| Sunday, 12th February 2023, 1:28 pm

'മോദി മാജിക്' കാലത്തെ അവകാശവാദവും പൊരുത്തപ്പെടാത്ത കണക്കുകളും

സുധാ മേനോൻ

പ്രിയപ്പെട്ട പ്രധാനമന്ത്രി, ഒരിക്കലും ഉത്തരം കിട്ടില്ലെങ്കിലും ചില സാധാരണ ചോദ്യങ്ങള്‍ ഈ മഹാരാജ്യത്തിലെ ഒരു ‘സാധാരണ’ മനുഷ്യജീവി എന്ന നിലയില്‍ ചോദിച്ചോട്ടെ..
എന്തടിസ്ഥാനത്തിലാണ് അങ്ങ് 2004-2014 കാലഘട്ടത്തെ ‘നഷ്ടപ്പെട്ട ദശകം'(lost decade) എന്ന് ലോക്‌സഭയില്‍ പറഞ്ഞത്? അങ്ങയുടെ പ്രസംഗം കേട്ടാല്‍ ആര്‍ക്കും തോന്നുന്നത്, ഇന്ത്യയുടെ സാമൂഹ്യ-രാഷ്ട്രീയ സാമ്പത്തിക ഘടന മുഴുവന്‍ പൊളിച്ചടുക്കി നശിപ്പിച്ച് പത്തു വര്‍ഷം നഷ്ടപ്പെടുത്തിയ മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് നിന്നും, ഒരു മാന്ത്രികനെപ്പോലെ അങ്ങ് ഇന്ത്യയെ തിരികെപ്പിടിച്ച്, വളര്‍ത്തിവലുതാക്കി ലോകത്തിന്റെ നെറുകയില്‍ എത്തിച്ചു എന്നാണ്. അങ്ങയുടെ ആ മാന്ത്രികവടിയാണ് ഭാവിഇന്ത്യക്ക് അനിവാര്യം എന്ന് അഭിമാനത്തോടെ താങ്കള്‍ സഭയില്‍ പറയുന്നത് കെട്ടവരാണ് നമ്മള്‍.
പക്ഷെ, ബഹുമാന്യനായ പ്രധാനമന്ത്രീ, കണക്കുകള്‍ പരിശോധിക്കുമ്പോള്‍, അങ്ങയുടെ ആ മാന്ത്രികസ്പര്‍ശം എവിടെയും കാണുന്നില്ലല്ലോ. ചില അടിസ്ഥാനകാര്യങ്ങള്‍ മാത്രം നമുക്ക് പരിശോധിക്കാം.

ഉദാഹരണത്തിന് സാമ്പത്തികവളര്‍ച്ചയുടെ കാര്യമെടുത്താല്‍ ‘നഷ്ടപ്പെട്ട ദശകം എന്ന് പറയണമെങ്കില്‍ അഭൂതപൂര്‍വമായ വളര്‍ച്ചാ നിരക്ക് ‘മോദി മാജിക്ക്’ കാരണം ഉണ്ടാകണമല്ലോ. എന്നാല്‍ ഔദ്യോഗികകണക്കുകള്‍ കാണിക്കുന്നത് ഇങ്ങനെയാണ്.

ജി.ഡി.പി വളര്‍ച്ചാനിരക്ക് യു.പി.എ കാലം: 2004-7.92 ശതമാനം, 2005-7.92 ശതമാനം, 2006-8.1 ശതമാനം, 2007- 7.7 ശതമാനം, 2008-3.1 ശതമാനം, 2009-7.9 ശതമാനം, 2010-8.5 ശതമാനം, 2011-5.24 ശതമാനം, 2012-5.4 ശതമാനം, 2013-6.4 ശതമാനം. യു.പി.എയുടെ അവസാനവര്‍ഷങ്ങളില്‍ ആഗോളസാമ്പത്തികമാന്ദ്യവും, കാര്‍ഷികതകര്‍ച്ചയും കാരണം സാമ്പത്തികവളര്‍ച്ച കുറഞ്ഞു എന്നത് സത്യമാണ്.

ഇനി മോദികാലം നോക്കാം: 2014-7.41 ശതമാനം, 2015-8 ശതമാനം, 2016-8.26 ശതമാനം, 2017-6.8 ശതമാനം, 2018-6.45 ശതമാനം, 2019-3.74 ശതമാനം, 2020-6.6 ശതമാനം, 2021-8.7 ശതമാനം, 2022- ഏഴ് ശതമാനം.

