| Thursday, 2nd November 2017, 3:29 pm

തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തി; നടപടിയെടുക്കണം; മന്ത്രിക്കെതിരെ സി.പി.ഐ കേന്ദ്ര നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സി.പി.ഐ കേന്ദ്ര നേതൃത്വം. തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.


Also Read: ‘പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില’; മുക്കത്ത് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നിര്‍മാണ്ണം പുനരാരംഭിച്ചു


തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തിയെന്നും. മന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇടത് സര്‍ക്കാര്‍ അഴിമതിക്ക് എതിരാണ്. അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കുന്ന രീതി എല്‍.ഡി.എഫിനില്ല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ബാധ്യസ്ഥനാണെന്നും” സുധാകര്‍ റെഡ്ഡി പറഞ്ഞു.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ജനജാഗ്രതാ യാത്രയുടെ സ്വീകരണത്തിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വേദിയിലിരിക്കെ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി നിറഞ്ഞ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ശാസിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Dont Miss: ‘രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ട്’; കേരളത്തിലത് വിലപ്പോവില്ലെന്ന് കമല്‍ഹാസന്‍


കായല്‍ കയ്യേറ്റ വിഷയം സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്ക് മങ്ങലേറ്റെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ തോമസ് ചാണ്ടി നടത്തിയ പ്രസ്താവനകള്‍ മുന്നണിയില്‍ അദ്ദേഹത്തിനെതിരെ കര്‍ശന നിലപാടുകള്‍ക്കും കാരണമായെന്നാണ് സുധാകര്‍ റെഡ്ഡിയുടെ പ്രസ്താവന തെളിയിക്കുന്നത്.

We use cookies to give you the best possible experience. Learn more