സുധാകര്‍ റെഡ്ഡി സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും
national news
സുധാകര്‍ റെഡ്ഡി സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 5:29 pm

കൊല്ലം: മൂന്നാമതും സി.പി.ഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡിയെ തെരഞ്ഞെടുത്തു. കൊല്ലത്തു നടക്കുന്ന സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനത്തിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

രണ്ട് തവണയാണ് ഒരാള്‍ സി.പി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരുക. എന്നാല്‍ ഈ കീഴ്‌വഴക്കം തിരുത്തിയാണ് സുധാകര്‍ റെഡ്ഢി മൂന്നാം തവണയും ഈ സ്ഥാനത്തെത്തുന്നത്.

ഇത്തവണ കേരളത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു. 31 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ എട്ടു പേര്‍ പുതുമുഖങ്ങളാണ്. 11 അംഗ സെക്രട്ടേറിയറ്റില്‍ നാലു പുതുമുഖങ്ങളുണ്ട്. സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവായ പന്ന്യന്‍ രവീന്ദ്രനെ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു.


Read more: ജന്മഭൂമി തീവ്രവാദിയായി ചിത്രീകരിച്ച യുവാവിനു തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് സന്ദേശം; യുവാവ് പൊലീസില്‍ പരാതി നല്‍കി


ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ സി.പി.ഐ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു. നിലവില്‍ എ.ഐ.എസ്.എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ.

കേരളത്തില്‍ ഇസ്മയില്‍ പക്ഷത്തിന് തിരിച്ചടിയായി സി. ദിവാകരന്‍ ഉള്‍പ്പടെയുള്ളവര്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്തായി. സി. ദിവാകരന്‍, സി.എന്‍ ചന്ദ്രന്‍, കമല സദാനന്ദന്‍, സത്യന്‍ മൊകേരി എന്നിവരെയാണ് ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത്. പകരം അഞ്ച് പുതുമുഖങ്ങളടക്കം കേരളത്തില്‍നിന്ന് 15 അംഗങ്ങളെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. ഇ. ചന്ദ്രശേഖരന്‍, എന്‍ അനിരുദ്ധന്‍, കെ.പി രാജേന്ദ്രന്‍, എന്‍ രാജന്‍, പി വസന്തം എന്നിവരാണ് ദേശീയ കൗണ്‍സിലില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.