| Thursday, 9th November 2023, 7:19 pm

കെ.ആര്‍. നാരായണനെ നമ്മള്‍ മറന്നുകഴിഞ്ഞിരിക്കുന്നു

സുധ മേനോന്‍

അന്ന് വാജ്പേയി ആയിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. പുതിയ നൂറ്റാണ്ടിന്റെ തുടക്കം. ആദ്യമായി അധികാരത്തില്‍ വന്ന സംഘപരിവാര്‍ ‘ഇന്ത്യന്‍ ഭരണഘടന’ മാറ്റിയെഴുതാന്‍ സമര്‍ത്ഥമായി ശ്രമിക്കുന്ന കാലം.

പക്ഷെ, അതിശക്തമായ എതിര്‍പ്പിലൂടെ ആ ശ്രമത്തെ എന്നന്നേക്കുമായി പരാജയപ്പെടുത്തിയത്, എക്കാലത്തും ഭരണഘടനാ ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ച, രാഷ്ട്രപതി എന്നാല്‍ ആചാരപദവിക്കപ്പുറം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവലാള്‍ കൂടിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തിയ മഹാനായ ഒരു മനുഷ്യനായിരുന്നു കെ.ആര്‍. നാരായണന്‍ എന്ന ബഹുമുഖ പ്രതിഭ.

ഭരണഘടന നമ്മളെയാണോ, നമ്മള്‍ ഭരണഘടനയെയാണോ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബി.ജെ.പി സര്‍ക്കാരിനെ നിശബ്ദമാക്കി. അത്തരം സംഭവങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.

തന്റെ നിശിതമായ ഒറ്റ ചോദ്യത്തിലൂടെ കെ. ആര്‍. നാരായണന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെയും റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിനെയും തന്നെയായിരുന്നു. എല്ലായ്പ്പോഴും, അദ്ദേഹം രാഷ്ട്രപതിയുടെ അധികാരത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ആ പദവിക്ക് വിശാലവും, നീതിയുക്തവുമായ ഭാഷ്യം ചമച്ചു.

2002ല്‍ ഗുജറാത്ത് വംശഹത്യയുടെ സമയത്ത്, നമ്മുടെ രാഷ്ട്രവും സമൂഹവും നേരിടുന്ന കടുത്ത പ്രതിസന്ധിയായി അതിനെ വിശേഷിപ്പിച്ച നാരായണന്‍, ഗുജറാത്തിലേക്ക് പട്ടാളത്തെ അയക്കാന്‍ വാജ്‌പേയിയോട് നിര്‍ദേശിക്കുകയും ചെയ്തു.

പിന്നീട്, തന്നെ തേടി ദല്‍ഹിയിലെത്തിയ കലാപത്തിന്റെ ഇരകളെ അദ്ദേഹവും ഭാര്യയും നേരില്‍ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തത് ഉദാത്തമായ ധാര്‍മിക ബോധത്തിന്റെയും ഭരണഘടനക്ക് ഒരു പൗരനോടുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്വം തിരിച്ചറിഞ്ഞതിന്റെയും പ്രതിഫലനമാണ്.

വി.ഡി. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന ശുപാര്‍ശ അംഗീകരിക്കാതിരിക്കാന്‍ കെ.ആര്‍ നാരായണന് കൂടുതല്‍ ആലോചനകള്‍ ആവശ്യമായിരുന്നില്ല.

ഇന്ത്യന്‍ രാഷ്ട്രപതി എന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ ഭൃത്യനോ, വെറും റബ്ബര്‍ സ്റ്റാമ്പോ അല്ലെന്നും, നിരന്തരം പ്രവര്‍ത്തന സന്നദ്ധനായ, സര്‍ക്കാരിലും ജനങ്ങളിലും ‘സോഫ്റ്റ് പവര്‍’ ഉപയോഗിക്കാന്‍ ശേഷിയുള്ള അത്യുന്നതമായ ഭരണഘടനാപദവി ആണെന്നും അദ്ദേഹം വാക്കുകള്‍ കൊണ്ടും പ്രവൃത്തി കൊണ്ടും സദാ തെളിയിച്ചുകൊണ്ടിരുന്നു.

സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തില്‍ നിന്ന്, ഇന്നാട്ടിലെ ചൂടും, പൊടിയും ഏറ്റുവളര്‍ന്ന ഒരാള്‍ രാഷ്ട്രപതിയാകുന്നത് രാജ്യത്തെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ മുഖ്യധാരയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ തുടക്കമായിട്ടാണ് കാണേണ്ടത് എന്ന് അദ്ദേഹം സ്ഥാനമേറ്റെടുത്തപ്പോള്‍ തന്നെ കൃത്യമായി പറഞ്ഞിരുന്നു.

നെഹ്റുവിയന്‍ ആധുനികതയും, ശാസ്ത്രബോധവും, മതേതരത്വവും കൃത്യമായി പിന്തുടര്‍ന്ന ഒരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കാലത്ത്, രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പുതുവര്‍ഷ കലണ്ടറുകളില്‍ നെഹ്റുവും ഐന്‍സ്റ്റീനും സ്ഥാനം പിടിക്കുകയും ‘ശാസ്ത്രവും മാനവികതയും തമ്മിലുള്ള കൂടിച്ചേരലാണ് ഭാവിലോകത്തിനു ആവശ്യം’ എന്ന നെഹ്റുവിന്റെ വാക്കുകള്‍ അതില്‍ ചേര്‍ക്കുകയും ചെയ്തു.