ആനുപാതികമായ വളര്‍ച്ചയും തളര്‍ച്ചയും അല്ലാതെ എവിടെയാണ് നമുക്ക് മോദിയുടെ അസാധാരണമായ ‘മാന്ത്രികസ്പര്‍ശം’ കാണാന്‍ കഴിയുന്നത്? ‘നഷ്ടപ്പെട്ട ദശകം’ എന്ന് ആക്ഷേപിക്കാന്‍ മാത്രം അത്രമേല്‍ മോശമായിരുന്നില്ല യു.പി.എ കാലം എന്നും ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന് അഭിമാനിക്കാന്‍ മാത്രം അത്ര ഗംഭീരമായിരുന്നില്ല ഈ സര്‍ക്കാര്‍ എന്നും കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്.

ഇന്ത്യയുടെ ലീ ക്വാന്‍ എന്ന് അങ്ങയെ പലരും വിശേഷിപ്പിക്കാറുണ്ട്. പക്ഷെ, അങ്ങയുടെ കാലത്തെയും മന്‍മോഹന്‍ കാലത്തെയും മാനുഫാക്ചറിങ്‌ രംഗത്തെ വളര്‍ച്ച ജി.ഡി.പി യുടെ എത്ര ശതമാനം ആണെന്ന് നമുക്ക് നോക്കാം.

മാനുഫാക്ചറിങ്‌  രംഗത്തെ വളര്‍ച്ച യു.പി.എ കാലം: 2004- 15.83 ശതമാനം, 2005-15.97 ശതമാനം, 2006-17.3 ശതമാനം, 2007-16.8 ശതമാനം, 2008-17.10 ശതമാനം, 2009-17.14 ശതമാനം, 2010-17.03 ശതമാനം, 2011-16.14 ശതമാനം, 2012-15.82 ശതമാനം, 2013-15.25 ശതമാനം.

ഇനി മോദിയുടെ മാന്ത്രികസ്പര്‍ശം ഏറ്റ കാലം: 2014-15.07 ശതമാനം, 2015-15.58 ശതമാനം, 2016-15.16 ശതമാനം, 2017-15.02 ശതമാനം, 2018- 14.88 ശതമാനം, 2019-13.47 ശതമാനം, 2020-13.68 ശതമാനം, 2021-13.98 ശതമാനം.
മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങി നിരവധി മുദ്രാവാക്യങ്ങളും, ആവേശം ഉണര്‍ത്തിയ പ്രഖ്യാപനങ്ങളും ഉണ്ടായിട്ടും, ഇന്ത്യ മാറ്റത്തിലേക്ക് കുതിക്കുകയാണ് എന്ന പൊതുബോധം സൃഷ്ടിച്ചിട്ടും, നിര്‍ഭാഗ്യവശാല്‍ മാനുഫാക്ച്വിങ് രംഗത്ത് ഒട്ടും വളര്‍ച്ച അങ്ങയുടെ ഭരണകാലത്ത് ഉണ്ടായിട്ടില്ല. നേരെ മറിച്ച്, മന്‍മോഹന്‍സിംഗ് അങ്ങനെ യാതൊരു അവകാശവാദവും മുഴക്കിയിരുന്നില്ല. എന്നിട്ടും ഇന്നത്തെക്കാള്‍ സ്ഥിതി എത്രയോ ഭേദമായിരുന്നു എന്ന് കണക്കുകള്‍ പറയുന്നു. അപ്പോള്‍, ഏതാണ് സര്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ട ദശകം?

ഇനി തൊഴിലില്ലായ്മയുടെ കണക്കുകള്‍ കാണാം.

യു.പി.എ കാലം: 2004-5.6 ശതമാനം, 2005-5.6 ശതമാനം, 2006-5.45 ശതമാനം, 2007-5.3 ശതമാനം, 2008-5.3 ശതമാനം, 2009-5.5 ശതമാനം, 2010-5.5 ശതമാനം, 2011- 5.4 ശതമാനം, 2012-5.4 ശതമാനം, 2013-5.4 ശതമാനം.

