തിരുവനന്തപുരം: എസ്.എഫ്.ഐ പ്രവര്‍ത്തകനും ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയുമായ ധീരജിന്റെ കൊലപാതകം സി.പി.ഐ.എം ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന കെ.പി.സി.സി പ്രസിഡിന്റ് കെ. സുധാകരന്റെ വിവാദ പരാമര്‍ശം കണ്ണൂര്‍ ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
കണ്ണൂര്‍ രാഷ്ട്രീയത്തിലെ നേതാക്കന്മാര്‍ക്ക് ഒരു ശൈലിയുണ്ട്. കണ്ണൂര്‍കാര്‍ നടത്തുന്ന പോലെയുള്ള പ്രസ്താവനയല്ല കേരളത്തിലെ മറ്റ് നേതാക്കള്‍ നടത്താറുള്ളത്. കണ്ണൂരിലെ ഏതെങ്കിലും കൊലപാതകത്തെ മാര്‍ക്കിസ്റ്റ് പാര്‍ട്ടി അപലപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച അദ്ദേഹം വ്യക്തിപരമായി അങ്ങനെയല്ല വേണ്ടതെന്നും അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ. സുധാകരന്‍ കണ്ണൂരിന്റെ ഉത്പന്നമാണ്. കേരളത്തിന്റെ മുഖ്യന്ത്രിയും സി.പി.ഐ.എം സെക്രട്ടറി കൊടിയേരിയും കണ്ണൂരില്‍ നിന്നാണ്. കണ്ണൂരില്‍ കൊലപാതകം നടക്കുമ്പോഴൊക്കെ അവിടുത്തെ നേതാക്കളെല്ലാം എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്ന് നമ്മള്‍ കണാറുള്ളതാണ്. സുധാകരന്റെ പരാമര്‍ശത്തെ തിരുത്താനുള്ള ഉത്തരവാദിത്വം തനിക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ധീരജിന്റെ കൊലപാതകത്തെ താന്‍ അപലപിക്കുകയാണ്. ഇങ്ങനെയൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ധീരജിന്റേത് ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. സാധാരണ ഗതിയില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ കോണ്‍ഗ്രസിന്റെ പ്രാധിനിത്യം കുറവാണെന്നും എന്നാല്‍ ഇത്തവണ അതല്ല സ്ഥിതിയെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.
‘ധീരജിന്റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ സംയുക്തമായുണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമാണ് ധീരജിന്റേത്. അതിലവര്‍ക്ക് ദുഖമല്ല ആഹ്ലാദമാണ്,’ സുധാകരന്‍ പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വോട്ട് എണ്ണി നോക്കിയാല്‍ അവിടേയും കെ.എസ്.യു തന്നെ ജയിക്കുമെന്നും അതില്ലാതാക്കാന്‍ കോളേജ് ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പുറത്തുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സാധാരണ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജുകളില്‍ അങ്ങനെയുണ്ടാവറില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. എന്റെ കുട്ടികള്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. വളരെ നല്ല രീതിയിലുള്ള വിജയമാണ് കോളേജ് തെരഞ്ഞെടുപ്പുകളില്‍ നേടുന്നത്,’ സുധാകരന്‍ പറഞ്ഞു.