അതേസമയം അംബേദ്കര്‍ മുന്നോട്ടു വെച്ച ‘സാമൂഹ്യനീതി’യെ നെഹ്റുവും ഗാന്ധിജിയും അവഗണിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഗാന്ധിയന്‍ ധാര്‍മികതയുടെയും, നെഹ്റുവിയന്‍ ആധുനികതയുടെയും, അംബേദ്കറിയന്‍ സാമൂഹ്യദര്‍ശനത്തിന്റെയും അടിത്തറയില്‍ പടുത്തുയര്‍ത്തിയ വിശാലമായ ലോകബോധമായിരുന്നു കെ.ആര്‍. നാരായണന്‍ പിന്തുടര്‍ന്നത്.

സാമൂഹ്യനീതിയും സാമൂഹ്യ ജനാധിപത്യവുമാണ് ഇന്ത്യന്‍ ഭരണഘടനയുടെ രണ്ടു പ്രധാനപ്പെട്ട നെടുംതൂണുകള്‍ എന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടാണ് സ്വാമി അഗ്നിവേശിനെ കേള്‍ക്കാനും, ഒഡീഷയിലെ ആദിവാസികളുടെ മേലുള്ള കോര്‍പറേറ്റ് ചൂഷണത്തെ വിമര്‍ശിക്കാനും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ ഗാന്ധിവധത്തിനു ശേഷം നടന്ന ഏറ്റവും വലിയ ദുരന്തമായി വിലയിരുത്താനുമൊക്കെ അദ്ദേഹത്തിന് കഴിഞ്ഞത്.

അതുകൊണ്ടാണ്, സ്വകാര്യസ്ഥാപനങ്ങളില്‍ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും സംവരണം നല്‍കേണ്ടത് ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ അനിവാര്യമാണെന്ന് ആഗോളവല്‍ക്കരണ, സ്വകാര്യവത്കരണ നയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ നിര്‍ദേശിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ ദളിത് പ്രസിഡന്റായ നാരായണനാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കീഴ്‌വഴക്കം തുടങ്ങി വച്ചത്. ആദ്യത്തെ മലയാളി രാഷ്ട്രപതിയും അദ്ദേഹമായിരുന്നു. ആദ്യമായി തന്റെ സമുദായത്തില്‍ നിന്ന് ഒന്നാം ക്ലാസോടെ എം.എ ബിരുദം നേടിയ വിദ്യാര്‍ത്ഥി കൂടിയായിരുന്നു നാരായണന്‍.

തിരുവിതാംകൂര്‍ രാജാവ് കാണാന്‍ വിസമ്മതിച്ചത് കൊണ്ട് ബിരുദദാനച്ചടങ്ങ് ബഹിഷ്‌കരിച്ച ആത്മാഭിമാനി. വിഖ്യാത രാഷ്ട്രീയ ചിന്തകന്‍ ഹാരോള്‍ഡ് ലാസ്‌കിയുടെ പ്രിയശിഷ്യന്‍.

അതിസമര്‍ത്ഥനായ ഡിപ്ലോമാറ്റ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് 1976ല്‍ ചൈനയുമായുള്ള നയതന്ത്രം പുനഃസ്ഥാപിക്കുമ്പോള്‍ ആ മിഷന്‍ നയിക്കാന്‍ ഇന്ദിരാഗാന്ധി നാരായണനെ തന്നെ തെരഞ്ഞെടുത്തത്.

നമ്മുടെ ഭരണഘടനാ മൂല്യങ്ങളും സ്ഥാപനങ്ങളും ഓരോന്നായി അട്ടിമറിക്കപ്പെടുകയും, നിശ്ശബ്ദതയുടെയും അനുസരണയുടെയും സംസ്‌കാരം ഇന്ത്യക്കാരുടെ ജീവനകലയായി ആഘോഷിക്കപ്പെടുകയും, നെഹ്റുവിയന്‍ ആധുനികതയുടെ മുകളില്‍ വര്‍ഗീയതയുടെയും അന്ധവിശ്വാസങ്ങളുടെ ഗോപുരങ്ങള്‍ കെട്ടിയുയര്‍ത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത്, ഭരണഘടനയുടെ അനന്യത എന്നും ഉയര്‍ത്തിപിടിച്ച കെ. ആര്‍. നാരായണന്‍ എന്ന മുന്‍ രാഷ്ട്രപതി ഏറെ പ്രസക്തനാകുന്നുണ്ട്.

പക്ഷെ, വേദനയോടെ പറയട്ടെ, കെ. ആര്‍. നാരായണനെ നമ്മള്‍ മറന്നു കഴിഞ്ഞിരിക്കുന്നു. ഇന്ന്, അദ്ദേഹത്തിന്റെ നൂറ്റിയൊന്നാം ജന്മദിനത്തില്‍ കേരളത്തിലെങ്കിലും കെ.ആര്‍. നാരായണന്‍ ഓര്‍മിക്കപ്പെടേണ്ടതല്ലേ? എന്തൊരു മനുഷ്യരാണ് നമ്മള്‍!

മഹാനായ കെ.ആര്‍. നാരായണന്റെ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം.

( 2 വര്‍ഷം മുന്‍പ് എഴുതിയത്. ഇപ്പൊഴും പ്രസക്തം..)

Content Highlight: Sudha Menon writes about KR Narayanan

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

Latest Stories

We use cookies to give you the best possible experience. Learn more