| Tuesday, 11th January 2022, 12:35 pm

സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്, എല്ലാം സുധാകരനിസത്തിന്റെ എഫക്ട്: എ.എ. റഹിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം. ഒരു കൗമാരക്കാരനെ കൊന്നുകളഞ്ഞ കോണ്‍ഗ്രസിന് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് റഹിം പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തെ തള്ളിപറയാന്‍ സുധാകരനോ കോണ്‍ഗ്രസോ ഇതുവരെ തയ്യാറായിട്ടില്ലെന്നും സുധാകരന്റെ ചെറുമകന്റെ പ്രായമുള്ള വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുണ്ടായിസത്തിലൂടെ കേരളത്തെ കൈപ്പിടിയിലൊതുക്കാനാണ് കെ. സുധാകരന്‍ ശ്രമിക്കുന്നതെന്നും റഹിം പറയുന്നു.

ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ സുധാകരനിസത്തിന്റെ എഫക്ടാണെന്നും കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ അറിയില്ലെന്നും റഹിം പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവായിട്ടല്ലെങ്കിലും ഒരച്ഛനായിട്ടെങ്കിലും സുധാകരന്‍ കൊലപാതകത്തെ തള്ളി പറയണമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ സംഘം വ്യാപകമായി പ്രകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധീരജിന്റെ കൊലപാതകം ആസൂത്രിതമാണ്. പല എഞ്ചിനീയറിംഗ് കോളേജുകളിലും ഇത്തരത്തിലുളള സംഘര്‍ഷങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എ.എ. റഹിം പറഞ്ഞു.

അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.

കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നുണ്ട്. എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അതേസമയം, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ധീരജിന് സംസ്‌കാരം ഇന്ന് കണ്ണൂരിലെ വീട്ടില്‍ നടക്കും. സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായിട്ടായിരിക്കും നാട്ടിലേക്ക് കൊണ്ടുപോവുക.

ധീരജിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Sudhakaran is a bloodthirsty politician, everything is the effect of Sudhakaranism: AA Rahim

Latest Stories

We use cookies to give you the best possible experience. Learn more