിട്ടുളളുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടുവെന്നും കൂടെ അഭിനയിക്കുന്നത് നല്ല നടന്മാരാണെങ്കില്‍ നമ്മള്‍ താനേ മെച്ചപ്പെടുമെന്നും സുധീര്‍ കരമന പറഞ്ഞു. സപ്തമശ്രീ തസ്‌കര സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങളും നടന്‍ പങ്കുവച്ചു.
‘കൂട്ടുകാര്‍ക്ക് പലര്‍ക്കും ഞാന്‍ എന്റെ മീമുകള്‍ അയച്ചുകൊടുത്തിട്ടുണ്ട്. ലീഫ് വാസുവിന്റെ(സപ്തമശ്രീ തസ്‌കര സിനിമയിലെ കഥാപാത്രം) റിയാക്ഷന്‍ ഷോട്ടെടുക്കുന്നതിന് മുന്‍പ് അനിലേട്ടന്‍(അനില്‍ രാധാകൃഷ്ണന്‍ മോനോന്‍) എനിക്ക് കഥാപാത്രത്തെക്കുറിച്ച് വിവരിച്ചുതന്നതൊക്കെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. പൃഥ്വിരാജ് എന്നെ അഭിനന്ദിച്ചിരുന്നു ഷോട്ട് കഴിഞ്ഞപ്പോള്‍. കൂടെ അഭിനയിക്കുന്നത് നല്ല നടന്മാരാണെങ്കില്‍ നമ്മള്‍ താനേ മെച്ചപ്പെടും. ഒറ്റ ഷോട്ടില്‍ തന്നെ ആ സീന്‍ ഓക്കയായിരുന്നു.
ഞാന്‍ പണവുമായിരിക്കുന്ന സീന്‍ കഴിഞ്ഞപ്പോള്‍ അനിലേട്ടന്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു. വേറെയൊരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ടെങ്ങനെയുണ്ടെന്നറിയാന്‍ പോയപ്പോള്‍ അനിലേട്ടന്‍ എന്റെ സീന്‍ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.
നമുക്ക് കിട്ടുന്ന കഥാപാത്രമേതായാലും അത് ശരിയായ രീതിയില്‍ പ്രെസന്റ് ചെയ്യാന്‍ സാധിച്ചാല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കും. ഞാന്‍ പുലിമുരുകന്‍ സിനിമയില്‍ ഒരു സീന്‍ മാത്രമേ ചെയ്തുള്ളൂ. പക്ഷേ അത് ശ്രദ്ധിക്കപ്പെട്ടു. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ അതെന്നെ ബാധിക്കും,’ സുധീര്‍ കരമന പറഞ്ഞു.