[] തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ ആര്‍ക്കും പറ്റില്ലെന്ന തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനും കത്ത് നല്‍കുമെന്ന് കെ.സുധാകരന്‍ എം.പി.
താന്‍ സോണിയയെ തിരുത്തിയതല്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
വി.എം സുധീരനൊപ്പം ഗ്രൂപ്പുകള്‍ക്കതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസില്‍ സോണിയയാണ് അവസാനവാക്ക്.
ഗ്രൂപ്പിന്റെ പശ്ചാത്തലവും പരിണാമസ്വഭാവവും മാത്രമാണ് താന്‍ പറഞ്ഞത്. ഈ പ്രസ്താവന ഒഴിവാക്കാമെന്ന് പലരും പറഞ്ഞിരുന്നു. ഇത് തനിക്ക് കിട്ടിയ ഉപദേശമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഒറ്റ ഗ്രൂപ്പായി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
ഇത് തള്ളിക്കൊണ്ട് ഗ്രൂപ്പ് ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന പ്രസ്താവനയുമായി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു
എല്ലാ പാര്‍ട്ടികളിലും ഗ്രൂപ്പുണ്ട്. നേതാക്കന്മാര്‍ക്ക് ആരാധക വൃന്ദമുണ്ടാവുന്നത് നല്ല കാര്യമാണെന്നും കുഞ്ഞാലിക്കുട്ടിയ്ക്കും എം.കെ മുനീറിനും വരെ ഗ്രൂപ്പുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.