കണ്ണൂര്‍: കെ. സുധാകരനെതിരെ ആരോപണങ്ങളുമായി മമ്പറം ദിവാകരന്‍. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാന്‍ കെ. സുധാകരന്‍ ഗുണ്ടകളെ ഇറക്കുകയാണെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.
ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ. സുധാകരന്‍ നീക്കം നടത്തുന്നതായി മമ്പറം ദിവാകരന്‍ പറഞ്ഞു. കെ.പി.സി.സിക്ക് ആശുപത്രിയില്‍ ഒരു അവകാശമില്ലെന്നും തെരഞ്ഞെടുപ്പിന് എ.ഐ.സി.സി കമ്മിറ്റിയുണ്ടാക്കിയാല്‍ അംഗീകരിക്കുമെന്നും ദിവാകരന്‍ പറഞ്ഞു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ സുധാകരന്റെ രാഷ്ട്രീയം പരാജയപ്പെടുമെന്നും തന്നെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് പാനല്‍ ഇറക്കിയതെന്നും ദിവാകരന്‍ പറഞ്ഞു.
എന്നാല്‍ സുധാകരന്‍ പ്രസിഡന്റായശേഷം താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും താന്‍ ഇനി വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ലെന്നും ദിവാകരന്‍ പറഞ്ഞിരുന്നു.
അതേസമയം മമ്പറം ദിവാകരനെതിരെ നടപടിയെടുത്തത് ശരിയായ തീരുമാനമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു. അച്ചടക്കലംഘനം കാട്ടിയതിനാലാണു നടപടിയെടുത്തത്. ഇതു വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച മമ്പറം മണ്ഡലം കോണ്‍ഗസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.