| Friday, 27th August 2021, 2:34 pm

ആ മമ്മൂട്ടി ചിത്രമാണ് എന്നെ സിനിമയില്‍ സജീവമാകാന്‍ പ്രേരിപ്പിച്ചത്: സുധീര്‍ കരമന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് സുധീര്‍ കരമന. 2005ല്‍ പുറത്തിറങ്ങിയ ‘മറവിയുടെ മണം’ എന്ന ടെലിഫിലിമിലൂടെയാണ് സുധീര്‍ വെളളിത്തിരയിലെത്തിയത്.

ശാരദാംബരം എന്നു തുടങ്ങുന്ന ഗാനത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അദ്ദേഹം ഗൗരവം നിറഞ്ഞ കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിച്ചു.

ഇപ്പോള്‍, താന്‍ സിനിമയിലേക്കു വരാന്‍ കാരണമായ സാഹചര്യം വെളിപ്പെടുത്തുകയാണ് സുധീര്‍ കരമന. മാസ്റ്റര്‍ ബിന്നിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്.

സിനിമയില്‍ വരുന്നതിനു മുന്‍പുതന്നെ താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പ്രതിഭയാണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറയുന്നു.

കെ.ജി. ജോര്‍ജിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ ‘മറ്റൊരാള്‍’ എന്ന സിനിമയാണ് സുധീര്‍ കരമന എന്ന നടന്റെ പിറവിക്കു കാരണമായതെന്നാണ് താരം പറയുന്നത്.

മമ്മൂട്ടിയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ കണ്ട് അതിശയിച്ചു പോയിട്ടുണ്ടെന്ന് സുധീര്‍ ഓര്‍ക്കുന്നു.

‘മമ്മൂട്ടിയെ ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. വര്‍ഷങ്ങളായുളള ബന്ധമാണ് മമ്മൂട്ടിയുമായി എനിക്കും കുടുംബത്തിനുമുളളത്.

എന്റെ അച്ഛനാണ് ഈ സുഹൃദ്ബന്ധത്തിനു കാരണം. അച്ഛനോടൊപ്പം മമ്മൂട്ടിസിനിമകളുടെ ലൊക്കേഷനില്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു.

നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂട്ടി. ഏതു കഥാപാത്രവും തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ആര്‍ജവം എല്ലാവരും മാതൃകയാക്കേണ്ട കാര്യമാണ്.

മമ്മൂട്ടി ഡയലോഗുകള്‍ പഠിക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമയെക്കുറിച്ച് വളരെ കൃത്യമായി അറിയുന്ന ആളാണ് മമ്മൂക്ക.
സൂധീറിന്റെ കണ്ണുകളും മോഡുലേഷനും അജയ് ദേവ്ഗണിനേപ്പോലെയിരിക്കുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞിട്ടുളളത്. ഒരു അവാര്‍ഡ് കിട്ടിയ പോലെയായിരുന്നു ആ പ്രശംസ. കരമന ദേവ്ഗണ്‍ എന്ന ക്യാപ്ക്ഷനില്‍ പല മാഗസിനുകളും എന്നേപ്പറ്റി എഴുതിയിരുന്നു,’ സുധീര്‍ ഓര്‍മകള്‍ പങ്കുവെച്ചു.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ബര്‍മുഡ’യാണ് സുധീറിന്റേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sudheer Karamana About Mammootty and His Acting

Latest Stories

We use cookies to give you the best possible experience. Learn more