ഖാര്‍ഗെയെ ഇറ്റലിക്കാരി മദാമയുടെ അടുക്കളക്കാരന്‍ എന്ന് വിളിച്ചവര്‍ തന്നെയാണ് റിഷി സുനകിനെ ആഘോഷിക്കുന്നത്
DISCOURSE
ഖാര്‍ഗെയെ ഇറ്റലിക്കാരി മദാമയുടെ അടുക്കളക്കാരന്‍ എന്ന് വിളിച്ചവര്‍ തന്നെയാണ് റിഷി സുനകിനെ ആഘോഷിക്കുന്നത്
സുധാ മേനോൻ
Tuesday, 25th October 2022, 11:34 am

‘സോണിയ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ ഞാന്‍ തല മൊട്ടയടിച്ച്, സിന്ദൂരം ഉപേക്ഷിച്ച്, വെള്ളയുടുത്ത്, കടല മാത്രം കഴിച്ച് കട്ടിലുപേക്ഷിച്ച് നിലത്ത് കിടന്നുറങ്ങും. ഒരു ഹിന്ദു വിധവയെപ്പോലെ ജീവിക്കും’

ഈ വാക്കുകള്‍ ആരും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു. പറഞ്ഞത് മറ്റാരുമല്ല. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജ് ആയിരുന്നു.

2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും സോണിയ ഗാന്ധി പ്രധാനമന്ത്രി ആകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തപ്പോള്‍ ആയിരുന്നു അവര്‍ അങ്ങനെ പറഞ്ഞത്. മാത്രമല്ല, ഒരു വിദേശി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനു എതിരെ ദേശവ്യാപകമായി സമരം നടത്താനും ബി.ജെ.പി നിശ്ചയിച്ചു.

സോണിയ ഗാന്ധി പ്രധാനമന്ത്രി ആയാല്‍ ബി.ജെ.പി രണ്ടാം സ്വാതന്ത്ര്യ സമരം ആരംഭിക്കുമെന്ന് പറഞ്ഞത് ബി.ജെ.പിയുടെ അന്നത്തെ ഉപാധ്യക്ഷന്‍ ആയിരുന്ന ബാബുലാല്‍ മറണ്ടി ആയിരുന്നു.

എന്തായാലും ഒന്നും വേണ്ടി വന്നില്ല. ആത്മാഭിമാനമുള്ള സോണിയാഗാന്ധി ഒഴിഞ്ഞുമാറി. വര്‍ഷങ്ങള്‍ക്കുശേഷം സുഷമാസ്വരാജ് അന്തരിച്ചപ്പോള്‍ സോണിയാഗാന്ധിയും മകനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.

ചുവന്ന സിന്ദൂരവും പട്ടുസാരിയും അണിഞ്ഞുകൊണ്ട് ‘സുമംഗലിയായി’ യാത്രക്കൊരുങ്ങിയ സുഷമാസ്വരാജിനെ നോക്കി ആദരവോടെ അവര്‍ കൈകൂപ്പി. ഹൃദയസ്പര്‍ശിയായ ഒരു കത്ത് അവരുടെ ഭര്‍ത്താവിന് എഴുതുകയും ചെയ്തു.

ജീവിതപങ്കാളിയെ അകാലത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു സ്ത്രീ ആണല്ലോ സോണിയ ഗാന്ധിയും.
സോണിയ ഗാന്ധി എന്നും അങ്ങനെ ആയിരുന്നു. അതുകൊണ്ടാണ് ഭര്‍ത്താവിനെ ദാരുണമായി കൊന്ന കുറ്റത്തിന് ജയിലില്‍ കിടന്ന നളിനിയോട് പോലും ക്ഷമിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്.

ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ. 2012 സെപ്തംബര്‍ മാസം ഒന്‍പതിന്, ധവളവിപ്ലവത്തിന്റെ പിതാവും ഗുജറാത്ത് മാതൃകയുടെ ‘യഥാര്‍ത്ഥ’ അവകാശികളില്‍ ഒരാളുമായ വര്‍ഗീസ് കുര്യന്റെ മൃതദേഹം, ആനന്ദിലെ അമുല്‍ ഡയറിയുടെ സര്‍ദാര്‍ പട്ടേല്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വെച്ചിരിക്കുന്ന സമയം, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ആ ഹാളില്‍ നിന്നും വെറും ഇരുപതു കിലോമീറ്ററിന് അപ്പുറത്ത് നദിയാദില്‍ പുതിയ കലക്ട്രേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നുണ്ടായിരുന്നു.

ഗുജറാത്തിലെ ഗ്രാമീണമേഖലയില്‍ എമ്പാടും സമൃദ്ധിയുടെ ‘നറുംപാല്‍കറന്ന’ ഇന്ത്യ കണ്ട ഏറ്റവും മികച്ച ‘Institution Builder’അവസാനമായി താന്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഗുജറാത്തികളോട്, യാത്ര പറയവേ, അതേ ഗുജറാത്തിന്റെ മുഖ്യമന്ത്രി, കുര്യന്റെ മൃതശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാതെ ഔദ്യോഗികബഹുമതികള്‍ പോലും ജീവനറ്റ ആ ശരീരത്തിന് നിഷേധിച്ചുകൊണ്ട് തൊട്ടടുത്തുകൂടി മടങ്ങിപ്പോയി. കാരണം, ‘പക വീട്ടാനുള്ളതാണ്’ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

ഇന്ന്, ഇന്ത്യന്‍ വംശജനായ റഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്നതില്‍ ഇന്ത്യക്കാര്‍ അതിരറ്റ് ആഹ്ളാദിക്കുന്നത് കാണുമ്പോള്‍ എനിക്കും സന്തോഷമേയുള്ളൂ. പക്ഷെ അതേ വിചിത്രമനുഷ്യര്‍ തന്നെയാണ് സോണിയ ഗാന്ധിയെ ഇറ്റലിക്കാരി മദാമ ആക്കുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ.

ഇറ്റലിക്കാരി മദാമ്മയുടെ പാവാട കഴുകുന്നവര്‍’ എന്ന് കോണ്‍ഗ്രസുകാരെ നിരന്തരം ആക്ഷേപിക്കുന്നത് അവര്‍ തന്നെയാണ്. സോണിയ ഗാന്ധി ഇന്ത്യയില്‍ വരുന്നതിനു മുന്‍പ്-ഏതാണ്ട് 54 വര്‍ഷങ്ങള്‍ക്കു മുന്‍പ്- തന്നെ ഐ.എന്‍.ടി.യു.സി നേതാവും മികച്ച സംഘാടകനും ആയി മാറിയിരുന്ന ഇന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെജിയെ ‘ഇറ്റലി മദാമ്മയുടെ അടുക്കളക്കാരന്‍/ വിഴുപ്പ് അലക്കുന്നവന്‍ ‘ എന്ന് വിളിക്കുന്നതും ഇതേ മനുഷ്യര്‍ ആണ്.

സുഹൃത്തുക്കളെ, താടി ഉണ്ടായാല്‍ മാത്രം ആരും ടാഗോര്‍ ആവില്ല. അതിന് രാജ്യാതിര്‍ത്തികള്‍ കടന്നു നില്‍ക്കുന്ന വിശാലമായ മാനവികബോധം കൂടി വേണം. അതുകൊണ്ട്, ഇന്നത്തെ ദിവസം, എന്റെ അഭിവാദ്യങ്ങള്‍ അധികാര നിരാസത്തിലൂടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച സോണിയ ഗാന്ധിക്ക് ആണ്.

CONTENT HIGHLIGHT: Sudha Menon write up sangh parivar celebrating Rishi Sunak those who insulted Sonia Gandhi as an Italian