മോദി മാജിക് കാലം: 2014-5.4 ശതമാനം, 2015- 5.4 ശതമാനം, 2016- 5.42 ശതമാനം, 2017-5.3 ശതമാനം, 2018-5.3 ശതമാനം, 2019- 5.27 ശതമാനം, 2020-8 ശതമാനം, 2021-5.98 ശതമാനം, 2022-8.3 ശതമാനം. 2014 മുതല്‍ ഉള്ള ദശകം ഇന്ത്യയുടേത് ആണെന്നും, അതിനു മുന്‍പുള്ള ഒരു ദശകം തോറ്റ ദശകം ആണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് തൊഴിലില്ലായ്മയുടെ കണക്കുകള്‍ സൂക്ഷിച്ചു നോക്കിയിട്ട് നിങ്ങള്‍ സ്വയം തീരുമാനിക്കൂ.

ഒരു കാര്യം കൂടി പറയാം. യുവാക്കള്‍ക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇനി ആ വിഷയത്തില്‍ കണക്കുകള്‍ എന്താണ് പറയുന്നത് എന്ന് നോക്കാം.
യു.പി.എ കാലം: 2004-17.16 ശതമാനം, 2005-17.3 ശതമാനം, 2006-17.6 ശതമാനം, 2007- 18.5 ശതമാനം, 2008-18.1 ശതമാനം, 2009-18.9 ശതമാനം, 2010-19.47 ശതമാനം ,2011- 19.6 ശതമാനം, 2012-20.1 ശതമാനം, 2013-20.6 ശതമാനം.

മോദിമാജിക്: 2014-,21.2 ശതമാനം, 2015-21.7, 2016-22.2 ശതമാനം, 2017-22.5, 2018- 23.5 ശതമാനം, 2019-22.7 ശതമാനം, 2020-24.9 ശതമാനം, 2021-28.26 ശതമാനം
അങ്ങ് മാന്ത്രികവടി വീശിയപ്പോള്‍ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ വര്‍ധിച്ച് ആകാശത്തു എത്തി നില്‍ക്കുന്നത് ഇടക്കെങ്കിലും ഒന്ന് നോക്കണം.

ഇനി മിഡ് ഡേ മീല്‍ പദ്ധതി, NREGA, ICDS, National Social Assistance Program, PMMVY എന്നീ അഞ്ചു സുപ്രധാനപദ്ധതികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് GDPയുടെ എത്ര ശതമാനം ആണെന്ന് നമുക്ക് നോക്കാം( Source: Budget outlay. Graph prepared by Ritika Khera and Jean Dreze,2023).

യു.പി.എ കാലം: 2006- 0.55 ശതമാനം, 2007-0.56 ശതമാനം, 2008-0.89 ശതമാനം, 2009-0.93 ശതമാനം, 2010-0.84 ശതമാനം, 2011- 0.77 ശതമാനം, 2012-0.70 ശതമാനം, 2013-0.66 ശതമാനം,
ഇനി മോദി കാലം: 2014-0.62 ശതമാനം, 2015-0.51 ശതമാനം, 2016-0.54 ശതമാനം, 2017-0.56 ശതമാനം, 2018-0.55 ശതമാനം, 2019- 0.57 ശതമാനം, 2020-0.63 ശതമാനം, 2021-0.58 ശതമാനം, 2022-0.49 ശതമാനം, 2023-0.36 ശതമാനം.

നോക്കൂ, ഈ സുപ്രധാന സാമൂഹ്യക്ഷേമ പരിപാടികള്‍ക്ക് വേണ്ടി മോദിസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ചിലവാക്കിയിരിക്കുന്നത് കോവിഡിന്റെ കാലത്ത് മാത്രമാണ്- 2020ല്‍. അതും ഏഉജ യുടെ വെറും 0.63 ശതമാനം. ഇത്തരം പ്രതിസന്ധികള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലും യുപിഎ സര്‍ക്കാരുകള്‍ ചിലവാക്കിയ തുക മോദി സര്‍ക്കാരിനെ അപേക്ഷിച്ച് വളരെക്കൂടുതല്‍ ആണ്. സാമൂഹ്യക്ഷേമ ബജറ്റ് ഏറ്റവും കുറവുള്ള സര്‍ക്കാര്‍ ആണിത്.

