| Wednesday, 21st April 2021, 6:11 pm

പടനായകന് യുദ്ധം മടുത്തു, അദ്ദേഹമിനി മയിലുകള്‍ക്കിടയിലേക്കും യോഗയിലേക്കും തിരികെപ്പോകും

സുധ മേനോന്‍

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 ന് ആയിരുന്നു, നമ്മുടെ പ്രധാനമന്ത്രി കൊറോണക്ക് എതിരായ മഹാഭാരതയുദ്ധം തുടങ്ങിയത്. വെറും 21 ദിവസമാണ് ആ മഹാഭാരതയുദ്ധം ജയിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടത്. യുദ്ധം തുടങ്ങുമ്പോള്‍ തന്നെ അതിര്‍ത്തികള്‍ അടക്കാനാണ് പടനായകന്‍ ആവശ്യപെട്ടത്. ഒരൊറ്റ പ്രസംഗത്തില്‍ തന്നെ എല്ലാ സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ അടച്ചപ്പോള്‍, കുടിക്കാന്‍ വെള്ളമോ, ഭക്ഷണമോ, പണമോ ഇല്ലാതെ, വഴിപോക്കരുടെ കാരുണ്യം പോലുമില്ലാതെ, അര്‍ദ്ധപട്ടിണിയില്‍ ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യത്തിലെ പരമദരിദ്രരായ ജനത ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് നടക്കാന്‍ നിര്‍ബന്ധിതരായി.

അങ്ങനെ ലക്ഷക്കണക്കിന് സാധു മനുഷ്യരെ പൊരിവെയിലില്‍ നിര്‍ത്തിയും നടത്തിയും കൈകൊട്ടിയും ശംഖു വിളിച്ചും ഗായത്രി ചൊല്ലിയും ഒരു മഹാമാരിയെ പ്രതീകാത്മകമായി പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി. കുടിയേറ്റ തൊഴിലാളികളോട് ചെയ്ത അനീതിയെ ചോദ്യം ചെയ്തപ്പോള്‍ ദേശസ്‌നേഹത്തെക്കുറിച്ച് ഓര്‍മിപ്പിച്ചവരാരും തന്നെ കുംഭമേളയെക്കുറിച്ചും, ലക്ഷങ്ങള്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റാലികളെക്കുറിച്ചും ഒന്നും മിണ്ടിയില്ല.

ഇപ്പോള്‍ ഏറ്റവും വലിയ ആരോഗ്യ അടിയന്തിരാവസ്ഥയില്‍ രാജ്യം എത്തിനില്‍ക്കുമ്പോള്‍, മഹാഭാരത യുദ്ധത്തില്‍ തോറ്റുപോയി എന്ന് സമ്മതിക്കാതെ, പുതിയ വാക്‌സിന്‍ നയത്തിലൂടെ ഇന്നാട്ടിലെ സാധാരണജനങ്ങളെ മുഴുവന്‍ സ്വകാര്യകമ്പനികളുടെ ഔദാര്യത്തിന് കീഴിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. പുതിയ വാക്‌സിന്‍ നയം ഒട്ടും സുതാര്യവും, നീതിയുക്തവും അല്ല എന്ന വാസ്തവം ആരെയും അമ്പരപ്പിക്കും.

ഈ നയത്തിലൂടെ വാക്‌സിന്‍ നിര്‍മാതാക്കളായ മരുന്ന് കമ്പനികള്‍ക്ക് സ്വയം വില നിര്‍ണ്ണയിക്കാന്‍ കഴിയും എന്നത് മാത്രമല്ല, അമ്പതു ശതമാനം വാക്‌സിനുകള്‍ ഈ നിര്‍മ്മാതാക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള വിലക്ക് വിപണിയില്‍ വില്‍ക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും വാക്‌സിന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വിലകൊടുത്തു വാങ്ങണം.

കൂടാതെ, കേന്ദ്രത്തിനു അവര്‍ നല്‍കുന്ന അമ്പത് ശതമാനം വാക്‌സിനുകളും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കില്ല. അതും കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ വില കൊടുത്തു വാങ്ങേണ്ടി വരും എന്ന് കേള്‍ക്കുന്നു. ചുരുക്കത്തില്‍, എല്ലാ ഉത്തരവാദിത്വവും സംസ്ഥാനസര്‍ക്കാറുകളെ ഏല്‍പ്പിച്ചുകൊണ്ട്, വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് പൊതുവിപണിയില്‍ ഇഷ്ടമുള്ള വിലക്ക് വാക്‌സിന്‍ വില്‍ക്കാനും അതില്‍ നിന്നും വന്‍ലാഭം ഉണ്ടാക്കാനും ഉള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

