അപൂര്‍വം ചില മനുഷ്യര്‍ അങ്ങനെയാണ്. പ്രലോഭനങ്ങള്‍ക്ക് മുന്നിലോ, രാഷ്ട്രീയമായും വ്യക്തിപരമായുമുള്ള വേട്ടയാടലുകള്‍ക്ക് മുന്നിലോ പതറാതെ, താന്‍ ഭാഗമായ പ്രസ്ഥാനത്തിന് വേണ്ടി ഒരു വന്‍ഹിമാലയം പോലെ നിലകൊള്ളും. നിര്‍ഭയനായി.
പാര്‍ട്ടിയുടെ വസന്തകാലത്ത് കൊട്ടാരങ്ങളില്‍ ഉണ്ടുറങ്ങിയവര്‍, ഗ്രീഷ്മകാലത്ത് പാര്‍ട്ടി വിട്ടുപോവുക മാത്രമല്ല ആത്മകഥയെഴുതി നാണം കെടുത്തുകയും ചെയുന്ന ഒരു കാലത്താണ് ഡി.കെ. ശിവകുമാര്‍ എന്ന നേതാവ് യഥാര്‍ത്ഥ ഹീറോ ആകുന്നത്.
സാമ്പത്തികനഷ്ടങ്ങളും ജയില്‍വാസവും മാത്രമാണ് ഒരു പക്ഷെ തന്നെ കാത്തിരിക്കുക എന്ന തിരിച്ചറിവിലും അയാള്‍ തന്റെ ശരികളിലൂടെ മാത്രം നടന്നു. കഴിഞ്ഞ കുറെ നാളുകളായി രാജ്യമെമ്പാടും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അയാള്‍ പകര്‍ന്നു നല്‍കിയത് അതിരറ്റ ആത്മവിശ്വാസമായിരുന്നു. കരിയറിസ്റ്റുകളും ഭാഗ്യാന്വേഷികളും ഏറെയുള്ള ഒരു കാലത്ത്, സ്വന്തം രാഷ്ട്രീയബോധ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ശിവകുമാര്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണിത്. ഡി.കെ. ശിവകുമാറിന്റെ പോരാട്ടവീര്യത്തിന് അഭിവാദ്യങ്ങള്‍..
ഓര്‍ക്കുക, കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ചരിത്രത്തില്‍ മെയ് 13 മറക്കാനാവാത്ത ദിവസമാണ്. 1952 മെയ് 13 നാണ് ആദ്യത്തെ പാര്‍ലമെന്റ് സെഷന്‍ ആരംഭിച്ചത്. അന്ന് ജവാഹര്‍ലാല്‍ നെഹ്റു നയിച്ച കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ 364 സീറ്റുണ്ടായിരുന്നു. ഭാരതീയ ജനസംഘത്തിന് വെറും മൂന്ന് സീറ്റും!
ആ ഓര്‍മ്മയില്‍ നിന്നും ഊര്‍ജം കണ്ടെത്തി മുന്നോട്ട് നീങ്ങാന്‍ ഇന്നത്തെ ഈ വിജയം സഹായകമാകട്ടെ..