സ്വച്ച് ഭാരത് മിഷന്‍, ഉജ്വല സ്‌കീം തുടങ്ങിയ പല നല്ല പദ്ധതികളും അങ്ങ് തുടങ്ങി വെച്ചത് മറക്കുന്നില്ല. അഭിനന്ദനാര്‍ഹമാണ്. പക്ഷെ, ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ സാമൂഹ്യസുരക്ഷാപദ്ധതികള്‍ ആയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാനിയമം എന്നിവ നടപ്പിലാക്കിയതും, വിദ്യാഭ്യാസം മൌലികാവകാശമാക്കിയതും, വിവരാവകാശനിയമം കൊണ്ടുവന്നതും ആരാണ് എന്നും കൂടി അങ്ങ് ഓര്‍ക്കണം. ഈ പൊതുനയങ്ങള്‍ കാരണം, ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടായ ഒരു കാലത്തെയാണ് അങ്ങ് ഒറ്റയടിക്ക് ‘നഷ്ടപ്പെട്ട ദശകം’ എന്ന് സഭയില്‍ പരിഹസിച്ചത്. മന്‍മോഹന്‍സിംഗ് തകര്‍ത്തുകളഞ്ഞ ഇന്ത്യയെ പുനരുജീവിപ്പിക്കുകയാണ് അങ്ങ് ചെയ്തത് എന്ന അവകാശവാദം എത്രമേല്‍ വാസ്തവവിരുദ്ധമാണ് എന്ന് മുകളിലെ കണക്കുകള്‍ കാണിക്കുന്നു.

യു.പി.എ സര്‍ക്കാരുകളുടെ എല്ലാ നയങ്ങളെയും പിന്തുണയ്ക്കുന്ന ഒരാള്‍ അല്ല ഞാന്‍. പക്ഷെ, ഇന്ത്യയുടെ പ്രധാനമന്ത്രി സഭയില്‍ രേഖകളുടെ പിന്‍ബലം ഇല്ലാതെ നടത്തിയ നാടകീയപ്രസംഗത്തെ എതിര്‍ക്കാന്‍ അതൊന്നും കാരണങ്ങള്‍ അല്ല. രാഹുല്‍ ഗാന്ധിയുടെ ന്യായമായ സംശയങ്ങള്‍ രേഖയില്‍ നിന്ന് നീക്കാന്‍ കാണിച്ച ആവേശം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനോട് സ്പീക്കര്‍ കാണിച്ചില്ല എന്നും നമ്മള്‍ അറിയണം. ഏതു രേഖയുടെ അടിസ്ഥാനത്തില്‍ ആണ് ‘നഷ്ടപ്പെട്ട ദശകം’ എന്ന് ബഹുമാന്യനായ പ്രധാനമന്ത്രി പറഞ്ഞത്? എന്തുകൊണ്ടാണ് അതിനെ സാധൂകരിക്കുന്ന ഒരു രേഖയും ചോദിക്കാനുള്ള ആര്‍ജവം സ്പീക്കര്‍ കാണിക്കാത്തത്? എന്തുകൊണ്ടാണ് ഒരു വരി പോലും രേഖകളില്‍ നിന്നും നീക്കാത്തത്?

ഇതൊന്നും അങ്ങയില്‍ നിന്നും ഉത്തരം കിട്ടുന്ന ചോദ്യങ്ങള്‍ അല്ലെന്നറിയാം. മാധ്യമങ്ങള്‍ ചര്‍ച്ച ചെയില്ലെന്നും അറിയാം. എങ്കിലും, സ്വതന്ത്രഇന്ത്യയില്‍ ആദ്യമായി തൊഴിലും വരുമാനവും ജനതയുടെ ‘അവകാശമാക്കി’ മാറ്റിയ ഒരു സര്‍ക്കാരിനെയും, ആഗോള മാന്ദ്യത്തിന്റെ കാലത്തും ഇന്ത്യന്‍ സമ്പദ്ഘടന തകര്‍ന്നുപോകാതെ പിടിച്ചുനിര്‍ത്തിയ വയോധികനായ മുന്‍പ്രധാനമന്ത്രിയെയും അകാരണമായി ആക്ഷേപിക്കുന്നത് മൌനമായി കണ്ടു നില്ക്കാന്‍ എനിക്ക് കഴിയില്ലല്ലോ. ഈ ഫോട്ടോയില്‍ കാണുന്നത് പോലെ പരസ്പരബഹുമാനമാണ് ജനാധിപത്യത്തിന്റെ അന്തസത്ത. അവഹേളനം അല്ല.

Content Highlight: Sudha Menon’s Write up about Modi Government and UPA Government

സുധാ മേനോൻ

We use cookies to give you the best possible experience. Learn more