ഈ റിപ്പോര്‍ട്ടോടെ സംശയക്കണ്ണുകളോടെയായിരിക്കും ഇനി സ്വിഗ്ഗി ജീനിയെ പലരും കാണുന്നത്. അവരുടെ സര്‍വീസിനെയും നിലനില്‍പ്പിനെയും ഇത് ബാധിക്കാം. മുഖ്യധാരയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ട എത്രയോ മനുഷ്യരുടെ തൊഴില്‍ നഷ്ടപ്പെടാം. ഈ തിരസ്‌കൃതരുടെ വേദന സ്റ്റുഡിയൊയില്‍ ഇരിക്കുന്ന മാധ്യമ മുതലാളിമാര്‍ക്ക് മനസിലാകില്ല.
ആറു മാസം മുന്‍പ്, സ്വിഗി വഴി മകള്‍ക്ക് ഇഷ്ടപ്പെട്ട പാസ്ത ഓര്‍ഡര്‍ ചെയ്തിരുന്നു. ഫ്‌ലാറ്റിലെ മൂന്നാം നിലയിലാണ് ഞാന്‍ താമസിക്കുന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡെലിവറി ബോയിയുടെ ഫോണ്‍ വന്നു. പാക്കറ്റ് താഴെ വന്ന് വാങ്ങാമോ എന്ന്. സ്വാഭാവികമായും എനിക്ക് ദേഷ്യം വന്നു. ലിഫ്റ്റ് ഉണ്ടല്ലോ, മുകളില്‍ വന്നുകൂടെ എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ‘ശരി മാം, ഞാന്‍ വരാം’ എന്ന് അയാള്‍ ഉടന്‍ മറുപടി പറഞ്ഞു.
ഞാന്‍ ഫോണ്‍ വെക്കുമ്പോഴേക്കും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഫോണ്‍ വന്നു. ‘മാം, അയാള്‍ മുടന്തിയാണ് നടക്കുന്നത്’. അത്രയും കേട്ടപ്പോഴേക്കും ഞാന്‍ ഞെട്ടി. കുറ്റബോധം കൊണ്ട് എനിക്ക് വാക്കുകള്‍ കിട്ടാതായി. അയാളെ താഴെ നിര്‍ത്താന്‍ പറഞ്ഞ് ഞാന്‍ ലിഫ്റ്റിനരികിലേക്ക് ഓടി. ഭാഗ്യത്തിന് ലിഫ്റ്റ് മൂന്നാം നിലയില്‍ ഉണ്ടായിരുന്നു.
താഴെ എത്തുമ്പോള്‍, മദ്ധ്യവയസ്‌കനായ ഒരു മനുഷ്യന്‍ ഭക്ഷണപ്പൊതിയും കൈയ്യില്‍പ്പിടിച്ച് ലിഫ്റ്റിന് അരികില്‍ അക്ഷമനായി നില്ക്കുന്നുണ്ടായിരുന്നു. ഞാന്‍ ക്ഷമ പറഞ്ഞുകൊണ്ടു അയാളില്‍ നിന്നും പൊതി വാങ്ങി. കാലിന് എന്താണ് പറ്റിയത് എന്ന് ചോദിച്ചു. അപകടത്തില്‍ പരിക്കേറ്റതാണെന്നും, ജോലി ചെയ്യാതെ ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണ് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ കാത്തുനില്‍ക്കാതെ വീണ്ടും ഫീല്‍ഡില്‍ ഇറങ്ങിയത് എന്നും നിര്‍വികാരതയോടെ പറഞ്ഞുകൊണ്ടു അയാള്‍ മുടന്തി മുടന്തി തിരികെ നടന്നു.
ലോബിയിലെ സ്റ്റെപ്പുകള്‍ പ്രയാസപ്പെട്ട് ഇറങ്ങുന്നത് കണ്ടപ്പോള്‍ എന്റെ നെഞ്ച് വിങ്ങി. ടിപ് കുറഞ്ഞുപോയതില്‍ വല്ലാത്ത ജാള്യത തോന്നി. മുകളില്‍ തിരിച്ചെത്തി, മകള്‍ക്ക് പാസ്ത വിളമ്പിക്കൊടുക്കുമ്പോഴും അയാള്‍ തന്നെയായിരുന്നു എന്റെ മനസില്‍. എത്ര വേദന സഹിച്ചിട്ടാകും,എത്ര പടിക്കെട്ടുകള്‍ കയറിട്ടാകും, വൈകുന്നേരമാകുമ്പോള്‍ ചെറിയൊരു തുക അയാളുടെ കൈയിലെത്തുന്നത് എന്നോര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും കണ്ണ് നിറഞ്ഞു.
പട്ടിയുടെ കടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ, മൂന്നാം നിലയില്‍ നിന്നും വീണു മരിച്ച ഹൈദ്രാബാദിലെ മുഹമ്മദ് റീസ്വാന്‍ എന്ന 23 വയസുകാരനും മനസിലേക്ക് ഇരച്ചുകയറി വന്നു.
ഇതൊക്കെ ഇപ്പോള്‍ എഴുതിയത് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് എന്നൊക്കെ ഗമണ്ടന്‍ പേരിട്ട് ഈ സാധുക്കളുടെ ആകെയുള്ള കഞ്ഞിയില്‍ പാറ്റയിടുന്ന മാധ്യമ റിപ്പോര്‍ട്ട് കണ്ടതുകൊണ്ടാണ്.
