പൃഥ്വിരാജിന്റെ അടി കൊണ്ട് മേശയുടെ അടിയിലേക്ക് പോയി, കാല്‍ മാത്രം മുകളില്‍ കാണാം: സുധീര്‍ കരമന
Film News
പൃഥ്വിരാജിന്റെ അടി കൊണ്ട് മേശയുടെ അടിയിലേക്ക് പോയി, കാല്‍ മാത്രം മുകളില്‍ കാണാം: സുധീര്‍ കരമന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th March 2023, 1:40 pm

അമല്‍ നീരദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ചിത്രമാണ് അന്‍വര്‍. ചിത്രത്തില്‍ ഒരു രംഗത്തിലാണ് വന്നതെങ്കിലും സുധീര്‍ കരമന ചെയ്ത ഷാജി എന്ന വേഷം ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജുമൊത്തുള്ള ഫൈറ്റ് സീനിലാണ് സുധീര്‍ കരമന ചിത്രത്തിലെത്തിയത്.

ഈ രംഗത്തിന്റെ ഷൂട്ടിനിടക്ക് പൃഥ്വിരാജിന്റെ അടി കൊണ്ട് താന്‍ ശരിക്കും മേശയുടെ അടിയിലേക്ക് പോയെന്ന് സുധീര്‍ പറഞ്ഞ്. അവിടെ വീഴുമ്പോള്‍ ഒന്ന് റിലാക്‌സ് ചെയ്യാമെന്ന് വിചാരിച്ചതാണെന്നും എന്നാല്‍ അമല്‍ നീരദ് അവിടെയും ക്യാമറ വെച്ചിരുന്നുവെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു.

‘ഔദ്യോഗികമായ തിരക്കുകള്‍ക്കിടയില്‍ ചെയ്‌തൊരു സിനിമയാണ് അന്‍വര്‍. ഏറ്റവും സന്തോഷത്തോടെ ചെയ്ത സിനിമയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള സിനിമയില്‍ പൃഥ്വിരാജുമായി കോമ്പിനേഷന്‍. അത് മതി. ചിലപ്പോള്‍ presence of an actor is too vital than the length of the character എന്ന് ഞാന്‍ വിശ്വസിക്കുകയും എം.ടി. വാസുദേവന്‍ സാര്‍ പറയുകയും ചെയ്തിട്ടുള്ളതാണ്. ഒരു സീനാണെങ്കിലും അത് പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. അതുപോലെ തന്നെയാണ് പുലിമുരുഗനും. ഒരു സീനാണെങ്കിലും അത് ഓര്‍ക്കാന്‍ പറ്റണം.

അന്‍വറിലെ സീനില്‍ ഞാന്‍ ശരിക്കും മേശയുടെ അടിയില്‍ പോകുന്നുണ്ട്. പോകണമല്ലോ, കാല്‍ മാത്രം മുകളില്‍ നിന്നു. ഞാന്‍ താഴെ വീണിട്ട് നോക്കുമ്പോള്‍ അവിടെയും ഒരു ക്യാമറ ഉണ്ട്, അതാണ് അമല്‍ നീരദിന്റെ പ്രത്യേകത. അദ്ദേഹം ഒരു വണ്ടര്‍ഫുള്‍ ഡയറക്ടറാണ്. വീണുകിടക്കുമ്പോള്‍ ഒന്ന് റിലാക്‌സ് ചെയ്യാമല്ലോ എന്ന് വിചാരിച്ചതാണ്. അപ്പോള്‍ അവിടെയുമുണ്ട് ക്യാമറ. ആ ഷൂട്ട് രസമായിരുന്നു,’ സുധീര്‍ പറഞ്ഞു.

സന്തോഷ് കല്ലാറ്റില്‍ രചന നിര്‍വഹിച്ച പുലിയാട്ടമാണ് റിലീസിനൊരുങ്ങുന്ന സുധീറിന്റെ പുതിയ ചിത്രം. സെവന്‍ മാസ്റ്റര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മീരാ നായര്‍, മിഥുന്‍ എം. ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടര്‍ ലൂയി മേരി, ചന്ദ്രന്‍ പട്ടാമ്പി, ജഗത് ജിത്ത്, സെല്‍വരാജ്, ആല്‍വിന്‍, മാസ്റ്റര്‍ ഫഹദ് റഷീദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പുലിയാട്ടത്തിന് ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Content Highlight: sudheer karamana about fight scene in anvar movie