ആരോഗ്യം പരമപ്രധാനമായ ഒരു മനുഷ്യാവകാശമാണ്. കൊവിഡ് ലോകം കണ്ട ഏറ്റവും വലിയ ആരോഗ്യ അടിയന്തിരാവസ്ഥയും. 259,170 പുതിയ രോഗികള്‍ ആണ് ഇന്ത്യയില്‍ ചൊവ്വാഴ്ച മാത്രം രേഖപ്പെടുത്തപ്പെട്ടത്. ശ്മശാനങ്ങളില്‍ മൃതദേഹവുമായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന, ഓക്‌സിജനും മരുന്നും കിട്ടാതെ മനുഷ്യര്‍ നെട്ടോട്ടം ഓടുന്ന ഈ സാഹചര്യത്തില്‍, എല്ലാ മനുഷ്യര്‍ക്കും ഏറ്റവും പെട്ടന്ന് സൗജന്യമായിട്ടോ സഹായ വിലയിലോ വാക്‌സിന്‍ എത്തിക്കേണ്ട സര്‍ക്കാര്‍ ആണ് മരുന്ന് കമ്പനികളുടെ ഔദാര്യത്തിലേക്ക് ഈ നാട്ടിലെ പൗരന്മാരുടെ ജീവനെ വലിച്ചിഴക്കുന്നത്.

ഇനി കൊവീഷീല്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കും, സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ആണ് ലഭ്യമാവുക. വാക്‌സിന്‍ നിര്‍മാതാക്കള്‍ ഏറെനാളായി ആവശ്യപെടുന്നതാണ് വില നിയന്ത്രണം എടുത്തുകളയണം എന്നുള്ളത്. ഈ വാക്‌സിന്‍ കമ്പനികള്‍ക്ക് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇഷ്ടം പോലെ ഗവേഷണ ധനസഹായവും, ലോണും ഒക്കെ നല്‍കിയിരുന്നു. എന്നിട്ടും, അവരുടെ അന്യായമായ ലാഭമോഹത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തത്, ജനങ്ങളുടെ ജീവനല്ല. ഏതു നയപരിപാടിയിലും എന്നത് പോലെ പൊതുമേഖലാ കമ്പനികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഒരു പങ്കാളിത്തവും ഉണ്ടായിരുന്നില്ല എന്നുകൂടി എടുത്തു പറയണം.

ഒരു വശത്ത് അമ്പരപ്പിക്കുന്ന വേഗതയില്‍ വൈറസ് വ്യാപിക്കുകയും, മറുവശത്ത്, ജനങ്ങള്‍ നിത്യ ദുരിതത്തിലും കൊടും പട്ടിണിയിലും കിടന്നു നരകിക്കുകയും ചെയ്യുന്ന സമയത്താണ് വാക്‌സിനേഷന്റെ എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങള്‍ക്കും, ലാഭം വാക്‌സിന്‍ കമ്പനികള്‍ക്കും നല്‍കി പതിവുപോലെ സാധുമനുഷ്യരുടെ അവകാശങ്ങള്‍ക്ക് ഒരു വിലയും നല്‍കാതിരിക്കുന്നത് എന്നത് ഒരു ജനക്ഷേമ സര്‍ക്കാരിനും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്.

ചുരുക്കത്തില്‍, ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയിലെ രോഗവ്യാപനം കൃത്യമായി പ്രതിരോധിക്കാനും, ജനങ്ങളുടെ മേലുള്ള ആഘാതം പരമാവധി കുറയ്ക്കാനും ശ്രമിക്കുന്നതിനും പകരം പൊള്ള വാഗ്ദാനങ്ങളിലൂടെയും, പ്രകടനപരതയിലൂടെയും ഇന്നാട്ടിലെ ജനങ്ങളെ അതിസമര്‍ത്ഥമായി കബളിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ തുനിഞ്ഞത്. പുതിയ വാക്‌സിന്‍ നയത്തിലും പ്രതിഫലിക്കുന്നത് സ്വകാര്യമേഖലയോടുള്ള അളവറ്റ വാത്സല്യം മാത്രമാണ്, ജനങ്ങളോടുള്ള കരുതല്‍ അല്ല.

ഇന്നലത്തെ പ്രസംഗവും പറയാതെ പറഞ്ഞത്, എല്ലാ യുദ്ധവും ഇനി ജനത നേരിട്ട് ചെയ്യാനാണ്, അത് വാക്‌സിന്‍ ആയാലും, ജീവിതസുരക്ഷ ആയാലും. പടനായകന് യുദ്ധം മടുത്തു. അദ്ദേഹം ഇനി മയിലുകള്‍ക്കിടയിലേക്കും യോഗയിലേക്കും തിരികെപ്പോകും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sudha Menon writes about Narendra Modi and BJP government

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more