ഗിഗ് തൊഴിലാളികള്‍ ഒക്കെ മയക്കുമരുന്ന് കടത്തുന്ന കാരിയര്‍മാരാകും എന്നൊക്കെ പോലീസ് അന്വേഷണവും കൃത്യമായ തെളിവും ഇല്ലാതെ പറയാന്‍ തുടങ്ങിയാല്‍ പിന്നെ ഇവര്‍ മാത്രമല്ല, കൊറിയര്‍സര്‍വീസുകാര്‍ വരെ എങ്ങനെ ജീവിക്കും?
യാതൊരു തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും പ്രിവിലേജും ഇല്ലാത്തവരാണ് ഗിഗ് മേഖലയില്‍ ജോലി ചെയുന്നത്. തുച്ഛമായ വേതനത്തിന് വേണ്ടി മണിക്കൂറുകള്‍ ജോലിചെയുന്നവര്‍. രാജസ്ഥാന്‍ സര്‍ക്കാര്‍ മാത്രമാണ് ഈ മേഖലയിലെ സാമൂഹ്യസുരക്ഷക്ക് വേണ്ടി അടുത്തകാലത്ത് നിയമനിര്‍മാണം നടത്തിയത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 77 ലക്ഷം ഗിഗ് തൊഴിലാളികള്‍ ഇന്ത്യയില്‍ ഉണ്ട്. പത്തുവര്‍ഷത്തിനകം അത് 2.35 കോടിയായി വര്‍ദ്ധിക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പറയുന്നു.
ഈയിടെ എംകോം ഒന്നാം ക്ലാസില്‍ പാസായ ഒരു ഡെലിവറിബോയ് എന്നോടു വേദനയോടെ പറഞ്ഞത് അയാള്‍ താമസിക്കുന്നത് നഗരത്തിലെ പ്രശസ്തമായ ചേരിയില്‍ ആയതുകൊണ്ട് എല്ലാ ഇന്റര്‍വ്യൂവിലും കടന്നുകൂടിയാലും ‘ബാക്‌ഗ്രൌണ്ട്’ പരിശോധനയില്‍ പുറന്തള്ളപ്പെടുന്നു എന്നാണ്.
‘ചേരികള്‍’ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിന് ചേരുന്ന ‘അഡ്രസ്’ അല്ല. ഓര്‍ക്കണം, ഇങ്ങനെ പുറന്തള്ളപ്പെടുന്ന സാധുക്കള്‍ ആണ് നമുക്ക് മുന്നില്‍ ഭക്ഷണവും സാധനങ്ങളും ആയി എത്തുന്നത്.
ഈ റിപ്പോര്‍ട്ടോടെ സംശയക്കണ്ണുകളോടെയായിരിക്കും ഇനി സ്വിഗ്ഗി ജീനിയെ പലരും കാണുന്നത്. അവരുടെ സര്‍വീസിനെയും നിലനില്‍പ്പിനെയും ഇത് ബാധിക്കാം. മുഖ്യധാരയില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ട എത്രയോ മനുഷ്യരുടെ തൊഴില്‍ നഷ്ടപ്പെടാം. ഈ തിരസ്‌കൃതരുടെ വേദന സ്റ്റുഡിയൊയില്‍ ഇരിക്കുന്ന മാധ്യമ മുതലാളിമാര്‍ക്ക് മനസിലാകില്ല.
സാമൂഹ്യബോധവും, വിവേകവും ഉള്ള ഒരു എഡിറ്റര്‍ എങ്കിലും റിപ്പോര്‍ട്ടര്‍ ചാനലില്‍ ഉണ്ടായിരുന്നെങ്കില്‍ ചവറ്റുകുട്ടയില്‍ എറിയേണ്ട ഒരു സ്റ്റോറി ‘മഹത്തായ’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയി നമുക്ക് മുന്നില്‍ എത്തില്ലായിരുന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
ഷേക്‌സ്പിയറുടെ ജൂലിയസ് സീസര്‍ നാടകത്തില്‍, കാഷ്യസ് ബ്രൂട്ടസ്സിനോട് പറയുന്നുണ്ട്, ”സ്വയം കാണാന്‍ കഴിവില്ലാത്ത നിനക്ക്, നിന്നെ തിരിച്ചറിയാനും കണ്ടെത്താനും, ഞാന്‍ ഒരു കണ്ണാടിയായി നിന്നുതരാം. അങ്ങനെയെങ്കിലും നീ നിന്റെ തെറ്റുകള്‍ കണ്ടെത്തൂ’ എന്ന്. പക്ഷേ, എത്ര കണ്ണാടികള്‍ മുന്നില്‍ വെച്ച് കൊടുത്താലും നമ്മുടെ മാധ്യമങ്ങള്‍ അതിലേക്ക് നോക്കില്ല. അവര്‍ കാണുന്ന കണ്ണാടി ടി.ആര്‍.പി റേറ്റിംഗ് മാത്രമാണ്.
content highlights: Sudhamenon writes about reporter TV news about Swiggy Delivery Boys