| Tuesday, 14th June 2016, 10:48 am

സീറ്റും കുറഞ്ഞു, വോട്ടും കുറഞ്ഞു: എന്നിട്ടും നേട്ടം ആവര്‍ത്തിച്ചെന്ന് ബി.ജെ.പി മേനി നടിക്കുന്നു; സുധാകര്‍ റെഡ്ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഈയിടെ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളില്‍ ആകെ സീറ്റും വോട്ടും കുറഞ്ഞിട്ടും നേട്ടം ആവര്‍ത്തിച്ചുവെന്നു മേനി നടിക്കുകയാണു ബി.ജെ.പിയെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡ്ഡി. സി.പി.ഐ ജില്ലാ പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഞ്ച് നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എണ്ണൂറില്‍പരം സീറ്റുകളില്‍ 64 സീറ്റ് മാത്രമാണ് ബി.ജെ.പിക്കു ലഭിച്ചത്. ഇതില്‍ 60 എണ്ണം അസമിലും മൂന്നെണ്ണം ബംഗാളിലും ഒരെണ്ണം കേരളത്തിലുമാണ്. ഇടതുപക്ഷത്തിന് കേരളത്തില്‍ 91, ബംഗാളില്‍ 30 അടക്കം 121 സീറ്റ് ലഭിച്ചു.

കോണ്‍ഗ്രസിന് ആകെ 115 സീറ്റ് ലഭിച്ചു. കേരളത്തിലൊഴികെ ബി.ജെ.പിക്കു ലഭിച്ച വോട്ടുകളുടെ ശതമാനത്തില്‍ കുറവുണ്ട്. എന്നിട്ടും മികച്ച വിജയം എന്ന മട്ടിലാണ് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു.

ബി.ജെപി ഭരണത്തില്‍ സമ്പന്നര്‍ക്കാണ് അച്ഛാദിന്‍. കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുകയും സര്‍വീസ് നികുതി 12 ശതമാനത്തില്‍ നിന്ന 15 ശതമാനമായി വര്‍ധിപ്പിക്കുയുമാണ് ചെയ്തത്.

സമരം ചെയ്യാനും കൂലിക്ക് വില പേശാനുമുള്ള തൊഴിലാൡുടെ അവകാശം ഇല്ലാതാക്കുന്ന തൊഴില്‍ നിയമ ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും സുധാകര്‍ റെഡ്ഡിപറഞ്ഞു.

ബിജെപി ഭരണം ഇന്ത്യയുടെ മതനിരപേക്ഷതയെ മാത്രമല്ല, രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും തന്നെ മാറ്റി മറിക്കാന്‍ ശ്രമിക്കുന്നു.  ഇവിടെ ഹിന്ദുക്കള്‍ മാത്രം മതി, മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നാണ് സംഘപരിവാര്‍ അജന്‍ഡ.

ഹിന്ദുക്കളില്‍ത്തന്നെ ദുര്‍ബല വിഭാഗങ്ങളേയും ദളിതരേയും ആദിവാസികളേയുമെല്ലാം സവര്‍ണമേധാവിത്വശക്തികള്‍ വേട്ടയാടുന്നു. സര്‍വകലാശാലകളില്‍ വരെ വര്‍ഗീയതയുടെ വിഷം പരത്തി കലാപമഴിച്ചുവിടുകയാണ് സംഘപരിവാര്‍.

ഇതിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പാണ് വിദ്യാര്‍ഥികളും അധ്യാപകരുമെല്ലാം നടത്തുന്നത്. ജെഎന്‍യുവിലും ഹൈദരാബാദ് സര്‍വകലാശാലയിലുമെല്ലാം അതു കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന രാഷ്ട്ര സങ്കല്‍പ്പത്തിനുതന്നെ സംഘപരിവാര്‍ എതിരാണ്. ദേശീയോദ്ഗ്രഥന സങ്കല്‍പ്പത്തിനും കേന്ദ്രഭരണം ഭീഷണി ഉയര്‍ത്തുന്നു. ബി.ജെ.പി ഭരണത്തില്‍ രാജ്യം സാമ്പത്തിക വളര്‍ച്ചാനിരക്ക് നേടിയെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

We use cookies to give you the best possible experience. Learn more