| Thursday, 15th August 2024, 4:58 pm

ഈ കഥ മമ്മൂസിനെന്ന് പറഞ്ഞ് എം.ടി സാര്‍ മാറ്റി വെക്കുകയായിരുന്നു: സുധീര്‍ അമ്പലപ്പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അക്ഷരങ്ങളുടെ തമ്പുരാന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മലയാളസിനിമ നല്‍കുന്ന ഉപഹാരമാണ് മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസ്. എം.ടിയുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കി മലയാളത്തിലെ എട്ട് സംവിധായകര്‍ ചേര്‍ന്നാണ് മനോരഥങ്ങള്‍ ഒരുക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്.

രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പില്‍ മമ്മൂട്ടിയാണ് നായകന്‍. എം.ടിയുടെ തന്നെ ആത്മകഥാംശമുള്ള ചെറുകഥയാണ് കടുഗണ്ണാവ. മനോരഥങ്ങളിലേക്ക് വേണ്ടി കടുഗണ്ണാവ എഴുതിയ സമയത്ത് ആ കഥ മമ്മൂട്ടിക്ക് വേണ്ടി എം.ടി മാറ്റിവെക്കുകയായിരുന്നുവെന്ന് പറയുകയാണ് മനോരഥങ്ങളുടെ ലൈന്‍ പ്രൊഡ്യൂസര്‍ സുധീര്‍ അമ്പലപ്പാട്ട്.

ആ കഥ മമ്മൂട്ടി ചെയ്യുകയാണെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്ന് എം.ടി സാര്‍ പറഞ്ഞുവെന്ന് സുധീര്‍ പറഞ്ഞു. എം.ടി സാറിന് അത്രമാത്രം സ്‌പെഷ്യലായിട്ടുള്ള കഥയാണ് കടുഗണ്ണാവയെന്നും അത് മമ്മൂട്ടി ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുധീര്‍ ഇക്കാര്യം പറഞ്ഞത്.

‘മനോരഥങ്ങളിലേക്ക് വേണ്ടി ഒമ്പത് കഥകള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ എം.ടി സാര്‍ അദ്ദേഹത്തിനിഷ്ടപ്പെട്ട ഒമ്പത് കഥകള്‍ തന്നു. അതില്‍ തന്നെ കടുഗണ്ണാവ തന്നപ്പോള്‍ ‘ഈ കഥ മമ്മൂസിന് വേണ്ടിയാണ്’ എന്ന് പറഞ്ഞ് പ്രത്യേകം മാറ്റിവെക്കുകയായിരുന്നു. ആ കഥ എം.ടി സാറിന്റെ ആത്മാംശമുള്ള ഒന്നാണ്. അതുകൊണ്ടാണ് ആ കഥ മമ്മൂക്ക തന്നെ ചെയ്യണമെന്ന് പറഞ്ഞത്.

മമ്മൂക്ക ഇത് ചെയ്തില്ലെങ്കില്‍ ആ കഥ വേറെ ആരും ചെയ്യണ്ട എന്ന് കൂടി എം.ടി സാര്‍ പറഞ്ഞിരുന്നു. മമ്മൂക്ക അദ്ദേഹത്തിന് അത്രമാത്രം പ്രിയപ്പെട്ട ആളാണെന്ന് ആ വാക്കുകളിലൂടെ മനസിലായി. അതുകൊണ്ട് കൂടിയാണ് കടുഗണ്ണാവ എന്ന കഥ എം.ടി സാര്‍ മമ്മൂക്കക്ക് കൊടുത്തത്. മമ്മൂക്ക ചെയ്യണമെന്ന് അത്രമാത്രം നിര്‍ബന്ധമായിരുന്നു,’ സുധീര്‍ അമ്പലപ്പാട്ട് പറഞ്ഞു.

Content Highlight: Sudheer Ambalappatt saying that Mammooty’s episode in Manorathangal is special for MT Vasudevan Nair

We use cookies to give you the best possible experience. Learn more